നിയാസുണ്ടോ....തേക്കുമര വേരുകളില്‍ കവിത വിരിയും

നിയാസുണ്ടോ....തേക്കുമര വേരുകളില്‍ കവിത വിരിയും

Friday December 11, 2015,

2 min Read

കലാകാരന്റെ ഭാവനയില്‍ തെളിയുന്നതെന്തും അവന്റെ കരവിരുതില്‍ പ്രകടമാകും. ജീവിതസാഹചര്യങ്ങളോ ചുറ്റുപാടുകളോ സാമ്പത്തികമോ ഒന്നും കലകള്‍ക്ക് തടസമാകില്ല. കരവിരുതും അര്‍പ്പണ മനോഭാവവുംകൊണ്ട് മാത്രം ശില്‍പകലയില്‍ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് കുന്ദമംഗലം സ്വദേശി റിയാസ്. 

image


തേക്കുമരത്തിന്റെ വേരുകളിലാണ് റിയാസ് തന്റെ ശില്‍പ ചാതുര്യം തെളിയിച്ചിരിക്കുന്നത്. എസ് എസ് എല്‍ സി വരെ മാത്രം വിദ്യാഭ്യാസമുള്ള റിയാസ് ശില്‍പകലയില്‍ യാതൊരു വിദ്യാഭ്യാസവും നേടാതെ 40 വര്‍ഷംവരെ പഴക്കമുള്ള തേക്ക് മരങ്ങളുടെ വേരുകളില്‍ അവയുടെ സ്വാഭാവിക പ്രകൃതത്തിന് ഭംഗം വരാതെയാണ് ശില്‍പങ്ങള്‍ കടഞ്ഞെടുത്തിരിക്കുന്നത്. സമകാലീന ഇന്ത്യന്‍ ദുരവസ്ഥകളാണ് ശില്‍പങ്ങള്‍ക്ക് പ്രമേയം. 12 ശില്‍പങ്ങളാണ് റിയാസ് ഇതുവരെ നിര്‍മിച്ചിട്ടുള്ളത്.

image


റിയാസിന്റെ ഓരോ ശില്‍പങ്ങള്‍ക്കുമുണ്ട് വിളിച്ചോതാന്‍ ഒരായിരം കഥകള്‍. എന്‍ഡോസള്‍ഫാന്റെ ദുരന്തമുഖം കൊത്തിയെടുക്കപ്പെട്ട ചതിക്കപ്പെട്ട ഒരുടല്‍, വര്‍ഗീയതയില്‍ ക്രൂശിക്കപ്പെടുന്ന നിരപരാധിയുടെ അവസ്ഥ, ഇന്റര്‍നെറ്റില്‍ കുടുങ്ങുന്ന യുവത്വത്തിന്റെ നേര്‍കാഴ്ചയായ വലയിലേക്ക് ഒരു ക്ലിക് ദൂരം, ചൂഷണത്തിന് വിധേയയായ വയനാട്ടിലെയും അട്ടപ്പാടിയിലെയും അവിവാഹിതരായ അമ്മ, ആനകളോടുള്ള മനുഷ്യന്റെ പീഠനം വ്യക്തമാക്കുന്നതോടൊപ്പം ആനക്കലിയും കാണിച്ച് തരുന്ന ആനക്കണ്ണീര്‍, അമ്മയുടെ മടിത്തട്ടില്‍പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്നു കാണിക്കുന്ന വിലിക്കുന്ന മാതൃത്വം, വീടുകളിലെ തടവറകളില്‍ ബന്ധനത്തിലായ വൃദ്ധമാതാവിന്റെ നേര്‍ക്കാഴ്ച കാലമിരുളുമ്പോള്‍, അച്ഛന്‍ ആരാണെന്നറിയാതെ കുട്ടിയെയും തലയിലേന്തി നടക്കുന്ന സ്ത്രീയും ഇന്നത്തെ സമൂഹത്തിന്റെ നേര്‍കാഴ്ചയും അമ്മ മനം നൊന്ത മദര്‍തെരേസ, മാതൃ സ്‌നേഹത്തിന്റെ മഹനീയ ഭാവം വിളിച്ചോതുന്ന അനശ്വര മാതൃത്വം എന്നിങ്ങനെയാണ് ശില്‍പങ്ങള്‍.

image


തുടര്‍ച്ചയായ രണ്ടര വര്‍ഷങ്ങള്‍ കൊണ്ടാണ് റിയാസിന്റെ കരവിരുതില്‍ വേരുകള്‍ ശില്‍പങ്ങളുടെ കഥപറയാന്‍ തുടങ്ങിയത്. ചിത്രകലയില്‍ തുടങ്ങിയ കരവിരുത് കലാരംഗത്ത് വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയെ തുടര്‍ന്നാണ് ശില്‍പകലയിലേക്ക് വഴിമാറിയത്. മനുഷ്യന്റെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി വൃക്ഷങ്ങള്‍ മുറിച്ച് മാറ്റുമ്പോള്‍ അവയില്‍നിന്ന് അവശേഷിക്കുന്ന വേരുകള്‍ക്കും ചിലത് പറയാനുണ്ടെന്ന രീതിയിലാണ് റിയാസ് വേരുകളില്‍ ശില്‍പങ്ങള്‍ കൊത്തിയെടുക്കാന്‍ തുടങ്ങിയത്. ശില്‍പനിര്‍മാണത്തിനായി അഞ്ച് ലക്ഷത്തോളം രൂപ ഇതുവരെ ചെലവായിട്ടുള്ളതായി റിയാസ് പറയുന്നു. കൂടുതല്‍ ശില്‍പങ്ങള്‍ നിര്‍മിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം സാധ്യമാകാത്ത സ്ഥിതിയാണ്. ഒരിടത്തുനിന്നും യാതൊരു സഹായവും റിയാസിന് ലഭിച്ചിട്ടില്ല.

image


ശില്‍പങ്ങള്‍ക്കെല്ലാം കൂടി നാലരക്കോടിയോളം രൂപ പലരും നാലരക്കോടിയോളം രൂപ വിലയിട്ടെങ്കിലും തന്റെ വിയര്‍പ്പുതുള്ളികളുടെ നനവേറ്റ ശില്‍പങ്ങളെ എന്നും നെഞ്ചോട് ചേര്‍ക്കാനാണ് റിയാസ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ശില്‍പങ്ങള്‍ വില്‍ക്കാന്‍ റിയാസിനുദ്ദേശമില്ല. നിര്‍മിച്ച ശില്‍പങ്ങളുടെ പ്രദര്‍ശനം അഞ്ച് വര്‍ഷമായി വിവിധയിടങ്ങളിലായി നടത്തുകയാണ് റിയാസ്. ശില്‍പ പ്രദര്‍ശനത്തിന്റെ ദേശീയ പര്യടനം എന്ന രീതിയില്‍ എറണാകുളത്ത്‌നിന്ന് യാത്ര സംഘടിപ്പിച്ചിരുന്നു.