ഡിസംബറിന്റെ പ്രതീക്ഷയില്‍ പുല്‍ക്കൂട് കച്ചവടക്കാര്‍

0

ഇങ്ങനെയും കുറേ വഴിയോര കച്ചവടക്കാര്‍. സീസണുകളില്‍ മാത്രം വന്നുപോകുന്നു. സെന്‍സെക്‌സ് ഇടിയുന്നതും നാണ്യപെരുപ്പം കൂടുന്നതുമൊന്നും ഇവര്‍ക്ക് പ്രശന്മേയല്ല. ഇവര്‍ അന്നന്നത്തെ ആഹാരത്തിനുള്ള വക സ്വരൂക്കൂട്ടാന്‍ പെടാപ്പാട് പെടുന്ന ഒരുകൂട്ടം ജനങ്ങളാണ്. പൊരിവെയിലത്തും പെരുമഴയത്തുമെല്ലാം ജീവിതം തള്ളി നീക്കാന്‍ തൃണവല്‍കരിച്ചാണ് ഇവര്‍ തങ്ങളുടെ ജോലി ചെയ്യുന്നത്. ക്രിസ്മസ് സീസണില്‍ മാത്രം പാളയം ലൂര്‍ദ് പള്ളിക്ക് മുന്നില്‍ കാണുന്ന കാഴ്ചയാണിത്. പുല്‍ക്കൂട് നിര്‍മിക്കുന്ന കുറേ ആളുകളാണ് ക്രിസ്മസ് സീസണാകുമ്പോള്‍ പള്ളിക്ക് മുന്നില്‍ വഴിയോരത്ത് അണിനിരക്കുന്നത്.

പുല്‍ക്കൂട് തയ്യാറാക്കി നല്‍കുന്നതിന് പുറമേ പുല്‍ക്കൂട് നിര്‍മിക്കുന്നതിന് ആവശ്യമായ ഞറുക്കന്‍ പുല്ലും ഇവര്‍ വില്‍ക്കുന്നുണ്ട്. ഞറുങ്ങണ പുല്ലിന്റെ ഇലയില്‍നിന്നാണ് പുല്‍തൈലം തയ്യാറാക്കുന്നത്. ഞങ്ങണ പുല്ല് എന്നും ഇത് അറിയപ്പെടുന്നുണ്ട്. വര്‍ക്കല, അംബൂരി തുടങ്ങിയ ഭാഗങ്ങളിലെ കാടുകളില്‍നിന്നാണ് പുല്‍ക്കൂട് നിര്‍മിക്കുന്നതിനുള്ള ഈ ഇല ഇവര്‍ കൊണ്ടുവരുന്നത്. ഒരു വര്‍ഷം വരെ ഈ പുല്ല് കേടാകാതിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. കൂട് ആവശ്യമുള്ളവര്‍ക്ക് അങ്ങനെയും അതല്ലാതെ പുല്ല് ആവശ്യമുള്ളവര്‍ക്ക് അങ്ങനെയും നല്‍കുന്നുണ്ട്.

എല്ലാ ഡിസംബര്‍ മാസങ്ങളിലും പതിവ് തെറ്റാതെ ഇവര്‍ ഇവിടെയെത്താറുണ്ട്. 15 വര്‍ഷത്തിലധികമായി മുടങ്ങാതെ ഇവിടെ എത്തുന്നവരും ഈ കൂട്ടത്തിലുണ്ട്. കാര്യമായ ലാഭമൊന്നും ഇതില്‍നിന്ന് ഇവര്‍ക്ക് കിട്ടാറില്ല. വനത്തില്‍നിന്ന് പുല്ല് ശേഖരിക്കുന്നതിന് വില കൊടുക്കേണ്ടെങ്കിലും അവിടെനിന്ന് ഇതുവരെ കൊണ്ട് എത്തിക്കുന്നതിനുള്ള ചെലവ് കൂടുതലാണ്.

30 പേരോളമാണ് എല്ലാ വര്‍ഷവും ഇവിടെ പുല്‍ക്കൂടുകളുമായി എത്താറുള്ളത്. ഇവരെല്ലാം കൂലിപ്പണിക്കാരാണ്. പുല്‍ക്കൂട് ഉണ്ടാക്കി വില്‍ക്കാറുണ്ടെങ്കിലും കൊണ്ടുപോകാനുള്ള അസൗകര്യം കാരണം മിക്കവരും പുല്ലാണ് കൂടുതല്‍ വാങ്ങുന്നത്. 250 രൂപ മുതലുള്ള ചെറിയ പുല്‍ക്കൂടുകള്‍ മുതല്‍ വലിയ കൂടുകള്‍ വരെ ഇവര്‍ നിര്‍മിക്കുന്നുണ്ട്. ക്രിസ്മസ് അടുക്കുന്തോറും കൂടുതല്‍ പേര്‍ പുല്‍ക്കൂട് വാങ്ങാനെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ. മാത്രമല്ല പള്ളിക്ക് മുന്നിലാണ് കച്ചവടം നടക്കുന്നത് എന്നതിനാല്‍ പള്ളിയിലേക്കെത്തുന്നവരും പുല്‍ക്കൂട് വാങ്ങാനെത്തുന്നുണ്ട്.

ഞറുങ്ങണം പുല്ലിന് വില കുറവാണെങ്കിലും പുല്ല് കിട്ടാനില്ലാത്തതാണ് പ്രശ്‌നമെന്ന് കച്ചവടക്കാര്‍ പറയുന്നു. മുമ്പ് നമ്മുടെ നാട്ടില്‍ സുലഭമായി ലഭിച്ചിരുന്ന ഈ പുല്ല് ഇപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ തന്നെ വനപ്രദേശങ്ങളില്‍ അപൂര്‍വ്വമായി മാത്രം കാണാന്‍ തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഓരോ ക്രിസ്മസ് സീസണുകളിലും എവിടെനിന്നെങ്കിലും പുല്ല് ശേഖരിച്ച് ഇവര്‍ മുടങ്ങാതെ ഇവിടെയെത്തുന്നു. ഇവര്‍ക്ക് ഇത് പുത്തന്‍ പ്രതീക്ഷകളുടെ വരവ് കൂടിയാണ്.