ലോകോത്തരനിലവാരമുള്ള ആനിമേഷന്‍ സൃഷ്ടികള്‍ ലക്ഷ്യമിട്ട് ഏരീസ് എപിക്കയും എക്സെൻട്രിക്സ് സ്റ്റുഡിയോസും ഒന്നിക്കുന്നു

0

ലോകോത്തര ആനിമേഷൻ സൃഷ്ടികൾ നിർമ്മിക്കുവാൻ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ആനിമേഷൻ സ്റ്റുഡിയോ സജ്ജമാക്കാൻ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഏരീസ് എപിക്കയും ബെംഗളൂരു ആസ്ഥാനമായ എക്സെൻട്രിക്സ് സ്റ്റുഡിയോസും ഒന്നിക്കുന്നു. എക്സെൻട്രിക്സ് സ്റ്റുഡിയോസ് അറ്റ് എപിക്ക എന്ന പേരിൽ തിരുവനന്തപുരം ടെക്നോപാർക്കിലാകും കമ്പനി പ്രവർത്തിക്കുക.എക്സെൻട്രിക്സ് സ്റ്റുഡിയോസിന്റെ പ്രാഗല്‍ഭ്യവും വിഭവശേഷിയും എപ്പിക്കയുടെ സ്റ്റുഡിയോ സൗകര്യങ്ങളെയും കോർത്തിണക്കിയാണ് സംയുക്ത സംരംഭം നടപ്പിലാക്കുന്നത്. ആനിമേഷൻ രംഗത്തേക്ക് കൂടുതൽ ധനനിക്ഷേപം കൊണ്ടുവരുന്നതിനൊപ്പം കൂടുതൽ പ്രൊജക്ടുകൾ പൂർത്തീകരിച്ചു 600 ലധികം കലാകാരന്മാർക്ക് തൊഴിലവസരങ്ങളും നൽകാനും ഈ സംരംഭം വഴിയൊരുക്കും.സിനിമകൾ, ടി വി പരമ്പരകൾ, ഡിവിഡി ചിത്രങ്ങൾ, ഗെയിംസുകൾ തുടങ്ങിയവയ്ക്ക് ഏറ്റവും മികച്ച സിജിഐ ആനിമേഷൻ ചെയ്യുന്ന മുൻനിര സ്റ്റുഡിയോ എന്ന് പേരെടുത്ത എക്സെൻട്രിക്സിന്റെ പ്രശസ്തി കൊണ്ട് മുന്നേറാനും അതേസമയം എപ്പിക്കയുടെ അന്താരാഷ്ട്രനിലവാരത്തിലുള്ള നിർമ്മാണസൗകര്യങ്ങളിലും, മികച്ച കലാകാരന്മാരിലും, അടിസ്ഥാനസൗകര്യങ്ങളിലും ശ്രദ്ധകേന്ദീകരിച്ചുമായിരിക്കും കമ്പനിയുടെ പ്രവർത്തനം.

"എക്സെൻട്രിക്സ് സ്റ്റുഡിയോസ് പോലുള്ള മികച്ച പങ്കാളിയെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നും സംയുക്ത കമ്പനിയെ വിജയത്തിലേക്ക് നയിക്കാൻ കഴിയുമെന്നും ഏരീസ് എപ്പിക്കയുടെ സ്ഥാപകനും സി.ഇ.ഒയുമായ സോഹൻ റോയി പറഞ്ഞു. എപിക്കയെ സംബന്ധിച്ചിടത്തോളം ഈ നീക്കം ലോകോത്തര നിലവാരമുള്ള പ്രശസ്തരായ ആനിമേഷൻ നിർമ്മാതാക്കളുമായുള്ള ബന്ധം ദൃഢമാക്കാനും സഹകരണം വിപുലീകരിക്കാനും സഹായിക്കും." സോഹൻ റോയി പറഞ്ഞു

