പുകയില നിയന്ത്രണം ഒരു വികസന പ്രശ്‌നം പുകയിലമുക്ത ദക്ഷിണേഷ്യക്കായി ധാക്ക പ്രഖ്യാപനം

0


പുകയില നിയന്ത്രണത്തില്‍ ഇന്ത്യയുടെ അര്‍പ്പണബോധത്തെ പ്രകീര്‍ത്തിച്ച് ആരോഗ്യവികസന രംഗങ്ങളിലെ കേരളത്തിലെ വിദഗ്ധര്‍. ധാക്കയില്‍ കഴിഞ്ഞയാഴ്ച്ച നടന്ന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായിയുള്ള (എസ്ഡിജി) സൗത്ത് ഏഷ്യന്‍ സ്പീക്കേഴ്‌സ് ഉച്ചകോടിയിലെ ഇന്ത്യയുടെ സാന്നിധ്യത്തെ അധിഷ്ഠിതമായാണ് ഈ വിലയിരുത്തല്‍.

2030ഓടെ ദക്ഷിണേഷ്യയെ പുകയിലമുക്തമാക്കുന്നത് വിഭാവനം ചെയ്യുന്ന 'ദക്ഷിണേഷ്യയില്‍ എസ്ഡിജി ആക്ഷനുവേണ്ടിയുള്ള ധാക്ക പ്രഖ്യാപന'ത്തെ ഇന്ത്യ പിന്തുണച്ചിരുന്നു. ഫ്രേയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ടുബാകോ കണ്‍ട്രോള്‍ (എഫ്‌സിടിസി) അനുസൃതമായി പുകയില നിയന്ത്രണത്തിനായുള്ള നയം, നിയമം, നിയന്ത്രണം എന്നിവയെ വികസിപ്പിക്കാനും ശക്തിപ്പെടുത്താനും പ്രാബല്യത്തില്‍വരുത്താനും ഇന്ത്യ ഇതോടൊപ്പം സമ്മതം നല്‍കിയിട്ടുണ്ട്. പുകയില നിയന്ത്രണത്തിനായി ലോകാരോഗ്യസംഘടനയുടെ അന്താരാഷ്ട്ര ഉടമ്പടിയായ എഫ്‌സിടിസി 2004 ഫെബ്രുവരി 5നാണ് ഇന്ത്യ അംഗീകരിച്ചത്.

പുകയില നികുതി വര്‍ദ്ധനവിലൂടെ പുകയില ഉത്പ്പന്നങ്ങളുടെ ഉപഭോഗം സാധാരണക്കാര്‍ക്ക് താങ്ങാനാകാത്തതാക്കാനും, പുകയില നികുതിവഴി ലഭിക്കുന്ന വരുമാനം പുകയില നിയന്ത്രണ ഉദ്യമങ്ങള്‍ക്കായി ഉപയോഗിക്കാനും ധാക്ക പ്രഖ്യാപനത്തിലൂടെ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ജനുവരി 30, 31 തിയതികളിലായി അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാല്‍ദീവ്‌സ്, ശ്രീലങ്ക എന്നിവടങ്ങളിലെ പാര്‍ലമെന്റ് സ്പീക്കര്‍മാരുടെ കൂടിയാലോചനയ്ക്കു ശേഷമാണ് ധാക്ക പ്രഖ്യാപനം രൂപംകൊണ്ടത്.

ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ ചടങ്ങില്‍ പങ്കെടുക്കുകയും 'എസ്ഡിജികള്‍ നടപ്പിലാക്കുന്നതില്‍ പാര്‍ലമെന്റുകളുടെ പങ്ക്' എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു.

പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നത് വികസ്വര രാജ്യങ്ങളെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണെന്ന് ധാക്കാ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം സി. പി. ജോണ്‍ അഭിപ്രായപ്പെട്ടു. വിവിധ രീതിയിലുള്ള പുകയില ഉപഭോഗം പൊതു ആരോഗ്യത്തിനും വികസനത്തിനും ശക്തമായ ഭീഷണിയാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളില്‍ പുകയില ദുരുപയോഗം ദൗര്‍ഭാഗ്യവശാല്‍ പാരമ്പര്യത്തിന്റെ ഭാഗമായി തെറ്റിധരിക്കപ്പെട്ടിരിക്കുകയാണ്. പുകയില നിയന്ത്രണത്തില്‍ ഭരണകൂടം ശക്തമായ നിര്‍വഹണവും കൃത്യമായ നിരീക്ഷണവും നടപ്പിലാക്കണം. വ്യാപകമായ ബോധവത്കരണ പരിപാടികളിലൂടെ ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനായി ഉത്തരവാദിത്തപ്പെട്ട പൗരന്‍മാര്‍ മുന്നിട്ടുവരണമെന്നും സി. പി. ജോണ്‍ പറഞ്ഞു.

2015-30ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ആരോഗ്യവും ക്ഷേമവും എന്ന വിഭാഗത്തില്‍ (ഗോള്‍ 3) പുകയില നിയന്ത്രണവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ചുരുങ്ങിവരുന്ന ആരോഗ്യ ബജറ്റുകളുമായി രാജ്യം പ്രയാസപ്പെടുന്ന ഘട്ടത്തില്‍ പുകയില നിയന്ത്രണം വഴി സാംക്രമികേതര രോഗങ്ങളുടെ അധികഭാരം കുറയ്ക്കാനുള്ള ഇന്ത്യയുടെ നീക്കം അത്യന്തം സ്വീകാര്യമാണെന്ന് അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലെ പ്രൊഫസറും തലവനുമായ ഡോ. കെ. ആര്‍. തങ്കപ്പന്‍ പറഞ്ഞു. പ്രതിവര്‍ഷം 10 ലക്ഷം ഇന്ത്യക്കാരുടെ മരണകാരണമാകുന്ന പുകയിലയുടെ ഉപഭോഗം കുറയ്ക്കാന്‍ വിവിധ മേഖലകളില്‍ നിന്നുള്ള പരിശ്രമമാണ് കാലഘട്ടത്തിന്റെ ആവശ്യം. തല്‍സ്ഥിതി തുടരുകയാണെങ്കില്‍ 2030ഓടെ പുകയില ഉപഭോഗ മരണങ്ങളുടെ നിരക്ക് ഉയരുമെന്നും ഡോ. തങ്കപ്പന്‍ മുന്നറിയിപ്പു നല്‍കി.

വര്‍ഷത്തില്‍ ഒരുതവണയെങ്കിലും യോഗം ചേരാന്‍ ലക്ഷ്യമിട്ടുള്ള സൗത്ത് ഏഷ്യന്‍ സ്പീക്കേഴ്‌സ് ഫോറത്തിന്റെ സ്ഥാപനവും സൗത്ത് ഏഷ്യന്‍ സ്പീക്കേഴ്‌സ് സമിറ്റ് പ്രഖ്യാപിച്ചു. 2017ല്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ സ്പീക്കേഴ്‌സ് ഫോറത്തിന്റെ രണ്ടാമത്തെ യോഗത്തിന് ഇന്ത്യ ആതിഥ്യം വഹിക്കും. ഇന്റര്‍പാര്‍ലമെന്ററി യൂണിയന്‍ സംഘടിപ്പിച്ചു വിളിച്ചുചേര്‍ത്ത ബംഗ്ലാദേശ് സമിറ്റിന് കാംപേയ്ന്‍ ഫോര്‍ ടുബോകോ ഫ്രീ കിഡ്‌സിന്റെ സാങ്കേതിക സഹായത്തോടെ ബംഗ്ലാദേശ് പാര്‍ലമെന്റാണ് ആതിഥ്യം വഹിച്ചത്.