കാര്‍ ഫ്രീ ഡേ ചലഞ്ചുമായി ഗുഡ്ഗാവ് പോലീസ്

കാര്‍ ഫ്രീ ഡേ ചലഞ്ചുമായി ഗുഡ്ഗാവ് പോലീസ്

Friday November 27, 2015,

2 min Read

പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ് ഗുഡ്ഗാവ് നഗരത്തിലെ പതിവ് കാഴ്ച. മണിക്കൂറുകള്‍ ട്രാഫിക് ബ്ലോക്കില്‍ അകപ്പെടുന്ന ജനങ്ങളുടെ അവസ്ഥയും തങ്ങളുടെ ജോലിയും എങ്ങനെ കുറയ്ക്കാമെന്ന ആലോചനയാണ് ഗുഡ്ഗാവ് ട്രാഫിക് പോലീസ് അധികൃതരെ മാറി ചിന്തിപ്പിച്ചത്. അതാണ് കാര്‍ ഫ്രീ ഡേ എന്ന ആശയത്തിലെത്തിച്ചത്. സംഭവം ഉഷാറാക്കാന്‍ തന്നെ പോലീസ് തീരുമാനിച്ചു. ചൊവ്വാഴ്ചകളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനം ഉപയോഗിക്കണമെന്ന് പോലീസ് ജനങ്ങളോട് അഭ്യര്‍ഥന നടത്തി. വേള്‍ഡ് കാര്‍ ഫ്രീ ഡെ ആയ സെപ്റ്റംബര്‍ 22ന് ക്യാംപെയ്‌ന് തുടക്കിമിട്ടു. ഗുഡ്ഗാവ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, റാപ്പിഡ് മെട്രോ, നാസ്‌കോം എന്നിവരുടെ സഹായം കൂടിയായപ്പോള്‍ ട്രാഫിക് പോലീസിന് ക്യാംപെയ്ന്‍ സുഗമമാക്കാന്‍ സാധിച്ചു.

image


നഗരത്തിലെ പ്രധാന ഐടി പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യം ക്യാംപെയ്ന്‍ ആരംഭിച്ചത്. ട്രാഫിക് ബ്ലോക്കിന് ഒരു പരിധി വരെ കാരണം കാറുകളാണ്. അതിനാലാണ് ഇവ ഒഴിവാക്കി പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചതെന്ന് ഗുഡ്ഗാവ് ജോയിന്റ് കമ്മിഷ്ണര്‍ ഭാരതി അറോറ പറഞ്ഞു. ചൊവ്വാഴ്ചകളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെയാണ് കാറുകള്‍ ഉപേക്ഷിക്കാന്‍ പോലീസ് അവശ്യപ്പെടുന്നത്. ഡിഎല്‍എഫ് സൈബര്‍ സിറ്റി, സൈബര്‍ പാര്‍ക്ക് ഏരിയ, ഗോള്‍ഫ് കോഴ്‌സ് റോഡ്, ഇലക്ടോണിക് സിറ്റി എന്നിവിടങ്ങളിലാണ് നഗരത്തില്‍ ഏറ്റവും അധികം ട്രാഫിക് കുരുക്ക് അനുഭവപ്പെടുന്നത്. ക്യാംപെയ്‌ന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ അനധികൃത പാര്‍ക്കിങ് തടയുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. റോഡ്വശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പോലീസ് ക്രെയ്ന്‍ ഉപയോഗിച്ച് നീക്കം ചെയ്യും. ഇതിനായി ട്രാ 20 അധിക ക്രെയ്‌നുകള്‍ കൂടി ഉപയോഗപ്പെടുത്തും. ഇത്തരത്തില്‍ നീക്കം ചെയ്യുന്ന വാഹനങ്ങള്‍ ലെയ്ഷര്‍ വാലി പാര്‍ക്കിലെത്തിക്കും.

സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാനും അധികൃതര്‍ സംവിധാനം ഒരുക്കുന്നുണ്ട്. ഒരോ മൂന്നു മിനിട്ടിലും സര്‍വീസ് ഷെഡ്യൂള്‍ ചെയ്ത് റാപ്പിഡ് മെട്രോ സഹകരിക്കുന്നുണ്ട്. ജനം കാത്തു നിന്ന് മുഷിയുന്നത് ഒഴിവാക്കാന്‍ 225 മെട്രോ സര്‍വീസുകളാണ് നടത്തുന്നത്. കൂടാതെ അധിക ബസ് സര്‍വീസുകളും യാത്രക്കാര്‍ക്കായി തയാറായിട്ടുണ്ട്. സിറ്റിയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐടി കേന്ദ്രങ്ങളിലേക്കും മറ്റ് പ്രധാന ഓഫിസുകളിലേക്കും ബസ് സര്‍വീസ് ഒരുക്കയിട്ടുണ്ട്. ട്രാഫിക് കുരുക്ക് കുറയ്ക്കുന്നതിനൊപ്പം ഇന്ധനലാഭവും അന്തരീക്ഷ മലിനീകരണവും കുറയ്ക്കുമെന്നതും ക്യാംപെയ്‌നു പിന്നിലെ കാരണമാണെന്ന് കമ്മിഷ്ണര്‍ പറയുന്നു. ജനങ്ങളുെ കാര്‍ ഫ്രീ ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു.