കേരളത്തിന് അഭിമാനമായി ചെന്നൈയില്‍ ആനവണ്ടികള്‍

0

ചെന്നൈ മുങ്ങുമ്പോഴും പ്രളയത്തില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ സൗജന്യ ബസ് സര്‍വീസ് നടത്തിയ കേരള സര്‍ക്കാരിന് തമിഴ് മാധ്യമങ്ങളുടെ അകമഴിഞ്ഞ പ്രശംസ. മറ്റ് സംസ്ഥാനക്കാര്‍ തലയെണ്ണി കാശുവാങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുമ്പോഴാണ് തികച്ചും സൗജന്യമായി കെ എസ് ആര്‍ ടി സി ചെന്നൈയിലെത്തിയത്. 

തമിഴനെന്നോ മലയാളിയെന്നോ തെലുങ്കനെന്നോ വിദേശിയെന്നോ ഭേദമില്ലാതെ ചെന്നൈയില്‍ നിന്ന് വരുന്നവര്‍ക്ക് കെ എസ് ആര്‍ടി സിയില്‍ എവിടെയിറങ്ങിയാലും ടിക്കറ്റ് എടുക്കേണ്ട. ചെന്നൈ പ്രളയം മുതലെടുത്ത് കര്‍ണാടക ട്രാന്‍സ് പോര്‍ട്ടും സ്വകാര്യ സര്‍വീസുകളുമെല്ലാം പകല്‍കൊള്ള നടത്തുമ്പോഴാണ് നഷ്ടം മാത്രം മൂലധനമാക്കിയ ഈ ആനവണ്ടികള്‍ ചെന്നൈയിലെ വെള്ളക്കെട്ടുകളിലൂടെ യാത്രക്കാരെയുകൊണ്ട് ലക്ഷ്യ സ്ഥാനത്തേക്ക് ചീറിപ്പായുന്നത്. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് സൗജന്യ യാത്രക്കു പുറമേ ശുദ്ധജലവും ബിസ്‌കറ്റും പഴവുമുള്‍പ്പെടെ ഭക്ഷണ സാധനങ്ങളും ലഭ്യമാക്കിയാണ് കെ എസ് ആര്‍ ടി സി കൈത്താങ്ങാകുന്നത്. ദിനമലര്‍ ഉള്‍പ്പെടെ പ്രമുഖ തമിഴ് പത്രങ്ങള്‍ കേരളത്തിന്റെ നടപടിയെ സ്വാഗതം ചെയ്തു വാര്‍ത്തകള്‍ നലകിയിട്ടുണ്ട്. ബസുകളില്‍ കേരള മുഖ്യമന്ത്രിയുടെ സ്റ്റിക്കര്‍ പതിച്ചിട്ടില്ലെന്നതും വാര്‍ത്തയില്‍ എടുത്ത് പറയുന്നുണ്ട്. ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത വാര്‍ത്തക്ക് നിരവധി പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തെ മാതൃകയാക്കണമെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് കെഎസ് ആര്‍ ടി സി സര്‍വീസ് ഇല്ലാത്തതിനാല്‍ ആദ്യമായാണ് ഈ ബസുകള്‍ ചെന്നൈയിലെത്തിയതും. ചുവപ്പും മഞ്ഞയും നിറത്തിലുള്ള ബസുകള്‍ ചെന്നൈ നഗരത്തിന് പുതു കാഴ്ചയുമായിരുന്നു. സൗജന്യ സര്‍വീസായതിനാല്‍ ഡീസലടിക്കാന്‍ 6000 രൂപ വീതം നല്‍കിയാണ് കെ എസ് ആര്‍ ടി സി ഒരോ ബസും ട്രിപ്പിന് അയച്ചത്. ഓരോ ബസിലും രണ്ടു വീതം ഡ്രൈവര്‍മാരുണ്ട്. കോയമ്പേട് ബസ് ടെര്‍മിനലില്‍ ബസ് ബേ നാലില്‍നിന്നാണ് കെ എസ് ആര്‍ടി സി സര്‍വീസുകള്‍ നടത്തുന്നത്. ചെന്നൈയില്‍ ആനവണ്ടികള്‍ വന്നപ്പോള്‍ ഉണ്ടായ കാഴ്ചകളും അഭിപ്രായങ്ങളും വിവരിക്കുകയാണ് ദൃക്‌സാക്ഷിയായ വിഷ്ണു സുദര്‍ശന്‍. 'അങ്ങനെ അവസാനം ആനവണ്ടി ചെന്നൈ മൊഫ്യൂസില്‍ ബസ് ടെര്‍മിനലില്‍ കയറി . 

ഇതുവരെ ഒരു സര്‍വീസ് പോലും നടത്താത്ത കെ എസ് ആര്‍ ടി സി ചെന്നൈയില്‍ ഒറ്റ ദിവസം 12 സര്‍വീസ് നടത്തി ചരിത്രം കുറിച്ചിരിക്കുന്നു. ടി എന്‍ എസ് ടി സിയും കര്‍ണാടകയും പ്രൈവറ്റുകാരും തലയെണ്ണി കാശു വാങ്ങിക്കൊണ്ട് സര്‍വ്വീസുകള്‍ ഒരു ലാഭം ആക്കിയപ്പോള്‍ ഒരു ചില്ലി കാശ് പോലും വാങ്ങാതെ ആളുകളെ തുമ്പികയ്യിലേന്തി കൊണ്ടു പൊയി ആനവണ്ടി അക്ഷരാര്‍ഥത്തില്‍ ചെന്നൈ മൊഫ്യൂസില്‍ ബസ് ടെര്‍മിനല്‍ ആനവണ്ടി ഇളക്കി മറിച്ചു. നിറത്തിലുള്ള ഭംഗിയും ബസ്സിന്റെ ആകാരവും പിന്നെ കണ്ടുപരിചയം ഇല്ലാത്തതു കൊണ്ടും എല്ലാരും വായും പൊളിച്ചാണ് ആനവണ്ടിയെ നോക്കി നിന്നത്. എന്തായാലും ചെന്നൈ നഗരം ഒരിക്കലും മറക്കില്ല ഈ നന്മ•നിറഞ്ഞ ആനവണ്ടികളെ.......'