ജയ്മിശ്ര; പോരാട്ടത്തിന്റെ വിളിപ്പേര്‌

0

ഇന്ന് ഞാന്‍ 360 കുട്ടികളുടെ അച്ഛനാണ്, അമ്മയാണ്, സഹോദരനാണ്, സുഹൃത്താണ്, അവരുടെ എല്ലാമെല്ലാമാണ്....ഇത് ജയ് മിശ്രയുടെ കഥ. ജീവിതത്തോട് പൊരുതി തന്റെ ലക്ഷ്യം നേടാന്‍ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ. ടീച്ച് ഫോര്‍ ഇന്ത്യ എന്ന സ്ഥാപനത്തിലെ അധ്യാപകനാണ് ഇന്ന് ജയ് മിശ്ര. അധ്യാപകന്‍ എന്ന വിശേഷണംകൊണ്ടുമാത്രം ഇദ്ദേഹത്തെ പരിചയപ്പെടാനാകില്ല. കുട്ടികള്‍ക്ക് എല്ലാമാണ് മിശ്ര എന്നത് തന്നെയാകും അനുയോജ്യം. തന്റെ ജീവിതം തന്നെ കുട്ടികള്‍ക്കായി ഉഴിഞ്ഞുവെക്കുന്നതില്‍ മിശ്രക്ക് ചാരിതാര്‍ഥ്യം മാത്രം. ഇന്ന് ടീച്ച് ഫോര്‍ ഇന്ത്യയുടെ അലൂമ്‌നി ക്ലബിലെ ഒരംഗമാണ് ജയ് മിശ്ര.

ഉത്തര്‍പ്രദേശിലെ ജാന്‍പൂര്‍ ഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച ജയ് മിശ്രയുടെ റോള്‍ മോഡല്‍ സ്വന്തം പിതാവ് തന്നെയാണ്. വിദ്യാഭ്യാസമാണ് ജീവിതത്തിന്റെ സര്‍വ്വതുമെന്ന് മിശ്രയെ പഠിപ്പിച്ച മഹാന്‍. പബ്ലിക് വര്‍ക്ക് ഡിപാര്‍ട്‌മെന്റിലെ പ്യൂണ്‍ എന്ന നിലയില്‍നിന്ന് ഗ്രാമീണ്‍ ബേങ്കിലെ മാനേജരാകുന്നതെങ്ങനെയെന്ന് അദ്ദേഹത്തിന്റെ ജീവിതത്തില്‍നിന്ന് മിശ്രയെ പഠിപ്പിച്ചുകൊടുത്തു. ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് അദ്ദേഹം തന്നെ പഠിപ്പിച്ചത്. വിദ്യാഭ്യാസം നല്‍കുന്ന അവസരങ്ങളെയും സാധ്യതകളെയും കുറിച്ച് അദ്ദേഹം തന്നെ ബോധവാനാക്കി. കഠിനാധ്വാനം ചെയ്യുക. ഉറപ്പായും അതിന്റെ ഫലം നിങ്ങളെ തേടിയെത്തും- ഇതായിരുന്നു പിതാവിന്റെ വാക്കുകള്‍.

പിന്നോക്ക സമുദായത്തില്‍ ജനിച്ച മിശ്ര ഒരു ചെറിയ സ്വകാര്യ സ്‌കൂളിലാണ് പഠനം പൂര്‍ത്തിയാക്കിയത്. അതിനാല്‍ തന്നെ ഏറെ ബുദ്ധിമുട്ടിയാണ് എന്‍ജിനീയറിംഗ് പഠനത്തിന് അഡ്മിഷന്‍ കിട്ടിയത്. 2012ല്‍ മിശ്ര മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കി. തന്റെ കോളജിലെ തന്നെ മൂന്നാം സ്ഥാനക്കാരനായിരുന്നു മിശ്ര. 89 ശതമാനം മാര്‍ക്കോടെയായിരുന്നു വിജയം. എന്‍ജിനീയറിംഗി#് പഠനത്തിനിടെയാണ് ടീച്ച് ഫോര്‍ ഇന്ത്യയുടെ ഒരു പ്രസ്താവന മിശ്ര കേള്‍ക്കാനിടയായത്.

