ടെക്‌നോപാര്‍ക്കിന്‌ തിലകക്കുറിയാകാന്‍ ഷിരിയ

0


പമ്പ, നിള, പെരിയാര്‍, ചന്ദ്രഗിരി, ഗായത്രി, ഭവാനി ഇപ്പോളിതാ ഷിരിയയും. പേരുകള്‍ കേട്ട് ഞെട്ടണ്ട..ടെക്‌നോപാര്‍ക്കിലെ കെട്ടിട സമുച്ചയങ്ങളുടെ പേരാണിത്. ഏറ്റവും ഒടുവിലായി ഷിരിയയും പ്രവര്‍ത്തന സജ്ജമായി. അന്താരാഷ്ട്രാ നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്ന 'ഷിരിയ' കെട്ടിട സമുച്ചയം ഫെബ്രുവരി 25 ന് സംസ്ഥാന ഐ.ടി.-വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രാജ്യത്തിനു സമര്‍പ്പിക്കും. വൈകുന്നേരം 3 മണിക്ക് ടെക്‌നോപാര്‍ക്കിലെ പാര്‍ക് സെന്ററിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. മറ്റു കെട്ടിട സമുച്ചയങ്ങള്‍ക്കുള്ളതുപോലെ കേരളത്തിലെ പ്രധാനപ്പെട്ട നദികളിലൊന്നായ വടക്കന്‍ മലബാറിലെ 'ഷിരിയ' നദിയുടെ പേരിലാണ് പുതിയ കെട്ടിടം അറിയപ്പെടുക.

നദിയുടെ പേരിടുന്ന ടെക്‌നോപാര്‍ക്കിലെ 10-ാമത്തെ കെട്ടിടമാണ് 'ഷിരിയ'. പണി പൂര്‍ത്തിയാകുമ്പോള്‍ 9 ലക്ഷം ചതുരശ്ര അടിയിലായി ഐ.ടി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി, ടെക്‌നോപാര്‍ക്കിലെ ഒന്നാം ഘട്ടത്തിലെ ഏറ്റവും വലിയ കെട്ടിട സമുച്ചയമായി ഷിരിയ മാറും. 12 നിലകളിലായി പണിതുയര്‍ത്തുന്ന പുതിയ കെട്ടിട സമുച്ചയത്തില്‍ താഴത്തെ നാലു നിലകളും പാര്‍ക്കിംഗ് സൗകര്യങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്നു. ഓരോ നിലകളിലും 75000 ചതുരശ്ര അടിയിലാണ് ഐ.ടി. സൗകര്യങ്ങള്‍ ഒരുക്കുന്നത്. പണി പൂര്‍ത്തിയാകുമ്പോള്‍ 7000 പേര്‍ക്ക് നേരിട്ടുള്ള തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. 260 കോടി രൂപയാണ് ചിലവ് കണക്കു കൂട്ടിയിട്ടുള്ളത്. 3 വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാകും.

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. പാര്‍ക്കായ ടെക്‌നോപാര്‍ക്കില്‍ കഴിഞ്ഞ വര്‍ഷം 5100 കോടി രൂപയുടെ ഐ.ടി. കയറ്റുമതി രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ മൊത്തം ഐ.ടി. കയറ്റുമതിയുടെ 55 ശതമാനമാണ് ഇത്. നടപ്പു സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 6250 കോടി രൂപ കയറ്റുമതി രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിനകത്തു നിന്നും പുറത്തുനിന്നും ടെക്‌നോപാര്‍ക്കിലേക്ക് ആകര്‍ഷിക്കപ്പെടുന്ന കമ്പനികളുടെ വര്‍ദ്ധനവു കണക്കിലെടുത്താണ് കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതെന്ന് ടെക്‌നോപാര്‍ക്ക് ബിസിനസ്സ് ഡവലപ്പ്‌മെന്റ് മാനേജര്‍ വസന്ത് വരദ് പറഞ്ഞു.