ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ 

0

രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 83.37 ശതമാനവും, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 81.5 ശതമാനവുമാണ് വിജയം. പി.ആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ആണ് പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ് ഇക്കുറി വിജയശതമാനം. 

ഹയര്‍ സെക്കന്‍ഡറിയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത് 11,829 പേര്‍ക്കാണ്. ഇതില്‍ 153 പേര്‍ 1200 ല്‍ മുഴുവന്‍ മാര്‍ക്കും നേടിയവരാണ്. എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചവരില്‍ 8.604 പേര്‍ പെണ്‍കുട്ടികളും 3.225 പേര്‍ ആണ്‍കുട്ടികളുമാണ്. സയന്‍സ് വിഭാഗത്തില്‍ 9,574 പേര്‍ക്കും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 532 പേര്‍ക്കും കൊമേഴ്സ് വിഭാഗത്തില്‍ 1,662 പേര്‍ക്കും എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 83 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം കൈവരിച്ചു. ഇതില്‍ എട്ട് സര്‍ക്കാര്‍ സ്‌കൂളുകളും 21 എയിഡഡ് സ്‌കൂളുകളും ഏഴ് സ്പെഷ്യല്‍ സ്‌കൂളുകളും ഉള്‍പ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം: 87.22 ശതമാനം. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ്: 77.65 ശതമാനം. പരീക്ഷ എഴുതിയ 3,66,139 പേരില്‍ 3,05,262 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. സയന്‍സ് വിഷയത്തില്‍ 86.25 ആണ് വിജയശതമാനം. ഹ്യുമാനിറ്റീസില്‍ 75.25 ശതമാനവും, കൊമേഴ്സില്‍ 83.96 ശതമാനവുമാണ് വിജയശതമാനം. 69,600 വിദ്യാര്‍ഥികള്‍ സ്‌കോള്‍ കേരള വഴി രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതിയതില്‍ 22,193 പേര്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. വിജയശതമാനം: 31.89. കലാമണ്ഡലം ആര്‍ട്‌സ് സ്‌കൂളില്‍ 79 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരുന്നതില്‍ 68 പേര്‍ ഉന്നതപഠന യോഗ്യത നേടി. 86.08 ആണ് വിജയശതമാനം. 28,172 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡോ അതിന് മുകളിലോ നേടിയപ്പോള്‍ 43,190 പേര്‍ എല്ലാ വിഷയത്തിനും ബി പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. 62,203 പേര്‍ക്ക് ബി ഗ്രേഡും 81,050 പേര്‍ക്ക് സി പ്ലസ് ഗ്രേഡും 78,312 പേര്‍ക്ക് സി ഗ്രേഡും 2018 പേര്‍ക്ക് ഡി പ്ലസ് ഗ്രേഡും 60,710 പേര്‍ക്ക് ഡി ഗ്രേഡും 560 പേര്‍ക്ക് ഇ ഗ്രേഡും ലഭിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് സ്വന്തമാക്കിയത്. 1261 കുട്ടികള്‍. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലാണ് കുറവ് വയനാട്ടിലും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ (738 പേര്‍) പരീക്ഷക്ക് സജ്ജരാക്കിയ മലപ്പുറം പാലേമേട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 80.30 ശതമാനം പേരെ ഉപരിപഠനത്തിന് അര്‍ഹരാക്കി. ഒന്നാംവര്‍ഷ പരീക്ഷയുടെ സ്‌കോറുകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണയിച്ചത്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് ഇരട്ടമൂല്യനിര്‍ണയം നടത്തിയാണ് സ്‌കോര്‍ കണക്കാക്കിയത്. രണ്ട് മൂല്യനിര്‍ണയങ്ങള്‍ തമ്മില്‍ 10 ശതമാനത്തിലധികം വ്യത്യാസം വന്ന പേപ്പറുകള്‍ മൂന്നാമതും മൂല്യനിര്‍ണയം നടത്തി. പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളുടെയും ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരുടേയും ഫലം തടഞ്ഞുവച്ചിട്ടില്ല. സേ/ഇംപ്രൂവ്മെന്റ് പരീക്ഷ ജൂണ്‍ ഏഴു മുതല്‍ 13 വരെ തീയതികളില്‍ നടക്കും. ഈമാസം 22 നകം സേ പരീക്ഷയ്ക്ക് അപേക്ഷിക്കണം. 30, 31 തീയതികളിലായി പ്രായോഗിക പരീക്ഷ നടക്കും. ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാഫലവും മെയ് മാസത്തില്‍ തന്നെ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പാര്‍ട് ഒന്ന്, രണ്ട്, മൂന്ന്, വിഭാഗത്തില്‍ യോഗ്യതനേടിയ വിദ്യാര്‍ത്ഥികള്‍ 23,983 പേരാണ്. വിജയ ശതമാനം 81.50. പാര്‍ട്ട് ഒന്നും രണ്ടും യോഗ്യത നേടിയത് 25,540 പേര്‍. 86.79 ശതമാനം വിജയം. പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗത്തില്‍ കൂടുതല്‍പേര്‍ യോഗ്യത നേടിയത് തിരുവനന്തപുരം ജില്ലയിലാണ്. 88.67 ശതമാനംപേര്‍ യോഗ്യതനേടി. 64.71 ശതമാനം വിജയമുള്ള പത്തനംതിട്ടയാണ് കുറഞ്ഞ വിജയശതമാനമുള്ള ജില്ല. പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളിലായി കൂടുതല്‍പേര്‍ യോഗ്യത നേടിയത് വയനാട്ടില്‍. 93.36 ആണ് വിജയശതമാനം. 71.05 ശതമാനം വിജയമുള്ള പത്തനംതിട്ട ഏറ്റവും പിന്നില്‍. എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച 39 കുട്ടികളാണുള്ളത്. 36 സര്‍ക്കാര്‍ സ്‌കൂളുകളും 10 എയ്ഡഡ് സ്‌കൂളുകളും പാര്‍ട്ട് ഒന്നിലും രണ്ടിലും 100 ശതമാനം വിജയം കൈവരിച്ചു. പാര്‍ട്ട് ഒന്നിലും രണ്ടിലും മൂന്നിലുമായി 100 ശതമാനം വിജയം കൈവരിച്ചത് 24 സര്‍ക്കാര്‍ സ്‌കൂളുകളും ഏഴ് എയ്ഡഡ് സ്‌കൂളുകളുമാണ്.