ഐ.എം.എ. ദേശീയ പ്രമേഹ ശില്‍പശാല സംഘടിപ്പിച്ചു

0

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അക്കാഡമി ഓഫ് മെഡിക്കല്‍ സ്‌പെഷ്യാലിറ്റിയുടേയും ഇന്ത്യന്‍ ഡയബെറ്റിസ് എഡ്യൂക്കേഷന്‍ അസോസിയേഷന്റേയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ആനയറ ഐ.എം.എ. ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വച്ച് ഡോക്ടര്‍മാര്‍ക്കായി ദേശീയ പ്രമേഹ ശില്‍പശാല (ഡയബെറ്റിസ് അപ്‌ഡേറ്റ്) സംഘടിപ്പിച്ചു. 

ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. സാമുവല്‍ കോശി ശില്‍പശാല ഉദ്ഘാടനം ചെയ്തു. അക്കാഡമി ഓഫ് മെഡിക്കല്‍ സ്‌പെഷ്യാലിറ്റി ചെയര്‍മാന്‍ ഡോ. സുരേന്ദ്രബാബു അധ്യക്ഷനായ ചടങ്ങില്‍ ഐ.എം.എ. ജില്ലാ പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ഡോ. എ.വി. ജയകൃഷ്ണന്‍, ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, എ.എം.എസ്. സംസ്ഥാന സെക്രട്ടറി ഡോ. റോയ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

പ്രമേഹരോഗത്തെ നിയന്ത്രിക്കുക, അതിന്റെ സങ്കീര്‍ണതകള്‍ തടയുക, നൂതന ചികിത്സാ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഐ.എം.എ. ദേശീയ ശില്‍പശാല സംഘടിപ്പിച്ചത്. ഭക്ഷണ ക്രമീകരണത്തിനാണ് ഈ വര്‍ഷത്തെ ശില്‍പശാലയില്‍ പ്രാധാന്യം നല്‍കിയത്. ഇതോടൊപ്പം വിവിധ പ്രായോഗിക പരിശീലന ക്ലാസുകളും ഉണ്ടായിരുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികള്‍ ഈ ശില്‍പശാലയില്‍ പങ്കെടുത്തു.

ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, ഡോ.ജി. വിജയരാഘവന്‍, ഡോ. ആര്‍. സി. ശ്രീകുമാര്‍, ഡോ. രാജീവ് ജയദേവന്‍ തുടങ്ങിയ പ്രമേഹ, അനുബന്ധ ചികിത്സ രംഗത്തെ പതിനഞ്ചോളം വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പ്രബന്ധം അവതരിപ്പിച്ചു. പ്രമേഹരോഗ ചികിത്സാ രംഗത്ത് നിലവിലുള്ള അതിനൂതന സാങ്കോതിക വിദ്യകളും പ്രമേഹ രോഗ സങ്കീര്‍ണതകളുടെ ചികിത്സാ മാര്‍ഗങ്ങളും പ്രതിപാദിക്കുന്നതായിരുന്നു ഈ പ്രബന്ധങ്ങള്‍. ഡോക്ടര്‍മാര്‍ക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ അറിവ് പകരുന്നതിനായി പ്രത്യേക ക്ലാസുകളുമുണ്ടായിരുന്നു.