റെക്കോര്‍ഡ് നേട്ടവുമായി സിയാല്‍

റെക്കോര്‍ഡ് നേട്ടവുമായി സിയാല്‍

Friday June 24, 2016,

2 min Read

പൊതുജനപങ്കാളിത്തത്തോടെ നിര്‍മ്മിച്ച രാജ്യത്തെ ആദ്യ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡി(സിയാല്‍)ന് റെക്കോര്‍ഡ് നേട്ടം. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 524.54 കോടി രൂപയുടെ വിറ്റുവരവും 175.22 കോടി രൂപയുടെ (നികുതി കിഴിച്ചുള്ള) ലാഭവും നേടി. സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം നിക്ഷേപകര്‍ക്ക് 25 ശതമാനം ലാഭവിഹിതം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

image


പൊതുജന പങ്കാളിത്തത്തോടെ പണികഴിപ്പിച്ച രാജ്യത്തെ ആദ്യത്തെ വിമാനത്താവളം എന്ന ഖ്യാതി മാത്രമല്ല സിയാല്‍ ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളം കൂടിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വിറ്റുവരവില്‍ 26.71 ശതമാനവും ലാഭത്തില്‍ 21.19 ശതമാനവും വളര്‍ച്ചയുണ്ട്. 36 രാജ്യങ്ങളിലായി 18,200 നിക്ഷേപകരുള്ള സിയാല്‍ 2003-04 സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനി തുടര്‍ച്ചയായി ലാഭവിഹിതം നല്‍കിവരുന്നു. 

image


2014-15 സാമ്പത്തിക വര്‍ഷത്തോടെ മൊത്തം 153 ശതമാനം ലാഭവിഹിതം നിക്ഷേപകര്‍ക്ക് നല്‍കി. ഇതുവരെ മൂന്നുതവണ അവകാശ ഓഹരികള്‍ വിതരണം ചെയ്തു. ഇത്തവണ 25 ശതമാനം ലാഭവിഹിതമാണ് ഡയറക്ടര്‍ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. സെപ്റ്റംബര്‍ മൂന്നിന് എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ നടക്കുന്ന വാര്‍ഷിക പൊതുയോഗം ഡയറക്ടര്‍ബോര്‍ഡ് ശുപാര്‍ശ അംഗീകരിക്കേണ്ടതുണ്ട്.

image


മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്തെ ഏഴാമതും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനവുമാണ് സിയാലിനുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 77 ലക്ഷത്തിലധികം പേര്‍ കൊച്ചിയിലൂടെ യാത്രചെയ്തു. 2023 ഓടെ 3,000 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ നടന്നുവരുന്നു. ഡ്യൂട്ടി ഫ്രീ,ഊര്‍ജോത്പാദനം, ബിസിനസ് വൈവിധ്യവത്ക്കരണം എന്നിവയാണ് വരുമാന വര്‍ധനയ്ക്കുള്ള പ്രധാന പദ്ധതികള്‍. 

image


2015 ഓഗസ്റ്റ് മുതല്‍ സമ്പൂര്‍ണമായും സൗരോര്‍ജത്താലാണ് സിയാല്‍ പ്രവര്‍ത്തിക്കുന്നത്. 15.5 മെഗാവാട്ടാണ് സൗരോര്‍ജ പ്ലാന്റിന്റെ നിലവിലെ സ്ഥാപിത ശേഷി. ഈ വര്‍ഷം അവസാനത്തോടെ ഇത് ഇരട്ടിയാകും. കൂടാതെ എട്ട് ചെറുകിട ജലവൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനവും നടന്നുവരുന്നു.

image


മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ സിയാല്‍ ബോര്‍ഡ് അംഗങ്ങളും മന്ത്രിമാരുമായ തോമസ് ഐസക്, മാത്യു ടി. തോമസ്, വി.എസ്.സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, ഡയറക്ടര്‍മാരായ എം.എ.യൂസഫലി, എന്‍.വി.ജോര്‍ജ്, കെ.റോയ് പോള്‍, എ.കെ.രമണി, സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍, കമ്പനി സെക്രട്ടറി സജി കെ.ജോര്‍ജ് തുടങ്ങിയവരാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തത്.