അലക്കി തേക്കാന്‍ ആപ്കാ ധോബി

0

ആഴ്്ചയുടെ അവസാന ദിവസമായ ശനിയാഴ്ച ഷെല്‍ഫ് തുറന്നപ്പോഴാണ് മനസിലായത് ഇന്ന് ഓഫീസിലേക്ക് പോകാന്‍ അലക്കിയ വസ്ത്രങ്ങള്‍ ഒന്നും ഇല്ലെന്ന്. ഒടുവില്‍ തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഇതുവരെ ധരിച്ചിട്ടില്ലാത്ത ഒരു വേഷം ധരിച്ച് തീരെ ആത്മവിശ്വാസം ഇല്ലാതെയാണ് ഓഫീസിലേക്ക് പോയത്. ഇതു തന്നെയാണ് നമുക്കെല്ലാവര്‍ക്കും പലപ്പോഴും പിണയുന്ന അബദ്ധം. തിരക്കേറിയ ജീവിതത്തില്‍ തുണി അലക്കാനുള്ള സമയം ലഭിക്കാറില്ല. ഒരാഴ്ചത്തെ തുണികള്‍ കൂട്ടിയിട്ട് ഒരുമിച്ച് അലക്കാനായിരിക്കും പദ്ധതി. പക്ഷം അതും പലപ്പോഴും നടക്കാറില്ല.

പലപ്പോഴും ധാരാളം ലോണ്‍ട്രി സംരംഭങ്ങള്‍ ഇത്തരം സാഹചര്യങ്ങള്‍ പരിഹാരവുമായി എത്തിയിട്ടുണ്ടെങ്കിലും അത് പലപപ്പോഴും ഫലപ്രദമായിരുന്നില്ല. നമ്മുടെ സമയത്ത് അലക്കിതേച്ച് തുണികള്‍ എത്തിക്കാന്‍ പല കമ്പനികള്‍ക്കും കഴിയാതെ വന്നു. ഇതിന് പരിഹാരമെന്നോണം നാല്‍വര്‍ സംഘത്തിന്റെ സംരംഭമായാണ് ആപ്കാ ധോബി ആരംഭിച്ചത്. നിധീഷ് പാറ്റ്‌നി, രോഹിത് രാജ്, നീരജ് കുമാര്‍, വിനീത് രാംചന്ദാനി എന്നിവരാണ് ഇത് ആരംഭിച്ചത്. ആപ്കാ ധോബി ആരംഭിക്കുന്നതിന് മുമ്പ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ അക്‌സെന്‍ച്വറിലാണ് നിധീഷ് ജോലി ചെയ്തിരുന്നത്. ജോലിയുടെ ഭാഗമായി ധാരാളം യാത്ര ചെയ്യേണ്ടി വന്നിരുന്നു. ബാഗ്ലൂരിലേക്ക് തിരിച്ചപ്പോഴാണ് പുതിയ സംരംഭത്തെക്കുറിച്ച് ആലോചിച്ചത്. ഇതേക്കുറിച്ച് മറ്റ് മൂന്ന് പേരോടും നിധീഷ് ചര്‍ച്ച ചെയ്തു. ഖോരക്പൂര്‍ ഐ ഐ ടിയിലേയും അഹമ്മദാബാദ് ഐ ഐ എമ്മിലേയും സഹപാഠിയായിരുന്നു രോഹിത്. എല്ലാവര്‍ക്കും പുതിയ സംരംഭം എന്ന ആശയം മനസിലുണ്ടായിരുന്നു.

സുഹൃത്തുക്കള്‍ ഒരുമിച്ച കൂടുകയും നിരവധി ആശയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഓരോരുത്തരും ഓരോ മേഖലയില്‍ പ്രാവീണ്യം ഉള്ളവരായിരുന്നു. നിധീഷ് ധാരാളം യാത്രകള്‍ ചെയ്യുന്ന വ്യക്തിയായതിനാല്‍ തുണി കഴുകാന്‍ സമയം ലഭിക്കാത്തതിന്റെ ബുദ്ധിമുട്ട് നന്നായി അറിയാമായിരുന്നു. അതിലൂടെയാണ് ഈ ആശയം കടന്ന് വന്നത്. പുതിയതായി ഒരു ലോണ്‍ട്രി ആരംഭിക്കുന്നതിനേക്കാള്‍ നല്ലത് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നതിനെ കൂടുതല്‍ മികച്ചതാക്കി മാറ്റുകയായിരുന്നു ലക്ഷ്യം. ഇതിനായി നിലവില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ചില ധോബികളെ കോര്‍ത്തിണക്കി. ഇന്ദിരാ നഗര്‍, കൊരമംഗള, വൈറ്റ്ഫീല്‍ഡ് എന്നിവിടങ്ങിലെ ദോബികളുമായി കമ്പനി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 48 മണിക്കൂറിനുള്ളില്‍ തുണി കഴുകി നല്‍കുമെന്നതായിരുന്നു ഈ ലോണ്‍ട്രി കമ്പനിയുടെ പ്രത്യേകത.

