പ്രാദേശിക ഭാഷയെ അവഗണിക്കാനാകാത്ത കാലം

0

ഇനി വരുന്ന കാലഘട്ടത്തില്‍ പ്രദേശികഭാഷകളെ അവഗണിച്ച് ഒരു മുന്നേറ്റവും നടത്താനാവില്ലെന്നാണ് സാഹില്‍ കിനിയുടെ അഭിപ്രായം. പോര്‍ട്ട്‌ഫോളിയോയുടെ വൈസ് പ്രസിഡന്റായ സാഹില്‍ കിനി തന്റെ അഭിപ്രായം തുറന്നു പറഞ്ഞപ്പോള്‍ ടെക് സ്പാര്‍ക്കില്‍ പുത്തന്‍ സംരഭങ്ങള്‍ മനസില്‍ പേറിയിരുന്ന ഇംഗ്ലീഷിന്റെ പ്രണേതാക്കള്‍ ഒന്നു ഞെട്ടി. ബംഗലുരുവില്‍ നടന്ന ടെക് സ്പാര്‍ക്കായിരുന്നു വേദി. 

രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്ന 100-120 മില്യന്‍ ജനങ്ങള്‍ സത്യത്തില്‍ മൊത്തം ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ്. ഇംഗ്ലീഷ് വായിക്കുന്നവരുടെ എണ്ണം പരിശോധിച്ചാല്‍ ഇത് 60-80 മില്യനായി ചുരുങ്ങും. നിലവില്‍ 86 വ്യത്യസ്ത ലിപികളിലായി 780 ഭാഷകളാണ് നമ്മുടെ രാജ്യത്തുളളതെന്നാണ് ലിഗ്വിസ്‌ററിക്‌സ് സര്‍വേ ഓഫ് ഇന്ത്യയുടെ പഠനം വെളിവാക്കുന്നത്. 22 ഭാഷകള്‍ ഔദ്യോഗിക ഭാഷകളായി അംഗീകരിക്കപ്പെട്ടിട്ടുള്ള നമ്മുടെ രാജ്യത്ത് 29 ഭാഷകള്‍ പത്ത് ലക്ഷം ജനങ്ങള്‍ മാത്രമാണ് സംസാരിക്കുന്നത്.

പ്രോഗ്രാമിംഗ് അടക്കം നാം വികസിപ്പിക്കുന്ന സാങ്കേതിക വിദ്യകള്‍ നമ്മുടെ പ്രദേശിക ഭാഷകളില്‍ പ്രായോഗികമാക്കാന്‍ സാധിച്ചില്ലെങ്കില്‍ നാം ഏറെ പിന്നോട്ടു പോകുമെന്ന് സാഹില്‍ ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക വിദ്യ പ്രാദേശിക ഭാഷകളില്‍ പ്രയോഗിക്കാന്‍ കഴിയാത്തിടത്തോളം ഇന്ത്യയുടെ വലിയൊരു ജനവിഭാഗങ്ങളെ നമുക്ക് പ്രതിനിധീകരിക്കാന്‍ കഴിയാതെ പോകും. നിലവില്‍ ഇന്റര്‍നെറ്റിലുളള ഓണ്‍ലൈന്‍ വിവരസൂചികയില്‍ 56 ശതമാനവും ഇംഗ്ലീഷിലുള്ളതാണ്.

പ്രാദേശിക ഭാഷകളിലേക്കുള്ള വഴി എന്നത് കേവലം തര്‍ജിമ മാത്രമല്ല, മറിച്ച് സര്‍ഗാത്മകമായി ആശയങ്ങളുടെ ആകെത്തുക കണ്ടെത്തുക എന്നതു കൂടിയാണ്. ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമില്‍ പ്രാദേശിക ഭാഷയില്‍ കൂടുതല്‍ സെര്‍ച് ചെയ്യാനാകുക, അതിന് നമ്മുടെ ലിപി, സ്‌പെല്ലിംഗ്, വ്യാകരണം തുടങ്ങിയവയെ കൂടുതല്‍ സൗഹാര്‍ദപരമാക്കുക എന്നതെല്ലാം നമുക്ക് പരിഹരിക്കേണ്ട വിഷയങ്ങളാണ്. ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവരെ നാം മാറ്റി നിര്‍ത്തുന്നത്, ഒരുകാലത്ത് നായ്ക്കളേയും ഇന്ത്യക്കാരേയും മാറ്റിനിര്‍ത്തിയിരുന്ന കൊളോണിയല്‍ സംസ്‌കാരം തന്നെയാണെന്ന് സാഹില്‍ ചൂണ്ടിക്കാട്ടുന്നു. ഏഴ് ഇന്ത്യന്‍ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുള്ള സാഹില്‍ പുതിയ സാങ്കേതികത നമ്മുടെ പ്രാദേശിക ഭാഷയില്‍ കൂടി പ്രയോഗിക്കാനുള്ള വഴികള്‍ ആരായുകയാണ്.