എല്ലാതരത്തിലുള്ള മലിനീകരണങ്ങളും ഒഴിവാക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍  

0

എല്ലാതരത്തിലുള്ള മലിനീകരണങ്ങളും ഒഴിവാക്കി മനസിനും ശരീരത്തിനും സുസ്ഥിരതയുണ്ടാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അന്തര്‍ദേശീയ ശബ്ദ മലിനീകരണ അവബോധ ദിനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അന്തരീക്ഷ മലിനീകരണം, പരിസ്ഥിതി മലിനീകരണം, ജല മലിനീകരണം എന്നിവപോലെ തന്നെ ആപത്താണ് ശബ്ദ മലിനീകരണവും. ആരാധനാലയങ്ങളും രാഷ്രീയ പാര്‍ട്ടികളും ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ അമിത ശബ്ദങ്ങള്‍ ഒഴിവാക്കാവുന്നതാണ്. എല്ലാ വിഭാഗം ആരാധനാലയങ്ങളും ഉച്ചത്തിലുള്ള ശബ്ദം കുറക്കണം. സൗമ്യമായ പ്രാര്‍ത്ഥനകളാണ് എപ്പോഴും നല്ലത്. ഐ.എം.എ. തുടങ്ങിവച്ച ശബ്ദ മലിനീകരണത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും മന്ത്രി പറഞ്ഞു.

പരിസര മലിനീകരണം ഒഴിവാക്കി കൊതുകിന്റെ ഉറവിടം നശിപ്പിച്ചാല്‍ തന്നെ പലവിധ പകര്‍ച്ച വ്യാധികളില്‍ നിന്നും രക്ഷനേടാനാകുമെന്നും മന്ത്രി വ്യക്തമാക്കി. നല്ല ആരോഗ്യവും മനസും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ദ്രം പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയത്. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി 610 പോസ്റ്റുകള്‍ സൃഷ്ടിച്ചതായും മന്ത്രി പറഞ്ഞു.

ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ഗതാഗത വകുപ്പ് കമ്മീഷണര്‍ എസ്. അനന്തകൃഷ്ണന്‍ ഐ.പി.എസ്., രാഹുല്‍ നായര്‍ ഐ.പി.എസ്., മുന്‍ എച്ച്.എല്‍.എല്‍. സി.ഇ.ഒ. ജി. രാജ്‌മോഹന്‍, ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. സാമുവല്‍ കോശി, ഐ.എം.എ. തിരുവനന്തപുരം സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍, ഡോ. എം.ഐ. സഹദുള്ള എന്നിവര്‍ പങ്കെടുത്തു.

സഭകള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെ ആഘോഷങ്ങളില്‍ വളരെക്കുറച്ച് ശബ്ദങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കായുള്ള അവാര്‍ഡുകളും ഇതോടൊപ്പം വിതരണം ചെയ്തു.

ഈ വര്‍ഷത്തെ ശബ്ദ മലിനീകരണ അവബോധ ദിനം കേരള സര്‍ക്കാര്‍ ഹോണ്‍ വിമുക്ത ദിനമായി (NO HORN DAY) പ്രഖ്യാപിച്ചിരുന്നു. കേരള ഗതാഗത വകുപ്പ്, കേരള പോലീസ്, ടൂറിസം വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ വിഭാഗങ്ങളോടൊപ്പം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും പങ്കാളികളാകളായി കേരളത്തിലുടനീളം വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. ഹോണ്‍ വിമുക്ത ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ പൊതുസമ്മേളനങ്ങളും സംഘടിപ്പിച്ചു.