സൗജന്യ കൈത്തറി യൂണിഫോം വിതരണം പരമ്പരാഗത കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

0

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കൈത്തറി യൂണിഫോം വിതരണം ചെയ്യുന്ന പദ്ധതി പരമ്പരാഗത കൈത്തറിത്തൊഴിലാളികളുടെ കണ്ണീരൊപ്പാന്‍ സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി കൈത്തറി യൂണിഫോം വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക നേട്ടങ്ങളില്‍ പ്രധാനപ്പെട്ടതാണിത്. കുട്ടികള്‍ക്ക് യൂണിഫോം കൊടുക്കുന്നു എന്നതു മാത്രമല്ല ഇതിന്റെ പ്രത്യേകത. പല കാരണങ്ങളാല്‍ ക്ഷയിച്ചുപോയ പരമ്പരാഗത കൈത്തറി മേഖലയിലെ തൊഴിലാളികള്‍ക്ക് ഇത് വലിയതോതില്‍ സഹായകരമാകും. ചില കൈത്തറി സഹകരണ സംഘങ്ങള്‍ പോലും തകര്‍ന്നു പോയ സാഹചര്യത്തിലാണ് തൊഴിലാളികളെ രക്ഷിക്കാന്‍ എന്താണൊരു വഴി എന്ന് സര്‍ക്കാര്‍ ആലോചിച്ചത്. 

യൂണിഫോമിനുള്ള കൈത്തറിത്തുണി മൊത്തമായി സര്‍ക്കാര്‍ ശേഖരിച്ച് സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നതോടെ ഈ മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കാമെന്നും അവരുടെ വരുമാനം നല്ല നിലയില്‍ ഉയര്‍ത്താമെന്നും ഉറപ്പായതിനാലാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. എട്ടാംതരം വരെയുള്ള കുട്ടികള്‍ക്ക് രണ്ടു ജോഡി യൂണിഫോം വാങ്ങുന്നതിന് സര്‍ക്കാര്‍ പണം അനുവദിക്കുന്നുണ്ടെങ്കിലും അത്രയും കുട്ടികള്‍ക്ക് നല്‍കാനാവശ്യമായ തുണി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് എല്‍പി വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ ഇപ്പോള്‍ യൂണിഫോം വിതരണം ചെയ്യാന്‍ സാധിക്കുകയുളളു. ബാക്കി വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമിനുള്ള തുക വിതരണം ചെയ്യും. അടുത്തവര്‍ഷം മുതല്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം നല്‍കാനാവും വിധം കൈത്തറി ഉത്പാദനം വര്‍ധിപ്പിക്കും. ഹാന്‍ടെക്‌സും ഹാന്‍വീവും ലാഭം കുറച്ച് കുറഞ്ഞ വിലയ്ക്ക് തുണി വിതരണം ചെയ്യാന്‍ സന്നദ്ധരാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനു കൈമാറിയാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. യൂണിഫോം ലഭിക്കാത്ത മറ്റ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് യൂണിഫോമിനുള്ള തുക ലഭ്യമാക്കാന്‍ നടപടിയായിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. യൂണിഫോമും പാഠപുസ്തകങ്ങളും പരിശീലനം ലഭിച്ച അധ്യാപകരും അധ്യയനവര്‍ഷാരംഭത്തില്‍ത്തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വ്യവസായ, കായിക, യുവജനക്ഷേമ മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ഈ പദ്ധതി നടപ്പിലാക്കിയതോടെ കൈത്തറിമേഖലയില്‍ ഏകദേശം എണ്ണായിരം തൊഴിലാളികള്‍ക്കായി രണ്ടുലക്ഷത്തോളം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനായെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലെ 233 കൈത്തറി സഹകരണ സംഘങ്ങളില്‍ നിന്നാണ് ആവശ്യത്തിന് തുണി ശേഖരിക്കുന്നത്. നൂലിന്റെയും തുണിയുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 43 ഗുണമേന്മാ ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചു. തറികളുടെ അറ്റകുറ്റപ്പണികള്‍ക്കായി നാലായിരം രൂപ വരെ ധനസഹായം നല്‍കി. കേവലം നൂറ്റി അമ്പതു രൂപയില്‍ത്താഴെ പ്രതിദിന വരുമാനം ലഭിച്ചിരുന്ന തൊഴിലാളികളുടെ വരുമാനം 450 രൂപയ്ക്കും 600 രൂപയ്ക്കുമിടയില്‍ വര്‍ധിച്ചുവെന്നും വ്യവസായ മന്ത്രി പറഞ്ഞു. പരമ്പരാഗത തൊഴില്‍മേഖലയെ പൂര്‍ണമായും സംരക്ഷിക്കുന്ന ഈ പദ്ധതി സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ ഭരണത്തിലെ മികച്ച നേട്ടങ്ങളിലൊന്നാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനും, കൈത്തറി മേഖലയെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നു കരുതിയവര്‍ക്ക് പോലും പ്രത്യാശ പകരുന്ന പദ്ധതിയാണിതെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണഭട്ട് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കൈത്തറി ജനറല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അറയ്ക്കല്‍ ബാലന്‍, കെ.പി. സഹദേവന്‍, ഹാന്‍ടെക്‌സ് പ്രസിഡന്റ് പെരിങ്ങമ്മല വിജയന്‍, വ്യവസായ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജയ് കൗള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.