കുട്ടികള്‍ക്കായി ഇന്ററാക്ടീവ് മ്യൂസിയം ആരംഭിച്ച വനിത

0

അറിവിലേക്കുള്ള യഥാര്‍ത്ഥ വഴി പരീക്ഷണങ്ങളാണെന്നാണ് അഞ്ജനാ മേനോനും ഭര്‍ത്താവ് അക്ഷയും ചിന്തിക്കുന്നത്. പരീക്ഷണങ്ങളിലൂടെ മാത്രമേ കുട്ടികള്‍ ചുറ്റുമുള്ള ലോകത്തെപ്പറ്റി മനസിലാക്കൂ എന്നും വേഗത്തില്‍ പഠിക്കൂ എന്നുമാണ് അവരുടെ അഭിപ്രായം. ഈ വിശ്വാസത്തിലാണ് 2012 നവംബറില്‍ ഇരുവരും ചേര്‍ന്ന് ഗുഡ്്ഗാവില്‍ സ്‌റ്റെല്ലാര്‍ ചില്‍ഡ്രന്‍സ് മ്യൂസിയം ആരംഭിച്ചത്. ഗുഡ്ഗാവിലെ ആംബിയന്‍സ് മാളില്‍ 11,000 ചതുരശ്ര അടിയില്‍ നിര്‍മിച്ചിരിക്കുന്ന മ്യൂസിയത്തില്‍ ഏഴ് ഗാലറികളും ഒരു തിയറ്ററും കഫേയും ഉണ്ട്. പ്രതിമാസം 6500 സന്ദര്‍ശകരാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്.

ഒരു എഞ്ചിനീയറും പ്രോഗ്രാമറുമായ അഞ്ജന വര്‍ഷങ്ങളോളം യു.എസില്‍ ആയിരുന്നു. കുട്ടികള്‍ ജനിച്ച ശേഷം അവരോടൊപ്പം അഞ്ജന യുഎസിലുള്ള നിരവധി കുട്ടികളുടെ മ്യൂസിയങ്ങളും സയന്‍സ് മ്യൂസിയങ്ങളും സന്ദര്‍ശിക്കുകയും ലോകത്തെപ്പറ്റി അവര്‍ക്ക് മനസിലാക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു. കുട്ടികള്‍ക്ക് ആ യാത്ര ഏറെ ഇഷ്ടമായിരുന്നു. കളികളിലൂടെയും മറ്റും അവര്‍ പല കാര്യങ്ങളും പഠിച്ചു. എന്നാല്‍ അവിടെ നിന്നും ഇന്ത്യയില്‍ എത്തിയപ്പോള്‍ അത്തരത്തിലുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമല്ലെന്നും ഇവിടെയുള്ള മാതാപിതാക്കള്‍ ആഴ്ചാവസാനങ്ങളില്‍ കുട്ടികളോടൊപ്പം സിനിമയ്ക്ക് പോവുകയാണ് ചെയ്യുന്നതെന്നും അഞ്ജന മനസിലാക്കി. ഇതോടെയാണ് രണ്ടിനും പത്തിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്കായി അവര്‍ മ്യൂസിയം ആരംഭിച്ചത്.

ശാസ്ത്രം, ഭൂമിശാസ്ത്രം, കല, കരകൗശലം, സാഹസികത, സാമൂഹിക ജീവിതം തുടങ്ങിയ വിവിധ മേഖലകളെ ആസ്പദമാക്കിയുള്ളവയാണ് മ്യൂസിയത്തിലെ ഏഴ് ഗാലറികളും. കുട്ടികളെത്തി ഇവ ആസ്വദിക്കുകയും അതിലൂടെ അവര്‍ പോലും അറിയാതെ പല കാര്യങ്ങളും പഠിക്കുകയും ചെയ്യണമെന്നതാണ് ഇതിന്റെ ആശയം. വിദഗ്ദ്ധരായ രണ്ട് അദ്ധ്യാപകര്‍ക്ക് പുറമേ കുട്ടികളെ സഹായിക്കാന്‍ ഓരോ ഗാലറിയിലും സൂപ്പര്‍വൈസര്‍മാരുടെ സേവനവും ഉണ്ടാകും. പല തരത്തിലുള്ള ആക്ടിവിറ്റികളില്‍ ഏര്‍പ്പെടാന്‍ കുട്ടികള്‍ക്ക് അവര്‍ സൗകര്യം ഒരുക്കുകയും ചെയ്യുന്നു.

ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി 8 മണി വരെയാണ് മ്യൂസിയം പ്രവര്‍ത്തിക്കുക. മെമ്പര്‍ഷിപ്പ് സ്‌കീം പ്രകാരം മ്യൂസിയത്തിലെ അംഗമാകുന്നവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നല്‍കാറുണ്ട്. നിലവില്‍ 140 അംഗങ്ങളാണുള്ളത്. കുട്ടികള്‍ക്കായി രണ്ട് മണിക്കൂര്‍ ദൈര്‍ഖ്യമുള്ള ചെറു യാത്രകളും തങ്ങള്‍ നടത്താറുണ്ടെന്ന് അഞ്ജന പറയുന്നു. മുപ്പത് മിനുറ്റ് സമയത്തേക്ക് 200 രൂപയാണ് ഫീസ്. മുതിര്‍ന്നവര്‍ക്കും ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും സൗജന്യമാണ്. ബുധനാഴ്ചകളിലും പിറന്നാളോ അതു പോലുള്ള ചടങ്ങുകളോ ഉണ്ടെങ്കില്‍ അതിന് സ്‌പെഷ്യല്‍ പായ്‌ക്കേജ് ഒരുക്കുകയും ഡിസ്‌കൗണ്ടുകള്‍ നല്‍കുകയും തങ്ങള്‍ ചെയ്യാറുണ്ടെന്നും അഞ്ജന പറഞ്ഞു.

