മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് ഗ്രീന്‍ വേര്‍മ്‌സ്‌

0

ആയുര്‍വേദവും മാലിന്യനിര്‍മ്മാര്‍ജനവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്ന് കോഴിക്കോട്ടുകാരനായ ജാബിര്‍ കാരാട്ട് ഉറപ്പിച്ചു പറയും. യുവസംരംഭകര്‍ കടന്നു വരാന്‍ മടിക്കുന്ന മാലിന്യനിര്‍മ്മാര്‍ജന രംഗത്ത്, മികച്ച ജോലിയും റിസ്‌ക് ഇല്ലാത്ത ജീവിതവും ഉപേക്ഷിച്ച് ജാബിര്‍ ആരംഭിച്ച ഗ്രീന്‍ വേര്‍മ്‌സ് എന്ന സ്ഥാപനം ശ്രദ്ധാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ചും സമൂഹത്തെ സേവിച്ചും ഒരു വര്‍ഷം പിന്നിടുന്നു.

'ആയുര്‍വേദത്തില്‍ രോഗിക്ക് പകരം രോഗത്തിന്റെ മൂലകാരണത്തിനാണ് ചികിത്സ വിധിക്കുന്നത്. അത് രോഗിയെ ശാശ്വതമായി രോഗത്തില്‍ നിന്നും വിമുകതമാക്കുനുള്ള ഒരു ശ്രമം കൂടിയാണ്. അതേസമയം കേരളത്തിലെ പല സാമൂഹിക പ്രശ്‌നങ്ങളിലും സ്വീകരിക്കുന്ന പരിഹാര നടപടികള്‍ നേരെ തിരിച്ചാണ്. അടിസ്ഥാനപരമായ കാരണം മനസിലാക്കി, കൃത്യമായ ശാസ്ത്രീയ പഠനത്തോടെ, ദീര്‍ഘകാലം ലക്ഷ്യമിട്ടുള്ള ചികിത്സ പ്രാവര്‍ത്തികമാകാറില്ല സുപ്രധാന വിഷയങ്ങളില്‍ പോല്ലും. ഇതാണ് കേരളത്തെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ വിപത്തായ മാലിന്യനിര്‍മ്മാര്‍ജന മേഖലയില്‍ വരാന്‍ പ്രേരിപ്പിച്ചത്,' ഗ്രീന്‍ വേര്‍മ്‌സിന്റെ ബുദ്ധികേന്ദ്രമായ ജാബിര്‍ കാരാട്ട് വ്യക്തമാക്കി.

കോയമ്പത്തൂരിലെ തെരുവരോങ്ങളില്‍ ആക്രിപെറുക്കിയാണ് ജാബിര്‍ മാലിന്യനിയന്ത്രണത്തിന്റെ ബാലാപാഠങ്ങള്‍ പഠിച്ചത്.

2014ല്‍ ജാബിറും സുഹൃത്തുക്കളും ചേര്‍ന്ന് സാമൂഹിക നന്മ ലക്ഷ്യമിട്ട് കോഴിക്കോട് ആസ്ഥാനമായി ആരംഭിച്ച സ്ഥാപനമാണ് ഗ്രീന്‍ വേര്‍മ്‌സ് ഏകോ സോളിയുഷന്‍സ്. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ നൂറിലധികം പരിപാടികളുടെ മാലിന്യ സംസ്‌കരണവും കൂടാതെ ബോധവല്‍കരണ ക്ലാസ്സുകളും ഗ്രീന്‍ വേര്‍മ്‌സിന്റെ മേല്‍നോട്ടത്തില്‍ നടത്തി കഴിഞ്ഞു.

മാലിന്യ ഉത്പാദനം കുറയ്ക്കുക, പരമാവധി പുനരുത്പാദനം നടത്തുക, മാലിന്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അന്തസ്സ് ഉയര്‍ത്തുക എന്നീ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ഗ്രീന്‍ വേര്‍മ്‌സ് പ്രവര്‍ത്തനം നടത്തുന്നത്.

'മാലിന്യം പലപ്പോഴും അലസമായി അനുചിത സ്ഥാനത്ത് ഇടുന്ന ഒരു വസ്തുവാണ്. മാലിന്യ നിര്‍മ്മാര്‍ജനത്തെക്കാള്‍ ഉത്പാദനത്തിന്റെ തോത് കുറയ്ക്കുന്നതാണ് പ്രായോഗികവും ഭാവിയില്‍ ഗുണം ചെയ്യുന്നതും,' അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ ചില സാമൂഹിക പ്രശ്‌നങ്ങള്‍ തന്നാല്‍ കഴിയുന്ന വിധം പരിഹരിക്കാനാണ് രണ്ടു വര്‍ഷത്തോളം മുംബൈയില്‍ ജോലി ചെയ്ത് ജാബിര്‍ നാട്ടില്‍ തിരിച്ചെത്തിയത്.