ഒരു ദിവസം എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭിക്കും. ഇതായിരുന്നു വാക്കുകള്‍. തന്റെ ഡയറിയില്‍ കുറിച്ചിട്ട ഈ വാക്കുകളെക്കുറിച്ചായി മിശ്രയുടെ പിന്നീടുള്ള ചിന്ത. തന്റെ പ്രോജക്ട് ഗൈഡുമായി ഒരു മണിക്കൂറോളം ഇതേക്കുറിച്ച് സംസാരിച്ച് ഒടുവില്‍ ഒരു സംഗ്രഹത്തിലെത്തി. ആത്മവിശ്വാസവും സന്നദ്ധതയുമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇത് സാധ്യമാകും. ഈ വാക്കുകള്‍ പിന്നീട് തന്റെ ലക്ഷ്യമായി തന്നെ മിശ്ര ഏറ്റെടുത്തു. സമൂഹത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന കുട്ടികളാണ് ടീച്ച് ഫോര്‍ ഇന്ത്യയില്‍ പഠിക്കുന്നത്. ഇവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകന്ന സ്ഥാപനമാണിത്.

രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ഗുണ നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണമെന്നായിരുന്നു മിശ്രയുടെ ലക്ഷ്യം. ടീച്ച് ഫോര്‍ ഇന്ത്യയിലേക്ക് 2012 ല്‍ ആദ്യം അയച്ച അപേക്ഷ തള്ളിക്കളഞ്ഞെങ്കിലും 2013ല്‍ വീണ്ടുമുള്ള പരിശ്രമത്തിലൂടെ മിശ്ര അവിടെയെത്തി. ക്ലാസിലെ കുട്ടികളുമായുള്ള ആശയ വിനിമയത്തില്‍നിന്നു തന്നെയാണ് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവശ്യകത മിശ്ര മനസിലാക്കിയത്. ടീച്ച് ഫോര്‍ ഇന്ത്യയില്‍ ഒരു പ്രോഗ്രാം മാനേജരായാണ് മിശ്ര എത്തിയത്.

തന്റെ ജോലിയില്‍ പിതാവ് ഏറെ സംതൃപ്തനായിരുന്നു. എന്നാല്‍ താന്‍ തിരിച്ചടക്കേണ്ടതായ വിദ്യാഭ്യാസ വായ്പ ഓര്‍ത്#ുള്ള വ്യാകുലതകളായിരുന്നു അമ്മക്ക്. കുടുംബത്തോടുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് താന്‍ പിന്നോട്ട് പോകുകയാണെന്ന് പോലും അമ്മ പറഞ്ഞതായി ജയ് ഓര്‍മിക്കുന്നു. എന്നാല്‍ ഈ രാജ്യമാണ് തന്റെ വീടെന്നും കുട്ടികളെ സഹായിക്കുന്നതിലൂടെ താന്‍ ശരിയായ കാര്യമാണ് ചെയ്യുന്നതെന്നും ജയ് അമ്മയോട് പറഞ്ഞു.

തന്റെ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പമുള്ള ജീവിതമാണ് മിശ്രക്ക് ഏറ്റവും സന്തോഷം. എനിക്ക് ഏറെ ആത്മാഭിമാനവും സന്തോഷവും തരുിന്ന ജോലിയാണ് ഞാന്‍ ചെയ്യുന്നത്. തന്റെ എല്ലാ ആഘോഷങ്ങളും തനിക്കൊപ്പമുള്ള 360 കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പമാണ്. ഇവര്‍ക്കൊപ്പമാണ് താന്‍ ഉച്ചഭക്ഷണം കഴിക്കുന്നത്. ഇവര്‍ക്കൊപ്പമുള്ള ബന്ധങ്ങള്‍ വിലമതിക്കാനാകാത്തതാണ്. തന്റെ ജീവിതത്തില് ഞാന്‍ ഏറ്റവും സന്തോഷിച്ച രണ്ട് വര്‍ഷങ്ങളാണ് കടന്ന് പോകുന്നത്- മിശ്ര പറയുന്നു.