"ഈ പുതിയ കൂട്ടായ്മയിലൂടെ എക്സെൻട്രിക്സ് കമ്പനിയുടെ വിജയകരമായ പങ്കാളിത്ത തന്ത്രവുമായി മുന്നോട്ട് കൊണ്ടു പോകുകയാണെന്ന് എക്സെൻട്രിക്സ് സ്റ്റുഡിയോസ് സഹസ്ഥാപകനും സിഇഒയുമായ  നന്ദീഷ് ഡൊംളൂർ പറഞ്ഞു. ഈ ഉദ്യമത്തിൽ ഞങ്ങളുടെ ഉത്തമ പങ്കാളിയാണ് എപിക്ക. സംയുക്ത സംവിധാനം കെട്ടിപൊക്കുന്നത് വഴി മൂലധനനിക്ഷേപം പങ്കിടാനും, കൂട്ടായുള്ള പ്രവര്‍ത്തനത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കാനും രണ്ടു കമ്പനികൾക്ക് വളരാനുള്ള സാഹചര്യവും ലഭിക്കും. ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള ആനിമേഷൻ പ്രൊജെക്ടുകൾ നൽകുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം."നന്ദീഷ് ഡൊംളൂർ പറഞ്ഞു.

എപിക്ക

തിരുവനന്തപുരം ടെക്നോപാർക്കിൽ 16000 ചതുരശ്രഅടിയിൽ പ്രവർത്തിക്കുന്ന എപിക്ക സ്റ്റുഡിയോസ് യൂറോപ്പ്, ഏഷ്യ കേന്ദ്രീകരിച്ചുള്ള കമ്പനികൾക്ക് വേണ്ടി ഗുണമേന്മയുള്ള ആനിമേഷൻ സൃഷ്ടികൾ നിർമ്മിച്ചുവരുന്നു. മോഷൻ പിക്ചർ ഓഫ് അമേരിക്കയുടെ നിബന്ധനകൾ മുഴുവനും പാലിച്ചാണ് സ്റ്റുഡിയോ നിർമ്മിച്ചത്. യു.എ.ഇ ആസ്ഥാനമായ ഏരിസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഒരു വിഭാഗമാണ് എപിക്ക.15 രാജ്യങ്ങളിലായി പടർന്നുപന്തലിച്ചു കിടക്കുന്ന 45 അന്താരാഷ്ട്ര കമ്പനികൾ ഉള്ള ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗൾഫ് മേഖലയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പാണ്. ഏഷ്യയിലെ ആദ്യത്തെ 4 കെ പ്രൊജക്ഷൻ തീയറ്റർയായ ഏരീസ് പ്ലസ് (മുൻപ് നടൻ മോഹൻലാൽ ഉടമസ്ഥനായിരുന്ന ഏരീസ് വിസ്മയ മാക്സ് സ്റ്റുഡിയോ) തിരുവനന്തപുരത്ത് ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. ആഗോളതലത്തിൽ 1400 ജീവനക്കാരുള്ള ഏരീസ് ഗ്രൂപ്പിന് ഇന്ത്യയിൽ മാത്രം 400 ഓളം പേരുണ്ട്. 

എക്സെൻട്രിക്സ് സ്റ്റുഡിയോസ്

ഇന്ത്യയിലെ സിനിമ, ടെലിവിഷൻ മേഖലക്ക് വേണ്ടിയുള്ള കമ്പ്യൂട്ടർ ആനിമേഷൻ സ്റ്റുഡിയോകളിൽ മുൻനിരയിൽ നിൽക്കുന്ന കമ്പനിയാണ് എക്സെൻട്രിക്സ് സ്റ്റുഡിയോസ്. കൂടാതെ ഏഷ്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ആനിമേഷൻ സ്റ്റുഡിയോയും എന്ന ഖ്യാതിയുമുണ്ട് എക്സെൻട്രിക്സിന്. സിജിഐ ആനിമേഷനിലും ഗേമിങ്ങിലുമാണ് അവരുടെ വൈദഗ്‌ദ്ധ്യം.ഈ മേഖലയിലെ പ്രമുഖർ അടങ്ങുന്ന മാനേജ്മന്റ് സംഘമാണ് (അനുഭവസമ്പത്തുള്ള വ്യക്തികളെയും ഉൾപ്പെടുത്തിയാണ്) സ്റ്റുഡിയോ നയിക്കുന്നത്.

: