പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് അരിയാക്കുന്നതിന് ചെറുകിട മില്ലുകള്‍ സ്ഥാപിക്കും: മന്ത്രി സുനില്‍കുമാര്‍

പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് അരിയാക്കുന്നതിന് ചെറുകിട മില്ലുകള്‍ സ്ഥാപിക്കും: മന്ത്രി സുനില്‍കുമാര്‍

Saturday April 29, 2017,

2 min Read

സംസ്ഥാനത്ത് പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് സംസ്‌കരിച്ച് അരിയാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ചെറുകിട മില്ലുകള്‍ സ്ഥാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷിക മേഖലയ്ക്കായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തുക ഈയിനത്തില്‍ ക്രമീകരിക്കുന്നത് പരിഗണിച്ചുവരികയാണ്. മില്ലുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്കാവശ്യമായ പിന്തുണ കൃഷിവകുപ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആമ്പല്ലൂര്‍ പഞ്ചായത്തില്‍ തോട്ടറപ്പുഞ്ചയിലെ കുന്നംകുളം പാടശേഖരത്തില്‍ കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

image


 പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് അതത് സ്ഥലങ്ങളില്‍ തന്നെ സംസ്‌കരിച്ച് ബ്രാന്‍ഡ് ചെയ്ത് പ്രാദേശികാടിസ്ഥാനത്തില്‍ വില്‍ക്കുന്ന മാതൃക സംസ്ഥാനത്ത് വ്യാപകമാകുകയാണ്. ചൂര്‍ണിക്കര, മെത്രാന്‍ കായല്‍, ആറന്മുള എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ ഏതാനും ഭാഗങ്ങളിലും ഇത് പ്രാവര്‍ത്തികമായിട്ടുണ്ട്. പ്രാദേശിക സര്‍ക്കാരുകളും ജനപ്രതിനിധികളും മുന്‍കയ്യെടുത്താല്‍ ഇത്തരം സംരംഭങ്ങള്‍ക്കാവശ്യമായ സാമ്പത്തിക, സാങ്കേതിക സഹായം കൃഷി വകുപ്പ് ലഭ്യമാക്കും. തരിശിടങ്ങളെ കൃഷിയിടങ്ങളാക്കി നെല്ലുല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. നെല്‍വയലുകള്‍ ഉള്ള സ്ഥലങ്ങളില്‍ കൃഷി നടത്തിയാല്‍ ഉല്‍പ്പാദനം ഇരട്ടിയാക്കാനും വില നിയന്ത്രിക്കാനും കഴിയും. 40 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സംസ്ഥാനത്തിന്റെ പ്രതിവര്‍ഷ ആവശ്യമെന്നിരിക്കെ ഉല്‍പ്പാദനം 12 ലക്ഷം മെട്രിക് ടണ്‍ മാത്രമാണ്. അതുകൊണ്ടു തന്നെ നെല്‍ക്കൃഷി നഷ്ടത്തിലാകില്ല. നാട്ടിന്‍പുറങ്ങളിലെ വയലുകളില്‍ ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ലിന് നല്ല വില ലഭിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കാര്‍ഷിക ഇന്‍ഷുറന്‍സ് രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാകുന്ന സംരംഭമാണ് കേരളത്തില്‍ നടപ്പാക്കിയിരിക്കുന്നത്. നൂറു രൂപ പ്രീമിയത്തില്‍ ഹെക്ടറിന് 12500 രൂപ നഷ്ടപരിഹാരം നല്‍കിയിരിക്കുന്നത് അതേ പ്രീമിയത്തില്‍ 30,000 രൂപയാക്കി. കാലാവസ്ഥ, രോഗം, കീടങ്ങള്‍ എന്നിവ മൂലം കൃഷിക്കുണ്ടാകുന്ന നഷ്ടത്തിന് ലഭിക്കുന്ന പരിഹാരത്തുക രാജ്യത്ത് തന്നെ ഏറ്റവും കൂടുതലാണ്. നെല്‍ക്കൃഷിക്ക് ഈ വര്‍ഷം ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് 900 കോടി രൂപയാണ്. കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ലിനുള്ള പ്രതിഫലം കാലതാമസമില്ലാതെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അനൂപ് ജേക്കബ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, മുന്‍ എം.എല്‍.എ പി. രാജു, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജലജ മോഹനന്‍ (ആമ്പല്ലൂര്‍), ജസ്സി പീറ്റര്‍ (എടക്കാട്ടുവയല്‍), ഓമന ശശി (ചോറ്റാനിക്കര), ജോണ്‍ ജേക്കബ് (ഉദയംപേരൂര്‍), റെഞ്ചി കുര്യന്‍ (മുളന്തുരുത്തി), ശോഭ ഏലിയാസ് (മണീട്), ലൈല ജമാല്‍ (വെള്ളൂര്‍), ജില്ലാ പഞ്ചായത്ത് അംഗം എ.പി. സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മാധവന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം. ശ്രീദേവി, അസി. ഡയറക്ടര്‍ ബിജി തോമസ്, കൃഷി ഓഫീസര്‍ എം.ഡി. സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.