32 കുട്ടികളാണ് താന്‍ ചേര്‍ന്ന സമയത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 360 പേരായി. ഇവര്‍ക്കുള്ള താമസവും ഭക്ഷണവും വസ്ത്രവുമാണ് ഏറെ ബുദ്ധിമുട്ട്, മിക്കവരുടെയും ആഹാരം ഉച്ചക്ക് സ്‌കൂളില്‍നിന്നുള്ള ഒരു നേരത്തേത് മാത്രമാണ്. കുട്ടികളില്‍ ചിലര്‍ സ്‌കൂളില്‍നിന്ന് കിട്ടുന്ന ഭക്ഷണം കുടുംബാംഗങ്ങള്‍ക്ക് വേണ്ടി പൊതിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോകാറുമുണ്ട്. വീട്ടിലെ ദാരിദ്ര്യം നികത്താന്‍ കുട്ടികളില്‍ പലരും സ്‌കൂള്‍ സമയം കഴിഞ്ഞ് ജോലിക്ക് പോകുന്നവരാണ്. സ്‌കൂളില്‍ എല്ലാവരും തങ്ങളുടെ പ്രശ്‌നങ്ങളും വിഷമങ്ങളും സന്തോഷങ്ങളുമെല്ലാം തന്നോട് പങ്കുവെക്കാറുണ്ട്.

കുട്ടികളെ അക്കാദമിക് തലത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരിക മാത്രമല്ല ടി എഫ് ഐ ചെയ്യുന്നത്. അവരുടെ ചിന്തകളും പ്രവര്‍ത്തികളും എല്ലാം ശരിയായ തലത്തില്‍ വളര്‍ത്തിയെടുക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളും നല്‍കുന്നുണ്ട്. എബ്രഹാം ലിങ്കന്റെ വാക്കുകള്‍ പോലെ ഇന്നത്തെ കുട്ടികളാണ് നാളത്തെ നയ രൂപീകൃതര്‍ എന്ന തത്വമാണ് മിശ്ര പിന്തുടരുന്നത്. അവനവനെ മനസിലാക്കണമെന്നാണ് താന്‍ കുട്ടികള്‍ക്ക് ആദ്യം പറഞു നല്‍കുന്നത്. അതിനുശേഷം മറ്റുള്ളവരുടെ ദുഖങ്ങളും മനസിലാക്കാന്‍ പഠിപ്പിക്കും. ശരിയായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അവരെ പഠിപ്പിക്കും. അസാധ്യമായി ഒന്നുമില്ലെന്നും പറഞ്ഞുനല്‍കും.

കണക്ക് പരീക്ഷയില്‍ പൂജ്യം മാര്‍ക്ക് വാങ്ങിയ കുട്ടി പിന്നീട് ഇന്റെര്‍ണല്‍ മാത്‌സ് ളിമ്പ്യാഡില്‍ സ്വര്‍ണ മെഡല്‍ വാങ്ങിയിട്ടുണ്ട്. ക്ലാസില്‍ സ്ഥിരമായി ഹാജരാകാത്ത കുട്ടി പിന്നീട് ക്ലാസിലെ ഒന്നാമനായി മാറിയിട്ടുണ്ട്. ഇതൊക്കെ മറക്കാനാകാത്ത അനുവങ്ങളാണ്. ഇതുപോലെ നിരവധി സംഭവങ്ങള്‍ വേറെയും. തന്റെ ഗ്രാമത്തില്‍ സ്വന്തമായി ഒരു സ്‌കൂള്‍ തുടങ്ങണമെന്നതാണ് ഇനിയുള്ള ആഗ്രഹം. മിശ്രയുടെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി പി എം സിയുടെ മികച്ച അധ്യാപകനുള്ള അവാര്‍ഡും മിശ്രയം തേടിയെത്തി. തന്റെ കുട്ടികളാണ് തന്റെ ജീവിതം മാറ്റി മറിച്ചത്- മിശ്ര പറയുന്നു.