ശബ്ദ തരംഗങ്ങളുപയോഗിച്ച് പണമിടപാട് നടത്താവുന്ന ആപ്ലിക്കേഷനുമായി കുമാര്‍ അഭിഷേക്‌

ശബ്ദ തരംഗങ്ങളുപയോഗിച്ച് പണമിടപാട് നടത്താവുന്ന ആപ്ലിക്കേഷനുമായി കുമാര്‍ അഭിഷേക്‌

Friday January 15, 2016,

2 min Read

ഇന്ത്യയില്‍ സാധനങ്ങള്‍ വാങ്ങിക്കഴിയുമ്പോള്‍ ബാക്കി തുക നല്‍കുന്നതിനു പകരം മിഠായികള്‍ നല്‍കുന്നത് എന്തുകൊണ്ടാണ്? കുമാര്‍ അഭിഷേകിനോട് സിംഗപ്പൂരിലെ തന്റെ സുഹൃത്ത് ചോദിച്ച ചോദ്യമാണിത്. നമുക്കോരോരുത്തര്‍ക്കും ഇങ്ങനെ പണത്തിനു പകരം മിഠായികള്‍ ലഭിച്ചിട്ടുണ്ടാകും. എന്നാല്‍ നാമാരും തന്നെ ഇക്കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എന്നാല്‍ സുഹൃത്ത് ചോദിച്ച ഈ ചോദ്യത്തില്‍ നിന്നും കുമാറിന് പുതിയൊരു ആശയം കിട്ടി. എന്തുകൊണ്ട് പണം നേരിട്ട് നല്‍കാതെ ഇടപാടുകള്‍ നടത്തിക്കൂട. പണം നേരിട്ട് നല്‍കാതെ കാര്‍ഡുകള്‍ ഉപയോഗിച്ചും മൊബൈലിലൂടെയും ഇടപാടുകള്‍ നടത്തുന്നത് ലോകമെങ്ങും സര്‍വസാധാരണമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും ഇതിനു വേണ്ടത്ര പ്രാധാന്യം ലഭിച്ചിട്ടില്ല.

image


സിംഗപ്പൂരില്‍ ജോലി ചെയ്തിരുന്ന കുമാര്‍ ഈ പ്രശ്‌നത്തിന് പുതിയൊരു മാര്‍ഗം കണ്ടുപിടിച്ചു. 2012 മാര്‍ച്ചില്‍ കുമാറും സുഹൃത്ത് വിവേക് സിങ്ങും ചേര്‍ന്ന് ഇന്ത്യയില്‍ മൊബൈലിലൂടെ എങ്ങനെ ചെറിയ ഇടപാടുകള്‍ നടത്താം എന്നതിനെക്കുറിച്ച് പഠനം നടത്തി. ഡല്‍ഹി, പൂനെ, ബെംഗളൂരു തുടങ്ങിയ വന്‍ നഗരങ്ങളിലും യുപിയിലെ ചാന്ദൗലി ഉള്‍പ്പെടെയുള്ള ചെറിയ പട്ടണങ്ങളിലും വിശദമായ പഠനം നടത്തി. ഇതില്‍ നിന്നും ഏതു ഫോണിലൂടെയും പണമിടപാടുകള്‍ നടത്തുന്നതിനായുള്ള ടോണ്‍ ടാഗ് മൊബൈല്‍ ആപ്പിന് രൂപം നല്‍കി.

എന്നാല്‍ നെറ്റ് വര്‍ക്കിംഗ്‌ പ്രശ്‌നങ്ങള്‍ക്ക് അപ്പോഴും പരിഹാരം കാണാനായില്ല. തുടര്‍ന്ന് അവര്‍ ഓഫ്‌ലൈനിലൂടെ പണമിടപാടുകള്‍ നടത്തുന്നതിനായി ഒരു സംവിധാനം ഉണ്ടാക്കി. മാഗ്‌നറ്റിക് തരംഗങ്ങളും റോഡിയോ തരംഗങ്ങളും ഉപയോഗിച്ച് മൊബൈലിലൂടെ പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന രീതിയായിരുന്നു ഇത്. എന്നാല്‍ ഇതുകൊണ്ടു മാത്രം പ്രശ്‌നത്തിന് പരിഹാരമായില്ല. അങ്ങനെ അവര്‍ ടോണ്‍ടാഗ് ആപ്പിന് രൂപം കൊടുക്കാന്‍ തീരുമാനിച്ചു. ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന ആപ്ലിക്കേഷനായിരുന്നു ഇത്.

ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ലിനക്‌സ് തുടങ്ങിയ ഏതിലും ടോണ്‍ടാഗ് പ്രവര്‍ത്തിപ്പിക്കാം. പണമിടപാടുകള്‍ നടത്തുന്ന സമയത്ത് ഇന്റര്‍നെറ്റ് ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ടോണ്‍ടാഗ് തുടങ്ങുന്നതിനു മുന്‍പ് ഇന്‍ഫോസിസിലും മിന്‍ഡ് ട്രീയിലും കുമാര്‍ ജോലി ചെയ്തിട്ടുണ്ട്. വിവേക് ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു.

900 മില്യന്‍ മൊബൈല്‍ ഉപയോക്താക്കളാണ് നമുക്കുള്ളത്. എല്ലാ മൊബൈല്‍ ഫോണുകളിലും ഇതു ഉപയോഗിക്കാനാകുമോ? ഉപഭോക്താക്കള്‍ക്ക് കാര്‍ഡുകള്‍ സ്വൈപ്പ് ചെയ്യാതെ നേരിട്ട് മൊബൈലിലൂടെ പണമിടപാടുകള്‍ നടത്താന്‍ കഴിയുമോ? തുടങ്ങി ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് ടോണ്‍ ടാഗ്. ബാങ്ക് അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്കെല്ലാം ടോണ്‍ ടാഗിന്റെ പ്രയോജനം ഉപയോഗപ്പെടുത്താമെന്നും കുമാര്‍ പറയുന്നു.

ടോണ്‍ ടാഗ് പണമിടപാടുകള്‍ നടത്തുന്നതിനുവേണ്ടിയുള്ള ഒരു ആപ്ലിക്കേഷനാണ്. മറിച്ച് ഐസിഐസിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ ആപ്പിനെയോ, പെടിഎം, ഓക്‌സിജന്‍ തുടങ്ങിയ കമ്പനികളുമായോ ഉള്ള മല്‍സരത്തിനുള്ളതല്ല. ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ച് ഇഡിസി മെഷീനിലൂടെ പണമിടപാടുകള്‍ നടത്തുന്നതിന് സൗകര്യമൊരുക്കിയ ആദ്യ കമ്പനിയാണ് ടോണ്‍ ടാഗെന്നും കുമാര്‍ പറഞ്ഞു.

ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലുള്ള 14 കമ്പനികളുമായി ടോണ്‍ ടാഗ് പങ്കാളിത്തമുണ്ടാക്കി. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 34 വലിയ കമ്പനികളുമായി പങ്കാളിത്തം ഉണ്ടാക്കാനാണ് ടോണ്‍ ടാഗിന്റെ ശ്രമം. 2015 ജൂലൈയില്‍ റിലയന്‍സ് ക്യാപിറ്റല്‍ വെഞ്ച്വറില്‍ നിന്നും ഒരു മില്യന്‍ ഡോളര്‍ നിക്ഷേപമായി ശേഖരിച്ചതായും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

2020 ല്‍ ഇന്ത്യയിലെ മൊബൈല്‍ വിപണി 6.6 ബില്യന്‍ ഡോളര്‍ കടക്കുമെന്നാണ് നിഗമനം. സ്മാര്‍ട്‌ഫോണുകളുടെ ഉപയോഗ വര്‍ധനയും മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വര്‍ധനയും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയില്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവരില്‍ 50 ശതമാനവും 18 നും 30നും വയസ്സിനിടയില്‍ ഉള്ളവരാണ്.

ഇന്ത്യയില്‍ 40 ശതമാനം ഇ-കൊമേഴ്‌സ് ഇടപാടുകളും നടക്കുന്നത് മൊബൈലിലൂടെയാണ്. ഇതിലൂടെ ഒരു കാര്യം മനസ്സിലാക്കാം. നേരിട്ട് പണമിടപാടുകള്‍ നടത്തുന്ന രീതിയില്‍ നിന്നും രാജ്യം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു.