മറക്കില്ല, ചിന്തകള്‍ മാറ്റിമറിച്ച ഏഴു ദിനങ്ങള്‍

സ്ത്രീ സംരക്ഷത്തിന് പുതിയ മാനം തീര്‍ത്ത് കുന്ദന്‍ ശ്രീവാസ്തവ

0

സമൂഹത്തിലെ അനീതിയെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഒരു കൗമാരക്കാരനെ ഗുണ്ടാ മാഫിയാ സംഘങ്ങള്‍ തട്ടിക്കൊണ്ടു പോകുന്നു. ഇരുണ്ട മുറിക്കുള്ളില്‍ അടക്കപ്പെട്ട അവന്‍ ഏഴാം നാള്‍ അവിടെ നിന്ന് സാഹസികമായി രക്ഷപ്പെടുന്നു. വെല്ലുവിളികളില്‍ തളരാതെ അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് അവന്‍ ഒരു പ്രസ്ഥാനം തന്നെ പടുത്തുയര്‍ത്തുന്നു. ഇത് കുന്ദന്‍ ശ്രീവാസ്തവയെന്ന 25കാരന്റെ ദൃഢനിശ്ചയത്തിന്റെ കഥയാണ്. ബീഹാറിലെ കിഴക്കന്‍ ചമ്പാരണില്‍ റക്‌സൂല്‍ എന്ന കുഗ്രാമത്തില്‍ ജനിച്ച് സോഫ്‌ററ് വെയര്‍ എഞ്ചിനീയറായി മാറിയ കുന്ദന്‍ ഇന്ന് സ്തീകളുടെ സുരക്ഷക്കായി ശബ്ദമുയര്‍ത്തുന്ന ഇന്ത്യയിലെ പ്രായം കുറഞ്ഞ സാമൂഹ്യപ്രവര്‍ത്തകരില്‍ പ്രധാനിയാണ്. യൂണിവേഴ്‌സല്‍ ഹ്യൂമാനിറ്റി അവാര്‍ഡും പിത്ഥാധീഷ് അവാര്‍ഡും നല്‍കി കുന്ദന്റെ സാമൂഹിക പ്രതിബദ്ധതയെ ലോകം ആദരിക്കുമ്പോഴും പിന്നിട്ടു വന്ന വഴികളും ഓര്‍മ്മകളുമാണ് കുന്ദന്റെ കരുത്ത്.

ഓര്‍മ്മകള്‍ ഒരു ദശാബ്ദം പിന്നിലേക്ക് പായുമ്പോള്‍ കുന്ദന്‍ വിദ്യാര്‍ഥിയാണ്. വിദ്യാഭ്യാസ മേഖലയിലെ മാഫിയാ കടന്നു കയറ്റത്തേയും ഇതിന് കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തേയും തുറന്ന് എതിര്‍ത്ത് സധൈര്യം രംഗത്തു വന്നതോടെ കുന്ദന്‍ ശത്രുക്കളുടെ കണ്ണിലെ കരടായി. എതിര്‍പ്പ് രൂക്ഷമായപ്പോള്‍ ഗുണ്ടകള്‍ കുന്ദനെ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ട് പോയി ഒളിത്താവളത്തിലടച്ചു. എന്നാല്‍ ഭാഗ്യം കുന്ദനൊപ്പമായിരുന്നു. ഏഴാം നാള്‍ അപ്രതീക്ഷിതമായി തുറന്നു കിട്ടിയ ഒരവസരം മുതലാക്കി കുന്ദന്‍ അവിടെ നിന്ന് കടന്നു. ഗുണ്ടകളുടെ വെടിവെപ്പില്‍ കാലില്‍ വെടിയുണ്ട തളച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ട് കുന്ദന്‍ ഗ്രാമത്തില്‍ തിരിച്ചെത്തി. ലോകം കാണാതെ ഇരുണ്ട മുറിക്കുളളില്‍ തളക്കപ്പെട്ട ആ ഏഴു ദിവസങ്ങള്‍ പുതിയ ലോകം എങ്ങനെയായിരിക്കണമെന്ന ചിന്തകള്‍ക്ക് വെളിച്ചം വീശിയെന്ന് കുന്ദന്‍ ഓര്‍മ്മിച്ചെടുക്കുന്നു. ഈ സംഭവം കുന്ദന്റെ കാഴ്ച്ചപ്പാടുകളേയും പ്രവര്‍ത്തനത്തേയും ആഴത്തില്‍ സ്വാധീനിച്ചു.

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തന്റെ പ്രവര്‍ത്തന മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാനൊരുങ്ങവേ ഇളയ സഹോദരന്‍ ക്യാന്‍സര്‍ബാധ മൂലം മരണപ്പെട്ടു. മാനസികമായി തളര്‍ന്നു പോകാവുന്ന പ്രതിബന്ധങ്ങളിലും മറ്റുള്ളവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ കണ്ടെത്തുകയാണ് കുന്ദന്‍ ചെയ്തത്. ഇതാണ് കുന്ദനെ മുന്നോട്ട് നയിച്ചതും. തന്റെ ഗ്രാമത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി കുന്ദന്‍ അഹോരാത്രം പ്രവര്‍ത്തിച്ചു. സാമൂഹ്യപ്രവര്‍ത്തനത്തിനൊപ്പം കുടുംബത്തിന്റെ ഭാരം ചുമലിലേറ്റേണ്ടി വന്ന ഉത്തരവാദിത്തം കൂടിയായപ്പോള്‍ കുന്ദന്‍ ജോലി തേടി ഡല്‍ഹിയിലേക്ക് വണ്ടി കയറി. സോഫ്റ്റ് വെയര്‍ എഞ്ചീയറായി ഡല്‍ഹിയിലെ 91മൊബൈല്‍സില്‍ ചേരുമ്പോഴും കുന്ദന്റെ മനസ് സാമൂഹ്യപ്രവര്‍ത്തനത്തിലായിരുന്നു.

ഡല്‍ഹിയിലെത്തിയ ശേഷമാണ് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാനും അവരെ സഹായിക്കാനുമായി ഒരു ഫൗണ്ടേഷന്‍ എന്ന ചിന്ത ഉദിക്കുന്നത്. ബി ഇന്‍ ഹ്യൂമാനിറ്റി ഫൗണ്ടേഷന്‍ എന്ന പേരില്‍ കുന്ദനും സുഹൃത്തുകളും ചേര്‍ന്ന് തുടങ്ങിയ പ്രസ്ഥാനം ഇന്ന് രാജ്യത്ത് അതിക്രമങ്ങള്‍ ഏല്‍ക്കുന്ന സ്ത്രീകളുടെ അത്താണിയായി മാറിയിരിക്കുകയാണ്. മാനഭംഗം, ആസിഡ് അക്രമണം, സ്ത്രീധന പീഡനം തുടങ്ങി സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നിടത്തെല്ലാം കുന്ദന്‍ തുടങ്ങിവെച്ച ബി ഇന്‍ ഹ്യൂമാനിറ്റി ഫൗണ്ടേഷന്‍ അവര്‍ക്കായി നില കൊള്ളുന്നു. പീഡനങ്ങളുടെ വ്യഥയില്‍ നിന്ന് ആത്മാഭിമാനത്തോടെയുള്ള സാധാരണ ജീവിതത്തിലേക്ക് നയിക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് കുന്ദന്റെ സംഘടന. സംഘടനയുടെ നടത്തിപ്പിനായി സംഭാവനകളൊന്നും പിരിക്കാതെ തങ്ങളുടെ ശമ്പളത്തില്‍ നിന്ന് മാറ്റി വെക്കുന്ന തുക കൊണ്ടാണ് കുന്ദനും കൂട്ടുകാരും ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നത്. ഇത്തരം അതിക്രമങ്ങള്‍ക്ക് വിധേയരായവരെ സഹായിക്കുക മാത്രമല്ല മറിച്ച് അവരില്‍ പലരേയും പുനരധിവസിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്.

ഇതു കൂടാതെ ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ അവബോധം സൃഷ്ടിക്കാനായി സ്‌ക്രീംസ് ഓഫ് സോള്‍ എന്ന പേരില്‍ പ്രത്യേക പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട് കുന്ദനും കൂട്ടുകാരും. ഇത്തരം സംഭവങ്ങളെ മനശാസ്ത്രപരമായി സമീപിച്ച് ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരുത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് ഇതിലൂടെ നടത്തുന്നത്. ചെറുപ്പക്കാരടങ്ങുന്ന സമൂഹത്തില്‍ ഇതിന് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഫൗണ്ടേഷന്‍. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് അറുതി വെരുത്തണമെങ്കില്‍ സമൂഹത്തിന്റെ താഴേത്തട്ടില്‍ തന്നെ മാറ്റങ്ങള്‍ കൊണ്ടു വരണമെന്ന തിരിച്ചറിവിലാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ടു തന്നെ ആരോഗ്യ, ശുചിത്വ ബോധവത്കരണത്തിനൊപ്പം ലിംഗസമത്വവും സ്‌കൂള്‍ തലത്തില്‍ പാഠഭാഗമാകേണ്ടതുണ്ടെന്ന് കുന്ദന്‍ ഓര്‍മ്മിപ്പിക്കുന്നു. വിദ്യാഭ്യാസമോ, സ്ത്രീകളുടെ ആത്മാഭിമാനമോ, വിഷയം എന്തു തന്നെയായാലും മാറ്റം, ഒരോ വ്യക്തിയുടെ മനസിലുമാണ് ആദ്യമുണ്ടാകേണ്ടതെന്ന് കുന്ദന്‍ അടിവരയിടുന്നു.