വീല്‍ ചെയറിലിരുന്ന് ഉയരങ്ങള്‍ കീഴടക്കിയ നരേഷ്

വീല്‍ ചെയറിലിരുന്ന് ഉയരങ്ങള്‍ കീഴടക്കിയ നരേഷ്

Saturday November 14, 2015,

2 min Read

ലോറി ഡ്രൈവറുടെ മകനായി ജനിച്ച നരേഷിന് പരിമിതികള്‍ ധാരാളം ഉണ്ടായിരുന്നെങ്കിലും സ്വപ്നങ്ങള്‍ വാനോളമായിരുന്നു. എന്നാല്‍ ഒരു അപകടത്തിലൂടെ ഇരുകാലുകളും നഷ്ടപ്പെട്ടതോടെ സ്വപ്നങ്ങളുടെ ചിറകൊടിഞ്ഞു. ഉയരങ്ങള്‍ കീഴടക്കാനുള്ള ആഗ്രഹം ഉണ്ടെങ്കിലും അത് നടക്കാനുള്ള സാഹചര്യം നഷ്ടമായി. അച്ഛനും അമ്മയും നിരക്ഷരരായിരുന്നെങ്കിലും മകനെ പഠിപ്പിക്കാന്‍ അവര്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. അവരുടെ ആഗ്രഹം പാഴായില്ല. നാഗ നരേഷ് കരുതുര മദ്രാസ് ഐ ഐ ടിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടി. ഗൂഗിളില്‍ ജോലി നേടിയ നരേഷിന് ഇപ്പോള്‍ മനം നിറയെ വൈകല്യം മറന്നുള്ള ആത്മസംതൃപ്തിയാണ്. ആന്ധ്രാ പ്രദേശിലെ ഗോദാവരി നദിയുടെ തീരത്തുള്ള തീപ്പാറു ഗ്രാമത്തിലാണ് നരേഷ് ജനിച്ചത്. 1993ല്‍ സംക്രാന്തി അവധി ദിനങ്ങളിലാണ് ലോറിയില്‍ നിന്നും വീണ് കാലുകള്‍ രണ്ടും നഷ്ടമായത്. ഒരു വലിയ സ്വകാര്യ ആശുപത്രിക്ക് മുന്നിലാണ് അപകടം സംഭവിച്ചത്. എന്നാല്‍ അവിടെ തനിക്ക് ചികിത്സ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഒരു പോലീസ് ഓഫീസറാണ് തന്നെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്.

image


സഹതാപം ആഗ്രഹിക്കാതിരുന്ന നരേഷിന് വളരെ സാധാരണമായ ഒരു കുട്ടിക്കാലം തന്നെ ലഭിച്ചു. നിറയെ നല്ല കൂട്ടുകാരിലൂടേയും രസകരമായ കളികളിലൂടേയും അവന്റെ കുട്ടിക്കാലം കടന്നുപോയി. എന്നാല്‍ അപകടത്തോടെ വളരെ സമര്‍ത്ഥനായ കുട്ടിയായിരുന്ന അവന് പഠിപ്പ് മുടങ്ങി. എന്നാല്‍ വിധി അവനോടൊപ്പം ആയിരുന്നു. അവന്റെ രക്ഷിതാക്കള്‍ ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് മാറി താമസിക്കുകയും അവനെയൊരു മിഷനറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിനായി ചേര്‍ക്കുകയും ചെയ്തു. അവനെ അവരോടൊപ്പം തന്നെ കാണുന്ന കുറച്ച് സുഹൃത്തുക്കളെ അവന് അവിടെ കൂട്ടുകിട്ടി. ഐ ഐ ടി .ജെ ഇ ഇയില്‍ 992ാമത്തെ റാങ്കും ഫിസിക്കലി ഹാന്‍ഡിക്യാപ്പ്ഡ് ക്യാറ്റഗറിയില്‍ നാലാം റാങ്കും ലഭിച്ചു. മദ്രാസ് ഐ ഐ ടി തന്റെ ജീവിതം മുഴുവന്‍ അതിശയങ്ങള്‍ കൊണ്ട് നിറഞ്ഞതായിരുന്നുവെന്ന് നരേഷ് ഓര്‍ക്കുന്നു. താന്‍ സഹായം അഭ്യര്‍ഥിക്കാത്തവര്‍പോലും തന്നെ സഹായിച്ചിരുന്നു.

ഒരിക്കല്‍ ട്രെയിനില്‍വെച്ച് താന്‍ കണ്ട സുന്ദര്‍ എന്ന വ്യക്തി ഹോസ്റ്റല്‍ ഫീസ് അടക്കാന്‍ തന്നെ സഹായിച്ചു. ചെറുപ്പത്തില്‍ തന്റെ ചികിത്സ നടത്തിയ ആശുപത്രി തന്റെ കോളജ് ഫീസ് അടക്കാന്‍ സഹായിച്ചു. ഐ ഐ ടിയിലെ തന്റെ ഡിപ്പാര്‍ട്ട്‌മെന്റ് തനിക്ക് ലിഫ്റ്റും റാമ്പും ഒരുക്കി സഹായം ചെയ്തിരുന്നു. കൂടുതല്‍ മികച്ച ഒരു വീല്‍ ചെയര്‍ വാങ്ങാന്‍ തന്നെ സഹായിച്ചത് കോളജ് ഡീന്‍ ആയ പ്രൊഫ. ഇടിച്ചാണ്ടിയും സ്റ്റുഡന്റ്‌സിന്റെ ജനറല്‍ സെക്രട്ടറിയായ പ്രസാദും ആയിരുന്നു. തനിക്കു ചുറ്റുമുള്ളത് ഒരുകൂട്ടം നല്ല ആളുകളാണെന്നതില്‍ നരേഷിന് സന്തോഷം തോന്നിയിരുന്നു. പഠനത്തിലെ മികവും സാമര്‍ഥ്യവും കൊണ്ട് ഗൂഗിളില്‍ നിന്നും മോര്‍ഗന്‍ സ്റ്റാന്‍ലിയില്‍ നിന്നും നരേഷിന് ഓഫര്‍ വന്നിരുന്നു. കമ്പ്യൂട്ടര്‍ സയന്‍സ്, അല്‍ഗോരിതം, ഗെയിം തിയറി എന്നിവയിലായിരുന്നു നരേഷിന് താത്പര്യം. അതുകൊണ്ടു തന്നെ ഗൂഗിളില്‍ ജോലി ചെയ്യാന്‍ നരേഷ് തീരുമാനിച്ചു. മനസ്സിന്റെ ബലംകൊണ്ട് നേടാന്‍ കഴിയാത്തതായി ഒന്നുമില്ല എന്ന് ഇപ്പോള്‍ അവന് തെളിയിക്കാനായി. അവന്റെ വളര്‍ച്ചയില്‍ മാതാപിതാക്കളും സുഹൃത്തുക്കളുമാണ് ഏറെ അഭിമാനിക്കുന്നത്.