കര്‍ഷക കൂട്ടായ്മയില്‍ വേറിട്ട അനുഭവമായി നന്ദിയോടിന്റെ ജൈവരുചി

0

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജന കൂട്ടായ്മ ഇയര്‍ 2015 ന്റെ ഭാഗമായി സംഘടിപ്പിച്ച 'കാര്‍ഷിക യുവത്വം' യുവ കര്‍ഷക ശില്പശാലയില്‍ വിവിധ ജില്ലയില്‍ നിന്നായി പങ്കെടുക്കാനെത്തിയവര്‍ക്ക് വേറിട്ട അനുഭവമായി നന്ദിയോടിന്റെ ജൈവസദ്യ. ജൈവകൃഷിയില്‍ പേരുകേട്ട നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ജൈവ അങ്ങാടി പ്രവര്‍ത്തകരാണ് ശില്പശാലയിലെത്തിയവര്‍ക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കി കൊണ്ടുവന്നത്. 

കര്‍ഷകര്‍ സ്വന്തം കൃഷിയിടത്തില്‍ തന്നെ കൃഷി ചെയ്ത കപ്പയും പച്ചക്കറികളും വിഭവങ്ങള്‍ക്ക് സ്വാദേകി. കപ്പ പുഴുങ്ങിയത്, കാന്താരി മുളക് ചമ്മന്തി, തേങ്ങാ ചമ്മന്തി, അച്ചാര്‍ കൂടാതെ ഒന്‍പത് തരം കറികളും അരിപ്പായസവുമടങ്ങിയ സദ്യ തൂശനിലയിലാണ് വിളമ്പിയത്. വിഭവങ്ങളെല്ലാം മണ്‍കലത്തിലാണ് പാകം ചെയ്തിരിക്കുന്നത്. എണ്ണ വളരെക്കുറച്ച് മാത്രം ചേര്‍ത്തിട്ടുള്ളുവെന്നതും ഭക്ഷണത്തിന്റെ പ്രത്യേകതയാണ്. ജൈവ അങ്ങാടി പ്രവര്‍ത്തകരായ ഗിരികുമാര്‍, ബാലകൃഷ്ണന്‍ നായര്‍, സുരേന്ദ്രന്‍, ശ്രീജിത്ത്, ഷാജി, കുമാരി, വാസന്തി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കിയത്. നന്ദിയോട് കൃഷിഭവനുമായി ബന്ധപ്പെട്ട എല്ലാ പരിപാടികള്‍ക്കും ഇത്തരത്തില്‍ ഭക്ഷണം തയ്യാറാക്കി നല്‍കാറുണ്ടെന്നും ഇവര്‍ പറഞ്ഞു. കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു യുവസമൂഹമാണ് സംസ്ഥാനത്തിന് ആവശ്യമെന്ന് ആരോഗ്യം- ദേവസ്വം വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. 

കാര്‍ഷിക മേഖല എന്നു പറയുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന പുതിയ തലമുറയുടെ പ്രവണത മാറ്റിയെടുക്കണമെന്നും ഉല്പാദന മേഖലയെ സ്വയം പര്യാപ്ത മേഖലയാക്കി മാറ്റാന്‍ കേരളത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. യുവജന കൂട്ടായ്മ ഇയര്‍ 2015 ന്റെ ഭാഗമായി സംഘടിപ്പിച്ച 'കാര്‍ഷിക യുവത്വം' യുവ കര്‍ഷക ശില്പശാല പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ പരിപാലന രംഗത്ത് രാജ്യത്തിന് മാതൃകയായ കേരളം ഉല്പാദന രംഗത്ത് വളരെ പുറകിലാണ്. ഇന്ന് യുവാക്കളില്‍ പോലും ജീവിത ശൈലി രോഗങ്ങള്‍ ഏറി വരുന്നു. ഇതിനുള്ള പ്രധാന കാരണം ഭക്ഷണ പദാര്‍ത്ഥങ്ങളിലെ കീടനാശിനി പ്രയോഗമാണ്. നമ്മുടെ വീടിനോടു ചേര്‍ന്നുള്ള ചെറിയ തലങ്ങളില്‍ പോലും നമുക്കാവുന്ന രീതിയില്‍ കൃഷിയെ പ്രോത്സാഹിപ്പിക്കണമെന്നും ഇതിനായി യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു. യുവാക്കളെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ച് ജൈവകൃഷിക്ക് പ്രാധാന്യം നല്‍കി ഉല്പാദന മേഖലയില്‍ വര്‍ധനവുണ്ടാക്കാന്‍ വേണ്ട കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് സംഘടിപ്പിച്ച 'കാര്‍ഷിക യുവത്വം' യുവ കര്‍ഷക ശില്പശാലയില്‍ ജൈവവള നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്നാണ് മന്ത്രി കര്‍ഷകര്‍ക്ക് പ്രോത്സാഹനമായി.

മണ്ണിന് ആരോഗ്യം നല്‍കി വിളകളില്‍ ഉല്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പഞ്ചഗവ്യമെന്ന ജൈവവളമാണ് നിര്‍മ്മിച്ചത്. ചാണകം, ഗോമൂത്രം, നെയ്യ്, പാല്‍, തൈര് എന്നിവയാണ് ഈ വളത്തിന്റെ ചേരുവകള്‍. അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തോടനുബന്ധിച്ച് മന്ത്രി പച്ചക്കറി തൈയും നട്ടു. മൂന്നാം വര്‍ഷം വിളവെടുക്കാന്‍ കഴിയുന്ന തെങ്ങിന്‍തൈ ചടങ്ങില്‍ കര്‍ഷകര്‍ മന്ത്രിക്ക് സമ്മാനിച്ചു. നന്ദിയോട് നിന്നുള്ള യുവകര്‍ഷകന്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വിവിധ ജൈവവളങ്ങളുടേയും ജൈവോല്പന്നങ്ങളുടേയും പ്രദര്‍ശനവും ഉണ്ടായിരുന്നു.