ആകാശ് മിശ്ര; പ്രതീക്ഷയുടെ സുവര്‍ണനാമം

ആകാശ് മിശ്ര; പ്രതീക്ഷയുടെ സുവര്‍ണനാമം

Wednesday October 28, 2015,

3 min Read

ആകാശിന്റെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ആകാശത്തോളം തന്നെ ഉയരമുണ്ട്. അഗ്നി ചിറകുകളുമായി തന്റെ സ്വപ്നങ്ങളിലേക്കുള്ള ആകാശ് മിശ്രയുടെ ജൈത്ര യാത്ര തുടങ്ങിയത് പതിനാലാം വയസിലാണ്. പത്താം ക്ലാസുകരനായ ചെറുബാലന് എന്ത് ചെയ്യാനാകും എന്ന് നെറ്റിചുളിച്ചവര്‍ക്ക് മുന്നില്‍ ഇന്ന് അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കാവുന്ന പേരാണ് ആകാശിന്റേത്. സ്വപ്നങ്ങളോടൊപ്പം ആകാശിന്റെ ചിന്തകള്‍ക്കും ബഹുവര്‍ണമാണ്. അതില്‍നിന്ന് വിരിഞ്ഞ സ്വപ്നങ്ങളില്‍ ഒന്നാണ് ഗോള്‍ഡന്‍ ബേര്‍ഡ് എന്ന എന്‍ ജി ഒ. ഗോള്‍ഡന്‍ ബേര്‍ഡിന്റെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും ആകാശിന്റെ വിയര്‍പ്പിന്റെ മണമാണ്. പാവപ്പെട്ടവരും സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുമായവര്‍ക്ക് വിദ്യാഭ്യാസത്തിനുള്‍പ്പെടെ സഹായങ്ങള്‍ നല്‍കി അവരെ കൈപിടിച്ചുയര്‍ത്താനുള്ള ആകാശിന്റെ ശ്രമങ്ങള്‍ക്ക് ഒരു പൊന്‍തൂവല്‍ തന്നെ ചാര്‍ത്താം.

image


ആകാശിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗമായതിനാല്‍ തനിക്ക് കമ്പ്യൂട്ടര്‍ പഠിക്കണമെന്ന മോഹത്തിന് വീട്ടുകാര്‍തന്നെ തടസം നില്‍ക്കേണ്ടി വന്ന സാഹചര്യമാണ് ഇന്ന് നിരവധി പേര്‍ക്ക് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്ന ഗോള്‍ഡന്‍ ബേര്‍ഡിലേക്ക് എത്തിച്ചത്. കമ്പ്യൂട്ടര്‍ പഠിക്കണമെന്ന് അമ്മയോട് പറഞ്ഞപ്പോള്‍ പറ്റില്ലെന്നായിരുന്നു മറുപടി. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഒരാള്‍ക്ക് കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നുമെല്ലാം നേരിടുന്ന അവഗണനയെക്കുറിച്ച് അതില്‍നിന്നാണ് പഠിക്കാന്‍ തുടങ്ങിയത്. കമ്പ്യൂട്ടര്‍ പഠനമൊന്നും തങ്ങളെ പോലെയുള്ള പാവങ്ങള്‍ക്ക് സാധ്യമാകില്ലെന്നായിരുന്നു അമ്മയുടെ മറുപടി.

പിന്നീട് ഗാന്ധിജി, ഭഗത് സിംഗ്, സ്വാമി വിവേകാന്ദന്‍ എന്നീ മഹാത്മാക്കളുടെ പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യ വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവശ്യകത മനസിലായി. സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന ഒരു വിഭാഗത്തിന് വിദ്യാഭ്യാസം ലഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്ന് മനസില്‍ കുറിച്ചു. തന്റെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും സാമ്പത്തിക പരാധീനത പ്രശ്‌നമാകില്ലെ ദൃഢനിശ്ചയമാണ് ഏറ്റവും വലിയ ഊര്‍ജ്ജമെന്ന് ആകാശ് തിരിച്ചറിഞ്ഞു. അതില്‍നിന്നാണ് ഗോള്‍ഡന്‍ ബേര്‍ഡ് ഫൗണ്ടേഷന്റെ രൂപീകരണം.

ഒരു ഓര്‍ഫനേജില്‍ പോകാനിടയായ സാഹചര്യവും ആകാശ് ഓര്‍മിക്കുന്നു. കുട്ടികളുടെ ദൈന്യത നിറഞ്ഞ മുഖം അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആകാശിന്റെ ആഗ്രഹങ്ങള്‍ക്ക് കരുത്തേകി. 15 വയസില്‍ ഒരു സ്ഥാപനം തുടങ്ങുക ആകാശിനെ സംബന്ധിച്ച് ഏറെ പ്രയാസമേറിയതായിരുന്നു. മാത്രമല്ല സ്ഥാപനത്തിന്റെ നിയമ കാര്യങ്ങളും ഡോക്യുമെന്റേഷനുമെല്ലാം ഒറ്റക്ക് ചെയ്യുകയും ഏറെ പ്രയാസമായിരുന്നു. ചുറ്റമുള്ളവര്‍ക്ക് തന്റെ ആശയം ഉള്‍ക്കൊള്ളാനാകാത്തതായിരുന്നു. പലരും എതിരഭിപ്രായം പറഞ്ഞെങ്കിലും താന്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഒട്ടേറെ വെല്ലുവിളികള്‍ മറികടന്നാണ് എന്‍ ജി ഒ രൂപീകരിച്ചത്- ആകാശ് പറയുന്നു.

എന്‍ ജി ഒ തുടങ്ങുന്നതിനുള്ള സാമ്പത്തികമായിരുന്നു മറ്റൊരു തടസം. 15 വയസില്‍ സ്വന്തമായി ഒരു ജോലി തേടുക വലിയ പ്രശ്‌നം തന്നെയായിരുന്നു. തന്റേത് സമ്പന്ന കുടുംബം അല്ലാത്തതിനാല്‍ വീട്ടില്‍നിന്ന് പണം തേടാം എന്ന മാര്‍ഗത്തിനും വകയുണ്ടായിരുന്നില്ല. ആകെയുള്ള മാര്‍ഗം ആണ്‍കുട്ടി എന്ന പരിഗണനയില്‍ 15 വയസിലും ജോലി ലഭിക്കും എന്നതായിരുന്നു. അങ്ങനെ തികോന എന്ന കമ്പനിയില്‍ സെയില്‍സ് പേഴ്‌സണ്‍ ആയി ജോലി തേടിയത്. സാധനങ്ങള്‍ വീടുകള്‍തോറും എത്തിക്കേണ്ട ജോലിയായിരുന്നു അത്.

വളരെ ചെറിയ പ്രതിഫലം മാത്രം ലഭിക്കുന്ന ജോലിയായതുകൊണ്ട് ആളുകള്‍ക്ക് അതിനോടും പുച്ഛമായിരുന്നു. എന്നാല്‍ ഇതൊന്നും താന്‍ കണക്കിലെടുത്തില്ലെന്ന് ആകാശ് പറയുന്നു. തനിക്കൊപ്പം നില്‍ക്കാന്‍ ശരിയായ ആളുകളെ കണ്ടെത്തുകയായിരുന്നു ഈ ഘട്ടത്തിലുണ്ടായ മറ്റൊരു പ്രയാസം. ഡല്‍ഹിയിലുള്ള ഒരു വക്കീലിനെ സമീപിച്ച് അദ്ദേഹത്തിലൂടെയാണ് താന്‍ എന്‍ ജി ഒക്ക് ആവശ്യമായ ഡോക്യുമെന്റേഷനെല്ലാം ശരിയാക്കിയത്. അദ്ദേഹം പിന്നീട് എന്‍ ജി ഒയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായിച്ചതായി ആകാശ് ഓര്‍മിക്കുന്നു.

ഇതുകഴിഞ്ഞ് രണ്ട് വര്‍ഷംശേഷമാണ് ആകാശിന്റെ സ്വപ്നമായ ഗോള്‍ഡന്‍ ബേര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ന് കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കാന്‍ സൗജന്യ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ പദ്ധതി ഗോള്‍ഡന്‍ ബേര്‍ഡ് നടത്തുന്നുണ്ട്. സ്ത്രീ ശാക്തീകരണ പദ്ധതി വഴി സ്ത്രീകള്‍ നിര്‍മിക്കുന്ന വസ്ത്രങ്ങള്‍ ഫാഷന്‍ ഷോകള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. അതിലൂടെ അവരുടെ ജോലിയെ പ്രോത്സാഹിപ്പിക്കുന്നു. രക്തദാനത്തിനും മറ്റുമായി ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അതുപോലെ നേതൃ സംരക്ഷണ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്, പരിസ്ഥിതി ബോധവല്‍കരണത്തിനുവേണ്ടി നടത്തിയ സൈക്ലിംഗ് മാരത്തോണിന് വലിയ സ്വീകരണമാണ് ലഭിച്ചത്.

എന്‍ ജി ഒയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാന്‍ ഇതുപോലുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് അടുത്ത ലക്ഷ്യം. സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനകളുമായി സഹകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചെറിയ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ വലിയ റിസള്‍ട്ടാണ് തങ്ങള്‍ക്കുണ്ടാകുന്നത്. തങ്ങള്‍ ഡൊണേഷനുകളൊന്നും സ്വീകരിക്കാറില്ല. പരിപാടികള്‍ഡ സംഘടിപ്പിച്ച് അതിലൂടെ ലഭിക്കുന്ന ഫണ്ടുകള്‍ മാത്രമാണ് ആശ്രയം- ആകാശ് പറയുന്നു. ആകാശിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനാണ്ട്. കരുത്തേകി ആകാശിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും കൂടെയുണ്ട്.