ആരുഷിയുടെ അത്ഭുതങ്ങള്‍

0

കാഴ്ച എന്നാല്‍ കാണാന്‍ സാധിക്കുന്ന കഴിവ് എന്നാണര്‍ത്ഥം. എന്നാല്‍ ആ വാക്കിന്റെ അര്‍ത്ഥം അത്ര സരളമല്ല. മറ്റുള്ളവരെ സഹായിക്കുക എന്നതിന്റെ അര്‍ത്ഥം ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസം നല്‍കലും മാത്രമല്ല. എല്ലാവരുടേയും ഉള്ളിലുള്ള സഹായിക്കാനുള്ള ആ കഴിവിനെ ഉചിതമായി ഉപയോഗിച്ച് ഏവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ആരുഷി ഗുപ്ത എന്ന ഈ പതിനേഴുകാരി.

ന്യൂഡല്‍ഹിയിലെ ബാരാഖമ്പ റോഡിലുള്ള മോഡേണ്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആരുഷി. കാഴ്ചശക്തിയില്ലാത്തവരെ സഹായിക്കാനായി 'സ്‌പെക്ടാകുലര്‍ ഡ്രൈവ്' എന്നൊരു സംരംഭമാണ് ഈ കൊച്ചുമിടുക്കി ആരംഭിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ ഉപയോഗിച്ച് പഴകിയതും ഉപേക്ഷിച്ചതുമായ കണ്ണടകള്‍ ശേഖരിച്ച് അവയെ ഹെല്‍പ് ഏജ് ഇന്ത്യ, ജന്‍സേവ ഫൗണ്ടേഷന്‍, ഗൂഞ്ച് തുടങ്ങി എന്‍.ജി.ഒകളെ ഏല്‍പ്പിക്കുകയാണ് ആരുഷി ചെയ്യുന്നത്.

തനിക്ക് പത്ത് വയസുള്ളപ്പോഴാണ് ആദ്യമായി തനിക്ക് ഈ ഐഡിയ തോന്നിയതെന്ന് ആരുഷി പറയുന്നു. തന്റെ കണ്ണാടിയും മറ്റാര്‍ക്കെങ്കിലും ഉപയോഗിക്കാനാകുമെന്നും അത് ആവശ്യമുള്ള വ്യക്തികള്‍ക്ക് നല്‍കുന്നത് വഴി അവര്‍ക്ക് വലിയ ഉപകാരമായിരിക്കുമെന്നും അവള്‍ മനസിലാക്കി. തുടര്‍ന്ന് ഈ വിഷയത്തെപ്പറ്റി അവള്‍ കൂടുതലായി ഗവേഷണം നടത്തിയപ്പോള്‍ താന്‍ അറിഞ്ഞതിലും വലിയ പ്രശ്‌നങ്ങളാണ് ചുറ്റുമുള്ളതെന്ന് ആരുഷി മനസിലാക്കി. തന്റെ പ്രായം കാരണം ആദ്യകാലങ്ങളില്‍ അവള്‍ക്ക് വലിയ സഹായമൊന്നും സുസ്ഥിരമായി ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വൈകാതെ തന്നെ ആവശ്യമുള്ളവരെ സഹായിക്കണമെന്ന തന്റെ ആഗ്രഹം അവള്‍ നേടിയെടുക്കുക തന്നെ ചെയ്തു.

രാജ്യത്തെ 150 ദശലക്ഷം ജനങ്ങള്‍ക്ക് കണ്ണാടി ഉപയോഗിക്കേണ്ടതായി വരുന്നുണ്ട്, എന്നാല്‍ അവരില്‍ പലര്‍ക്കും അതിനുള്ള പണമില്ല. ഇവര്‍ക്ക് സഹായം പ്രദാനം ചെയ്യാനായി തന്റെ അയല്‍വാസികളില്‍ നിന്നും, കണ്ണട ഷോപ്പുകളില്‍ നിന്നും പല സംഘടനകളില്‍ നിന്നും മറ്റും ആരുഷി വന്‍തോതില്‍ കണ്ണടകള്‍ ശേഖരിക്കുകയാണ്. വിവിധ സംഘടനകളുമായി ചേര്‍ന്ന് സൗജന്യ നേത്ര ക്യാമ്പും, ചെക്കപ്പുകളും തിമിര ശസ്ത്രക്രിയകളും ഒരുക്കാനും ആരുഷി മുന്നിലുണ്ട്.

ആരുഷിക്ക് പൂര്‍ണ പിന്തുണയുമായി അവളുടെ മാതാപിതാക്കളും കൂടെയുണ്ട്. സ്‌കൂളിലും എല്ലാവരും ആരുഷിയുടെ കൂടെയാണ്. ആദ്യം തന്റെ ആശയം ജനങ്ങളെ പറഞ്ഞ് മനസിലാക്കിക്കാന്‍ കുഞ്ഞ് ആരുഷി ഏറെ ബുദ്ധിമുട്ടിയിരുന്നു. അന്നൊക്കെ ജനങ്ങളില്‍ നിന്നും മറുപടിയൊന്നും ലഭിക്കാതിരുന്നത് തനിക്ക് ഏറെ ടെന്‍ഷനായിരുന്നെന്ന് അവള്‍ ഓര്‍ക്കുന്നു.

ഉപയോഗ ശേഷം പഴയ കണ്ണടകള്‍ ഉപേക്ഷിക്കാനായി പൊതു സ്ഥലങ്ങളില്‍ ആരുഷി ഡ്രോപ്പ് ബോക്‌സുകള്‍ സ്ഥാപിച്ചു. ഇതോടൊപ്പം ധാരാളം വ്യക്തികളുമായും കോര്‍പ്പറേറ്റുകളുമായും ഇതേപ്പറ്റി സംസാരിക്കുകയും പൊതുസ്ഥലങ്ങളില്‍ ഈ വിഷയം വ്യക്തമാക്കി നോട്ടീസുകള്‍ വിതരണം ചെയ്തും അവള്‍ തന്റെ ആശയം കൂടുതല്‍ പേരിലേക്കെത്തിച്ചു.

അവളുടെ കഷ്ടപ്പാടുകളൊന്നും വെറുതേയായില്ല. ഇതുവരെ 1500 പേര്‍ക്കാണ് ആരുഷി കാരണം ഗുണം ലഭിച്ചത്. സംഭാവന നല്‍കുന്നത് വഴി നിങ്ങള്‍ക്ക് നഷ്ടമൊന്നും ഇല്ലെന്നും അത് വഴി കൂടുതല്‍ പേരുടെ കൃതജ്ഞത ലഭിക്കുമെന്നുമാണ് ആരുഷിയുടെ അഭിപ്രായം.

ആരുഷിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവളെ തേടി അനുമോദനങ്ങളും എത്തിയിട്ടുണ്ട്. സ്‌കൂള്‍ തല വോളന്റിയര്‍ കമ്മ്യൂണിറ്റി സേവനമായ നാലാമത് വാര്‍ഷിക പ്രമേരിക സ്പിരിറ്റ് ഓഫ് കമ്മ്യൂണിറ്റി അവാര്‍ഡുകൡലെ ഫൈനലിസ്റ്റായി ആരുഷിയെ തിരഞ്ഞെടുത്തിരുന്നു. താന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനും കൂടെ നില്‍ക്കാനും ജനങ്ങളുണ്ട് എന്നതാണ് തന്നെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് ആരുഷി കൂട്ടിച്ചേര്‍ത്തു.