ഒരു ദിവസം രാവിലെ തുണി ശേഖരിച്ചാല്‍ അത് പിറ്റേ ദിവസം രാവിലെ തന്നെ നല്‍കിയിരുന്നു. ഇതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ അത് ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനായി ഒരു വെബ്‌സൈറ്റ് കൂടി ആരംഭിച്ചതോടെ ഉപഭോക്താക്കള്‍ കൂടുതല്‍ എളുപ്പമായി. വെബ്‌സൈറ്റ് വഴിയോ ഫോണിലൂടെയോ കമ്പനിയുമായി ബന്ധപ്പെടാം.

ഒരിക്കല്‍ ഒരു കസ്റ്റര്‍ ഓര്‍ഡര്‍ നല്‍കിയാല്‍ ദോബി എവിടെയെത്തി വസ്ത്രങ്ങള്‍ ശേഖരിക്കും. കമ്പനിക്ക് ദോബികളുമായുള്ള ധാരണപ്രകാരം 36 മണിക്കൂറിനുള്ളില്‍ തുണികള്‍ കൈമാറണം. അത്യാവശ്യഘട്ടങ്ങളില്‍ 12 മണിക്കൂറിനുള്ളില്‍ നല്‍കേണ്ടേിയും വരാറുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഏതെങ്കിലും ധോബി അവധിയില്‍ പ്രവേശിച്ചാല്‍ മറ്റ് ധോബികളുടെ സഹായം കമ്പനി തേടിയിരുന്നു. മുന്നറിയിപ്പില്ലാതെയാണ് ധോബി അവധിയില്‍ പ്രവേശിക്കുന്നതെങ്കില്‍ ഉപഭോക്താക്കള്‍ക്ക് അത്യാവശ്യം ഉണ്ടോയെന്ന് അന്വേഷിച്ചശേഷം അതനുസരിച്ച് സമയം ക്രമീകരിക്കുകയാണ് ചെയ്യുക.

പല അവസരങ്ങളിലും ഈ 48 മണിക്കൂര്‍ സമയപരിധിയാണ് വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നത്. ചില നൂതന ആശയങ്ങള്‍ കമ്പനിയില്‍ നടപ്പാക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട് ധോബികള്‍ക്ക് അവരുടെ ജോലി എളുപ്പമാക്കി തീര്‍ക്കുന്നതിനുള്ള സാങ്കേതിക വിദ്യകളാണ് പരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ കമ്പനിയെ 600 ലധികം ഉപഭോക്താക്കളാണ് ആശ്രയിക്കുന്നത്. ഓരോ മാസവും പിന്നിടുമ്പോള്‍ നൂറ് ശതമാനം വളര്‍ച്ചയും കമ്പനിക്കുണ്ട്. ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുന്ന രീതിയിലുള്ള കമ്പനിയുടെ പ്രവര്‍ത്തനമാണ് ഈ വളര്‍ച്ചക്ക് പിന്നില്‍.

ഇപ്പോള്‍ ഞങ്ങളുടെ അയണിംഗ് (ഇസ്തിരി)സംരംഭത്തിനാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. നിലവില്‍ എല്ലാവിധ സേവനങ്ങളും കമ്പനി ആരംഭിച്ചു കഴിഞ്ഞു. 50 ശതമാനം ലോണ്‍ട്രി സര്‍വീസും 44 ശതമാനം അയണിംഗ് 6 ശതമാനം െ്രെഡ ക്ലീനിംഗും ആണ് നടക്കുന്നത്. ചിലര്‍ക്ക് സോക്‌സ്, ടൈ തുടങ്ങിയ ചില തുണിത്തരങ്ങള്‍ കഴുകുകയും ഉണക്കുകയും മാത്രം മതിയായിരിക്കും. അത്തരക്കാര്‍ക്ക് അത്തരം സേവനങ്ങള്‍ മാത്രമാണ് ചെയ്ത് നല്‍കുക.

ഈ മേഖലയില്‍ നിലവില്‍ ധാരാളം മത്സരമാണ് നടക്കുന്നത്. പുതിയ കമ്പനികള്‍ നിരവധി വരുന്നുണ്ട്. ബാംഗ്ലൂര്‍ ആസ്ഥാനമായി ആരംഭിച്ച ഒരു കമ്പനികളാണ് മൈവാഷ്,വാസപ്പ്. പിക്ക് മൈ ലോണ്‍ട്രി, ടൂളര്‍ എന്നിവ ഡല്‍ഹി ആസ്ഥാനമായ കമ്പനികളായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി കമ്പനികളാണ് ലോണ്‍ട്രി മേഖലയില്‍ വന്നിട്ടുള്ളത്. ഇവയില്‍ ഒരു വിഭാഗത്തിന് സ്വന്തമായി വാഷിംഗ് മെഷിന്‍ ഉണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണവും ഉണ്ട്. എന്നാല്‍ ആപ്കാ ധോബി പുതിയ സാങ്കേതിക വിദ്യകള്‍ ഈ മേഖലയില്‍ പരീക്ഷിക്കാനുള്ള ശ്രമത്തിലാണ്.