ദോശ ചുട്ട് 30 കോടിയുടെ വ്യവസായിയായി പ്രേം ഗണപതി

0


പതിനേഴാമത്തെ വയസ്സിലാണ് പ്രേം ഗണപതി തന്റെ നാടായ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയും കുടുംബത്തേയും ഉപേക്ഷിച്ച് ആര്‍ക്കും ഒരു സൂചന പോലും നല്‍കാതെ നാടുവിട്ടത്. ഒരു പരിചിതന്‍ മുബൈയില്‍ ചെന്നാല്‍ ജോലി നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പിലാണ് അവന്‍ എല്ലാ പ്രതീക്ഷയും അര്‍പ്പിച്ചത്. അങ്ങനെ ഒരു ജീവിതമാര്‍ഗ്ഗം തേടി അവന്‍ മുംബൈയിലെത്തി. എന്നാല്‍ നിര്‍ഭാഗ്യം എന്നുപറയട്ടെ ആ പരിചിതനെ കാണാന്‍ കഴിഞ്ഞില്ല. എങ്കിലും അവന്‍ തളര്‍ന്നില്ല. അവസരങ്ങള്‍ സ്വയം ഉണ്ടാക്കി. ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചു. എന്നാല്‍ അതെല്ലാം അവനെ നയിച്ചത് കോടികളുടെ വ്യവസായം നടക്കുന്ന 'ദോശ പ്ലാസ'യിലാണ്.

'ഞാന്‍ അവിടെ എത്തി അടുത്ത ദിവസം തന്നെ മാഹീം എന്ന ബേക്കറിയില്‍ പാത്രങ്ങള്‍ കഴുകാനുള്ള ജോലി ലഭിച്ചു. 150 രൂപയായിരുന്നു മാസവരുമാനം. എനിക്ക് ബേക്കറിയില്‍ തന്നെ തലചായ്ക്കാനുള്ള അവസരവും ലഭിച്ചു. അടുത്ത രണ്ടുവര്‍ഷം ഞാന്‍ നിരവധി റസ്റ്റോറന്റുകളില്‍ ജോലി ചെയ്ത് കഴിയുന്നത്ര സമ്പാദിച്ചു.' ദി എക്കണോമിക് ടൈംസിനോട് പ്രേം പറഞ്ഞു. പിന്നീട് കുറച്ച് വര്‍ഷം ചെമ്പൂറിലുള്ള ഒരു ഹോട്ടലിന് വേണ്ടി പിസ ഡെലിവറി ചെയ്യുമായിരുന്നു. പിന്നീട് നവീ മുംബൈയിലേക്ക് പോയി ഒരു റസ്റ്റോറന്റില്‍ പാത്രം കഴുകാന്‍ തുടങ്ങി.

1992 ഓടെ പ്രേമിന് കുറച്ച് സമ്പാദ്യം കയ്യിലുണ്ടായിരുന്നു. അത് ഉപയോഗിച്ച് ഒരു ഉന്തുവണ്ടി വാടകയ്ക്ക് എടുത്തു. വാഷി റെയില്‍വേ സ്റ്റേഷന് എതിരെയുള്ള തെരുവില്‍ ദോശയും ഇഡ്ഡലിയും വില്‍ക്കാന്‍ തുടങ്ങി. 'ഞാന്‍ എന്റെ സുഹൃത്തുക്കളില്‍ നിന്ന് കുറച്ച് പണം കടം വാങ്ങി. 150 രൂപയ്ക്ക് ഉന്തുവണ്ടി വാടകയ്ക്ക് എടുത്തു. തുടക്കത്തില്‍ വളരെയധികം ബുദ്ദിമുട്ടി. നിരവധി തവണ മുനിസിപ്പാലിറ്റിക്കാര്‍ അവരുടെ വാനില്‍ ഉന്തുവണ്ടി എടുത്തുകൊണ്ട് പോയിട്ടുണ്ട്. എന്നാല്‍ ഞാന്‍ പ്രതീക്ഷ കൈവിട്ടില്ല.' റെഡ്ഡിഫുമായുള്ള അഭിമുഖത്തില്‍ പ്രേം പറഞ്ഞു.