'മാലിന്യ നിയന്ത്രണത്തിനോടുള്ള മലയാളികളുടെ മനോഭാവം മാറിയെ തീരു. കോടികള്‍ മുടക്കി പരിപാടി നടത്തുന്നവര്‍ മാലിന്യനിര്‍മ്മാര്‍ജനത്തിന് വളരെ തുച്ഛമായ തുകയാണ് മാറ്റിവെക്കുന്നത്. മാലിന്യ സംസ്‌കരണത്തിലാണ് നമ്മുക്ക് സാക്ഷരത വേണ്ടത്. ഈ കാലഘട്ടത്തിന്റെ ആവശ്യകത കൂടിയാണിത്.

ചവറ്റുകുട്ടയുടെ പ്രാഥമിക ഉപയോഗം പോലും അറിയാത്ത ഒരുപാട് പേരുണ്ട്,' അദ്ദേഹം പറഞ്ഞു.

'വലിയ പരിപാടികള്‍, അത് വിവാഹമായാലും സമ്മേളനങ്ങളയാലും, വലിയ അളവിലുള്ള മാലിന്യമാണ് പുറംതള്ളുന്നത്. ഇതിന്റെ ചുക്കാന്‍ പിടിക്കുന്ന ഈവെന്റ്റ് മാനേജര്‍മാര്‍ പരിപാടി മികച്ചതാക്കാനുള്ള സംഘാടനം പോലെ തന്നെ പരമപ്രധാനമാണ് മാലിന്യ സംസ്‌കരണവും എന്ന് മറക്കുന്നു,'

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ചരിത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ജാബിര്‍ ജാബിര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം മൂന്ന് ലക്ഷത്തിലധികം ആള്‍ക്കാര്‍ പങ്കെടുത്ത കാരന്തൂര്‍ മര്‍ക്കസ് സമ്മേളനം, സംസ്ഥാന സ്‌കൂള്‍ യുവജനോസ്തവം തുടങ്ങിയവ മാലിന്യവിമുക്തമാക്കി മാറ്റികൊണ്ട് ഗ്രീന്‍ വേര്‍മ്‌സ് ജനശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. വന്‍ ജനപങ്കാളിത്തമുള്ള പരിപാടികളുടെ മാലിന്യനിര്‍മ്മാര്‍ജനത്തിന്നും പരിസര ശുചീകരണത്തിന്നുമാണ് ഗ്രീന്‍ വേര്‍മ്‌സ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്.

സ്‌കൂളുകള്‍, കോളേജുകള്‍, റസിഡെന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ബോധവല്‍കരണ ക്ലാസ്സുകളും ഗ്രീന്‍ വേര്‍മ്‌സ് സംഘടിപ്പിക്കുന്നുണ്ട്. പ്ലാസ്റ്റിക് വിമുക്ത റസിഡെന്‍സ് അസോസിയേഷനുകള്‍, വീടുകളില്‍ കമ്പോസ്റ്റുകള്‍, ബയോഗ്യാസ് ഉത്പാദനവും ഗ്രീന്‍ വേര്‍മ്‌സ് ലക്ഷ്യമിടുന്നു. ഫേസ്ബുക്ക് വഴിയുള്ള പ്രചാരണവും ശക്തമായി കൊണ്ടുപോകുന്നുണ്ട് അദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക www.facebook.com/greenworms.

യഥാര്‍ത്ഥത്തില്‍ ഒന്നും പാഴ്‌വസ്തുക്കളല്ല. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ സാമ്പത്തിക മുല്യമുള്ള ഒരു വസ്തുവാണ് മാലിന്യം. അതുകൊണ്ട് തന്നെ മാലിന്യ നിയന്ത്രണ പ്ലാന്റുകള്‍ക്ക് പകരം, മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ തുറക്കുകയാണ് ലക്ഷ്യം ജാബിര്‍ വ്യക്തമാക്കി.

ചില ചെറിയ ചുവടുവെപ്പുകള്‍, പലപ്പോഴും വലിയ മാറ്റങ്ങള്‍ വ്യവ്യസായ രംഗത്ത് സൃഷ്ടിച്ചിട്ടുണ്ട്. ഗ്രീന്‍ വേര്‍മ്‌സിനും ആ ഗണത്തില്‍ ചേര്‍ന്ന് അത്ഭുതം രചിക്കാന്‍ സാധിക്കട്ടെ.