വിനോദസഞ്ചാര കേന്ദ്രങ്ങളെപ്പറ്റി കിന്‍ഡില്‍ പതിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

0

ദൈവത്തിന്റെ സ്വന്തം നാട് ഇനി ഇ-ബുക് വായനക്കാര്‍ക്ക് മുന്നിലേക്കും. കേരള ടൂറിസത്തിന്റെ പുതിയ സംരംഭത്തിലൂടെ ലോകമെമ്പാടുമുള്ള കിന്‍ഡില്‍ ഉപയോക്താക്കള്‍ക്ക് കേരളത്തിന്റെ ദൃശ്യമനോഹരമായ ലക്ഷ്യസ്ഥാനങ്ങള്‍ ഇ-ബുക് രൂപത്തില്‍ വായിച്ചറിയാനാകും. കേരളവും സ്‌പൈസ് റൂട്ടും, സൈലന്റ് വാലി ദേശീയോദ്യാനം, പറമ്പിക്കുളം കടുവാസങ്കേതം, പെരിയാര്‍ കടുവാസങ്കേതം, ഇരവികുളം ദേശീയോദ്യാനം എന്നിങ്ങനെ അഞ്ച് പുസ്തകങ്ങളാണ് കേരള ടൂറിസം പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിന്റെ ശ്രേഷ്ഠ പാരമ്പര്യവും ഹരിതഭംഗിയും പ്രതിപാദിക്കുന്ന സചിത്രപുസ്തകങ്ങള്‍ വിവരങ്ങളും അറിവുകളും കൊണ്ട് സമ്പന്നമാണ്. ഒരു ദശലക്ഷത്തോളം പുസ്തകങ്ങള്‍ ലഭ്യമായ കിന്‍ഡില്‍ ഇ-ബുക് വായനക്കാര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള വെബ്‌സൈറ്റാണ്. മാസങ്ങളോളം നീണ്ട പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് പുസ്തകങ്ങള്‍ തയാറാക്കിയത്. പുസ്തകങ്ങളിലെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ളത് പ്രമുഖ പരിസ്ഥിതി, വനം, വന്യജീവി ഫോട്ടോഗ്രാഫര്‍മാരാണ്.

പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനത്തെയും പ്രമുഖ ലക്ഷ്യസ്ഥാനങ്ങളേയും കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ എന്നും പതാകവാഹകരായിട്ടുള്ള കേരളം ആഗോള സഞ്ചാരികളുടെ താത്പര്യാര്‍ഥം ഒരു ചുവടുകൂടി മുന്നോട്ടുവെച്ചിരിക്കുകയാണ് ഈ നീക്കത്തിലൂടെ. ഇതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളെപ്പറ്റി വിവരിക്കുന്ന പുസ്തകങ്ങളുടെ കിന്‍ഡില്‍ പതിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.

ലക്ഷക്കണക്കിന് സന്ദര്‍ശകരുള്ള കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ് നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇംഗ്ലീഷിലും ജര്‍മന്‍ ഭാഷയിലും ലഭ്യമായ കേരള ടൂറിസം ഫേസ്ബുക് പേജ് ദൈവത്തിന്റെ സ്വന്തം നാടിന്റെ വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം ആരാധകരുടെ പ്രധാന ചര്‍ച്ചാകേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്. ആഗോള പ്രേക്ഷകര്‍ക്ക്മുന്നില്‍ തെയ്യം തത്സമയം സംപ്രേഷണം ചെയ്യുന്ന ആദ്യ ടൂറിസം ബോര്‍ഡ് കൂടിയാണ് കേരള ടൂറിസം.

കേരളത്തിന്റെ സുഗന്ധവ്യഞ്ജന വ്യാപാര പാരമ്പര്യത്തിന്റെ നാള്‍വഴികള്‍ തിരയുകയാണ് കേരള ആന്‍ഡ് ദി സ്‌പൈസ് റൂട്ട്‌സ് എന്ന പുസ്തകം. രണ്ടു സഹസ്രാബ്ദങ്ങള്‍ക്കപ്പുറം നിലനിന്നിരുന്ന കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യവും ഇവിടെ ജീവിച്ചിരുന്ന പ്രാചീന മനുഷ്യരുടെ സാഹസികതാ പ്രേമവും പുത്തന്‍ അനുഭവങ്ങള്‍ക്കായുള്ള ത്വരയുമെല്ലാം പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. മലബാര്‍ തീരത്ത് ആരംഭിച്ച് സുഗന്ധവ്യഞ്ജന പാതയിലൂടെ കടന്നുപോകുന്ന വിവരണം അതീവ ഹൃദ്യവും സൂക്ഷ്മവുമായ ചിത്രങ്ങളോടുകൂടിയ ഒരു യാത്രാനുഭവം മാത്രമല്ല, കേരളവുമായി ബന്ധപ്പെട്ടിരുന്ന വിവിധ മാനവവംശങ്ങളുടെ ചരിത്രാഖ്യാനം കൂടിയാണ്.

കേരള ടൂറിസം പുറത്തിറക്കുന്ന പുതിയ സാംഗ്ചുറി ഫോര്‍ ദി സോള്‍ പരമ്പരയില്‍ ഉള്‍പ്പെടുന്ന സൈലന്റ് വാലി ദേശിയോദ്യാനവും പറമ്പിക്കുളം കടുവാസങ്കേതവും പെരിയാര്‍ കടുവാസങ്കേതവും ഇരവികുളം ദേശീയോദ്യാനവും പ്രമേയമായ മറ്റു നാല് പുസ്തകങ്ങളും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് പരാമര്‍ശിക്കുന്നത്. വനവും പ്രകൃതിയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസില്‍കണ്ടുകൊണ്ടാണ് വിഷയത്തെ സമീപിച്ചിരിക്കുന്നത്.

പ്രകൃതിസ്‌നേഹികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെയുള്ള തുറന്ന ക്ഷണക്കത്താണ് കേരളത്തിന്റെ ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും. വായനക്കാരെ ആകര്‍ഷിക്കാന്‍ ഉതകുന്ന തരത്തില്‍ ഉജ്ജ്വലമായ ചിത്രങ്ങളും ഭ്രമാത്മകമായ വിവരണങ്ങളും അടങ്ങുന്നവയാണ് ഇവ. സംസ്ഥാനത്തിന്റെ ജൈവവൈവിധ്യം വരച്ചുകാട്ടുക മാത്രമല്ല വനം, വന്യജീവി സംരക്ഷണത്തിനായി പങ്കാളികളെ കണ്ടെത്തുന്നതിനും പുസ്തകങ്ങള്‍ സഹായകമാകും.