പ്രേമിന്റെ കൂടെ താമസിച്ചിരുന്നവര്‍ നല്ല വിദ്യാഭ്യാസം ഉള്ളവരായിരുന്നു. അവരില്‍ നിന്ന് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി. 'എല്ലാ ദിവസവും ഞാന്‍ രണ്ട് മണിക്കൂര്‍ സൈബര്‍ കഫേയില്‍ പോയി സര്‍ഫ് ചെയ്യുമായിരുന്നു. പലതരം വ്യവസായങ്ങലെ കുറിച്ച് മനസ്സിലാ#്കകി. ബിസിനസ് വിജയത്തിലേക്ക് എത്തിക്കാന്‍ എന്റെ സഹോദരന്മാര്‍ വളരെയധികം സഹായിച്ചു.' അദ്ദേഹം പറയുന്നു. തന്റെ ഉന്തുവണ്ടിക്ക് സമീപമുള്ള ഡൊണാള്‍ഡ് എന്ന റെസ്റ്റോറന്റിന്റെ വിജയം കണ്ടതിന് ശേമാണ് സ്വന്തമായി ഒരു റെസ്റ്റോറന്റ് തുടങ്ങണം എന്ന ആഗ്രഹം മനസ്സില്‍ തോന്നിയത്.

1997ല്‍ ഒരു ചെറിയ സ്ഥലം മാസം 5000 രൂപ വച്ച് അദ്ദേഹം ലീസിനെടുത്തു. 'പ്രേം സാഗര്‍ ദോശ പ്ലാസ' എന്ന് പേരും നല്‍കി. ദോശകളില്‍ നടത്തിയ പരീക്ഷണങ്ങള്‍ അദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ചു. ആദ്യ വര്‍ഷം തന്നെ ഷെസ്‌വാന്‍ ദോശ, പനീര്‍ ചില്ലി, സ്പ്രിങ്ങ് റോള്‍ ദോശ എന്നിങ്ങനെ 26 തരത്തിലുള്ള ദോശകള്‍ ഉണ്ടാക്കി. 2002 ഓടെ വവിധ തരത്തിലുള്ള 105 ദോശകളാണ് അവര്‍ ലഭ്യമാക്കിയത്. ഈ സമയത്ത് ബിസിനസ് കുറച്ചുകൂടി വിപുലീകരിക്കാന്‍ തീരുമാനിച്ചു.

'സെന്റര്‍ വണ്‍ മാള്‍ ഞങ്ങളുടെ റസ്റ്റോറന്റിന്റെ അടുത്ത് തുടങ്ങാന്‍ തീരുമാനിച്ചതോടെ എന്റെ ഭാഗ്യം തെളിഞ്ഞു. അവരുടെ മാനേജ്‌മെന്റ് ടീമിലുള്ള പലരും ഞങ്ങളുടെ റെസ്റ്റോറന്റില്‍ നിന്ന് ആഹാരം കഴിക്കുന്നലരാണ്. ആ പരിചയം വച്ച് മാളില്‍ ഒരു ഔട്ടലെറ്റ് ഒരുക്കി തരാമെന്ന് അവര്‍ സമ്മതിച്ചു.' പ്രേം പറയുന്നു. വൈകാതെ നിരവധി ഫ്രാഞ്ചൈസുകള്‍ ലഭിക്കാന്‍ തുടങ്ങി. വിദേശത്ത് നിന്ന് പോലും അവസരങ്ങല്‍ വന്നു. ഇന്ന് ഇന്ത്യയില്‍ ഉടനീളം 45 ഔട്ട്‌ലെറ്റുകളാണ് ദോശ പ്ലാസയ്ക്കുള്ളത്. കൂടാതെ യു എ ഇ, ഒമാന്‍, ന്യൂസിലന്റ് എന്നിവിടങ്ങളിലായി ഏഴ് അന്താരാഷ്ട്ര ഔട്ട്‌ലെറ്റുകളുമുണ്ട്.