ചിക്കാഗോയിലെ 25 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഡിസൈനര്‍ഡമാരുടെ സഹായത്തോടെ ആറ് മാസം സമയമെടുത്താണ് മ്യൂസിയം ഡിസൈന്‍ ചെയ്തത്. നോയിഡ ആസ്ഥാനമായുള്ള സ്‌റ്റെല്ലാര്‍ ഗ്രൂപ്പ് എന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനിയാണ് തങ്ങളുടെ മ്യൂസിയത്തിന് ഫണ്ട് നല്‍കുന്നതെന്ന് അഞ്ജന പറഞ്ഞു. ഇതോടൊപ്പം ഡെറ്റോള്‍ പോലുള്ള കോര്‍പ്പറേറ്റ് സ്‌പോണ്‍സര്‍മാരില്‍ നിന്നും ഫണ്ടുകള്‍ ലഭിക്കാറുണ്ട്. ഹാര്‍പ്പര്‍ കോളിന്‍സ്, ട്രാവലര്‍ കിഡ്‌സ്, ഫ്രാങ്ക് ടോയ്‌സ് മുതലായ കമ്പനികള്‍ കുട്ടികള്‍ക്കാവശ്യമായ പുസ്തകങ്ങളും കിറ്റുകളും മറ്റും സ്‌പോണ്‍സര്‍ ചെയ്യാറുണ്ട്. ഈ സംരംഭത്തിന്റെ ആവശ്യത്തിനായി തങ്ങള്‍ ഗവണ്‍മെന്റിനെ സമീപിച്ചിട്ടില്ലെന്നും അഞ്ജന വ്യക്തമാക്കി.

തന്റെ താല്‍പര്യമാണ് ഈ മ്യൂസിയം ആരംഭിക്കാന്‍ പ്രേരണയായതെന്ന് അഞ്ജന പറഞ്ഞു. തന്റെ ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും പൂര്‍ണ പിന്തുണയും ഉണ്ടായിരുന്നു. ഇന്ത്യയില്‍ ഇതുപോലെ ചില കാര്യങ്ങള്‍ വേണമെന്ന് ഒരു അമ്മ എന്ന നിലയില്‍ താന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ ചെയ്യുന്ന കാര്യങ്ങളെ സ്വയം ഇഷ്ടപ്പെട്ട് തുടങ്ങിയാല്‍ അവ എല്ലാം നല്ല രീതിയില്‍ തന്നെ നടന്നോളുമെന്നാണ് അഞ്ജനയുടെ അഭിപ്രായം.

താന്‍ മ്യൂസിയത്തെ ബിസിനസ് മാത്രമായല്ല കാണുന്നതെന്നും അത് തന്റെ സ്വപ്‌നമാണെന്നും അഞ്ജന വ്യക്തമാക്കി. കുട്ടികള്‍ക്കായി ഇനിയും ധാരാളം മ്യൂസിയങ്ങള്‍ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹം. അടുത്തതായി ഡല്‍ഹിയില്‍ മറ്റൊരു മ്യൂസിയം ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് അവര്‍ പറഞ്ഞു. ഇന്ത്യയിലെ മറ്റ് പട്ടണങ്ങളിലും ഇത് വ്യാപിപ്പിക്കണമെന്നുണ്ട്.

പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യപ്പെടുന്നവരോട്, പ്രത്യേകിച്ചും സ്ത്രീകളോട് അഞ്ജനയ്ക്ക് പറയാനുള്ളത് ഇതാണ്. താന്‍ വെല്ലുവിളികളെ ഏറ്റെടുക്കുന്ന വ്യക്തിയാണ്. നിങ്ങള്‍ക്കും അവയെ ഏറ്റെടുക്കാനുള്ള മാര്‍ഗവും പിന്തുണയും അഭിലാഷവും ഉണ്ടെങ്കില്‍ അതിലേക്ക് ചാടുക. ബാക്കിയെല്ലാം പിന്നാലെ വന്നുകൊള്ളും. നിങ്ങളുടെ ഐഡിയ വലുതാകണമെന്നില്ല, എന്നാല്‍ അതെന്ത് തന്നെയായാലും നിങ്ങള്‍ക്ക് അതിനോട് ഇഷ്ടമുണ്ടാകണം. ബിസിനസിന്റെ വലിപ്പത്തിലല്ല കാര്യം. അതൊരു കുട്ടിയെ പോലെയാണ്. നിങ്ങള്‍ എത്രയും നിക്ഷേപിക്കുന്നോ അത്രയും മികച്ചതായി വളരും. പുതിയതായി എന്തെങ്കിലുമൊക്കെ ആരംഭിക്കാന്‍ പറ്റിയ സമയമാണിത്. ജനങ്ങള്‍ പുതിയ ആശയങ്ങള്‍ ഇഷ്ടപ്പെടുന്നു. നിങ്ങള്‍ക്കൊരു ആശയമുണ്ടെങ്കില്‍ അതിനെ അംഗീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാണ്. നിങ്ങള്‍ക്ക് വേണ്ടത് ആദ്യത്തെ ഒരു തള്ളല്‍ മാത്രമാണ്. ഒരിക്കല്‍ നിങ്ങള്‍ ആരംഭിച്ചാല്‍ പിന്നീട് നിങ്ങള്‍ ഉയരങ്ങളിലേക്ക് എത്തിച്ചേരും.