ഗ്രാമീണ സ്ത്രീകള്‍ക്ക് മിതമായ നിരക്കില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കി ഐ ഐ ടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

0


സിന്ധു കശ്യപ്

എനിക്ക് ആദ്യമായി ആര്‍ത്തവം ആരംഭിച്ചപ്പോള്‍ എന്റെ വീട്ടില്‍ സാനിറ്ററി നാപ്ക്കിനുകള്‍ ഉണ്ടായിരുന്നു. മാത്രമല്ല ഇതിനെക്കുറിച്ച് എനിക്ക് നേരത്തെ തന്നെ ചില അറിവുകള്‍ ലഭിച്ചിരുന്നു. ശാരീരികമായ മാറ്റങ്ങള്‍, ശുചിത്വം എന്നിവയെക്കുറിച്ച് എനിക്ക് നല്ല ധാരണ ഉണ്ടായിരുന്നു. എന്റെ അടുത്ത ബന്ധുക്കളായ പഴയ കാലഘട്ടത്തിലെ സ്ത്രീകള്‍ പഴന്തുണിയാണ് ഉപയോഗിച്ചിരുന്നതെന്ന വസ്തുത എനിക്ക് ഭയാനകമായി തോന്നി.

രാജ്യത്തെ എല്ലാ സ്ത്രീകളും സാനിറ്ററി നാപ്ക്കിന്‍ ഉപയോഗിക്കുന്നു എന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം തികച്ചും വ്യത്യസ്തമാണ്. ഇന്നും ഗ്രാമീണമേഖലയിലെ സ്ത്രീകള്‍ ഈ സമയത്ത് പഴന്തുണികള്‍, പത്രങ്ങള്‍, മറ്റു വൃത്തിഹീനമായ വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നു. ഇത് മാരകമായ രോഗങ്ങള്‍ക്ക് ഇടയാക്കുന്നു.

എന്നെപ്പോലെ തന്നെയാണ് സരള്‍ ഡിസൈനിന്റെ സ്ഥാപകയായ സുഹാനി മോഹനും ചിന്തിച്ചിരുന്നത്. ഗൂഞ്ച് എന്ന സംഘടനയുടെ സ്ഥാപകനും മഗ്‌സസെ വിജയിയുമായ അന്‍ഷു ഗുപ്തയെ കണ്ടതിനു ശേഷമാണ് സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനത്തെക്കുറിച്ച് അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്.

'എന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാസംതോറും 100 രൂപ ചിലവാക്കുമ്പോള്‍ 1000 രൂപയില്‍ താഴെ മാസവരുമാനമുള്ള കുടുംബത്തിലെ സ്ത്രീകള്‍ എങ്ങനെയാണ് അവരുടെ കാര്യങ്ങള്‍ നടത്തുക എന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല,' 25കാരിയായ സുഹാനി പറയുന്നു.

ഇതിനെക്കുറിച്ച് അവരുടെ സുഹൃത്തായ കാര്‍ത്തിക് മെഹ്ത്തയോട് സംസാരിച്ചു. അങ്ങനെ മിതമായ നിരക്കില്‍ സാനിറ്ററി നാപ്ക്കിന്‍ ലഭ്യമാക്കുന്ന വ്യവസായം അവര്‍ ആരംഭിച്ചു. ഈ മേഖലയില്‍ വലിയ അവസരങ്ങള്‍ ഉള്ളതായി അവര്‍ കണ്ടെത്തി.

ഇതിനു മുന്‍പ് സുഹാനി ഒരു ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു. കാര്‍ത്തിക് ജനറല്‍ മോട്ടോര്‍സിലും ന്യൂബോപ്ലാന്‍ ഡിസൈന്‍ സ്റ്റുഡിയോയിലുമായി മൂന്നു വര്‍ഷം ജോലി ചെയ്തിരുന്നു. പിന്നീടാണ് അവര്‍ രണ്ടുപേരും ചേര്‍ന്ന് 2015 ജൂണില്‍ സരള്‍ ഡിസൈന്‍സ് ആരംഭിച്ചത്.

ഉപായം കണ്ടെത്തല്‍

ഇവര്‍ ഗുണമേ•യുള്ള സാനിറ്ററി നാപ്ക്കിനുകള്‍ ഉണ്ടാക്കാനുള്ള ഒരു മെഷീന്‍ വികസിപ്പിച്ചു ഐഷ പാഡ്‌സ്. ഇത് മെഡിക്കല്‍ ഷോപ്പുകള്‍, വീടുതോറുമുള്ള വില്‍പ്പന, സ്‌ക്കൂള്‍ ടോയിലറ്റുകളില്‍ വെന്‍ഡിങ് മെഷീനിന്റെ സ്ഥാപനം എന്നിവയിലൂടെ ആവശ്യക്കാരായ പെണ്‍കുട്ടികളിലേക്ക് എത്തിക്കുന്നു. കൂടാതെ ഇവര്‍ക്ക് ശുചിത്വത്തെക്കുറിച്ച് ബോധവത്ക്കരണവും നല്‍കുന്നു. 'തുടക്കത്തില്‍ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാന്‍ ഒരുപാട് സമയം വേണ്ടി വന്നു. ഇത് ഒരു വെല്ലുവിളിയായിരുന്നു. ഒരു ഉത്പ്പന്നമില്ലാതെ നിക്ഷേപം ലഭിക്കാനും ഒരു ടീമുണ്ടാക്കാനും വളരെ പ്രയാസമാണ്. നല്ല കഴിവുള്ള ആള്‍ക്കാരെ വളരെ പെട്ടെന്ന് ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്,' സുഹാനി പറയുന്നു.

അതിര്‍വരമ്പുകള്‍ ഭേദിച്ച് മുന്നേറ്റം

അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. 'ആദ്യമായി ഞങ്ങളുടെ ടീമില്‍ ചേര്‍ന്ന രണ്ടു പേര്‍ വിജയ്‌യും കല്ല്യാണിയുമാണ്, സുഹാനി പറയുന്നു. തുടക്കത്തില്‍ അവരുടെ സുഹൃത്തുക്കള്‍ പഴയ ഫര്‍ണീച്ചറികളും സ്റ്റേഷനറി സാധനങ്ങളും എ സിയും സംഭാവനയായി നല്‍കി. ഒരു നല്ല ടീം ഉണ്ടാക്കാനായി അവര്‍ കോളേജുകളിലെത്തി. അവിടെ നിന്നും കുറച്ച് കഴിവുള്ള മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരെ കണ്ടെത്തി.

വിപണി പറയുന്നത്

2015 ഡിസംബറില്‍ മുംബൈയിലെ ധാരാവിയില്‍ ഇവര്‍ ഉത്പന്നം പുറത്തിറക്കി. ഇതുവരെ അവര്‍ 1500 പാക്കറ്റുകള്‍ വിറ്റഴിക്കുകയും 60 മെഡിക്കല്‍ ഷോപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

വിപണിയിലുള്ള മറ്റ് സാനിറ്ററി നാപ്കിനുകളെ കുറിച്ച് സുഹാനി പറയുന്നതിങ്ങനെ;

1. ബഹുരാഷ്ട്ര കമ്പനികള്‍ പുറത്തിറക്കുന്ന ഗുണമേന്മയേറിയ പാഡുകളുടെ വിതരണം പല തലങ്ങളില്‍ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ വില 40 ശതമാനം വരെ കൂടുന്നു.

2. പ്രാദേശിക തലത്തില്‍ മിതമായ നിരക്കില്‍ പുറത്തിറക്കുന്നുണ്ടെങ്കിലും സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന സ്ത്രീകള്‍ പണം മുടക്കി ഗുണമേന്മയില്ലാത്ത സാധനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നില്ല. അടുത്തിടെ അവര്‍ക്ക് ഫിന്റിന്റെ സ്ഥാപകനായ ഫറൂക്ക് ആദമില്‍ നിന്ന് നിക്ഷേപം ലഭിച്ചു.

'ഇവര്‍ തിരഞ്ഞെടുത്ത വഴി വളരെ നല്ലതാണ്. ഇത്തരത്തിലുള്ള ഉത്പ്പന്നങ്ങള്‍ക്ക് വിപണിയില്‍ മൂല്ല്യം ഏറിവരുകയാണ്. നല്ല സാങ്കേതിക വിദഗ്ധരും അനുഭവസ്ഥരും അടങ്ങുന്ന നല്ലൊരു ടീമാണ് ഇവരുടേത്. ഇത് അവസരങ്ങള്‍ പ്രയോജനപ്പെടുക്കാന്‍ അവരെ സഹായിക്കുന്നു. ഫറൂക്ക് പറയുന്നു.

പ്രശ്‌ന പരിഹാരം

ആര്‍ത്തവകാലത്തെ ശുചിത്വത്തെ സംബന്ധിച്ച് അവര്‍ ഊന്നല്‍ നല്‍കുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്.

മിതമായ നിരക്ക്: മറ്റ് അന്താരാഷ്ട്ര ബ്രാന്റുകളെപ്പോലെ ഗുണമേന്മയേറിയ ഉത്പ്പന്നം പുറത്തിറക്കാനായി അവര്‍ ഒരു ഉപകരണം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതുവഴി വളരെ മിതമായ നിരക്കില്‍ ആവശ്യക്കാര്‍ക്ക് ഇത് ലഭ്യമാകുന്നു.

ബോധവത്ക്കരണം: താഴേത്തട്ടിലെ ഉപഭോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയമാണ് ബോധവത്ക്കരണത്തിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. സരള്‍ വഴി സ്ത്രീകള്‍ മാത്രമാണ് ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്.

ലഭ്യത: സ്തീകള്‍ക്കായുള്ള ഉത്പ്പന്നങ്ങള്‍ എത്തിക്കുന്നത് തികച്ചും സ്വകാര്യവും സൗകര്യപ്രദവുമായ രീതിയിലുമായിരിക്കണം. മറ്റ് വിതരണ സംവിധാനങ്ങളെ അപേക്ഷിച്ച് സ്‌കൂള്‍ ടോയ്‌ലറ്റുകളിലും ചേരി പ്രദേശങ്ങളും വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ച് ഇവര്‍ വിതരണം നടത്തുന്നു.

ആവശ്യക്കാര്‍ക്ക് ഉത്പ്പന്നങ്ങള്‍ നേരിട്ട് എത്തിക്കുക വഴി ഇടനിലക്കാരെ ഒഴിവാക്കാന്‍ കഴിയും. കൂടാതെ ഇതുപേലുള്ള യൂനിറ്റുകല്‍ സ്ഥാപിക്കാന്‍ 10 ലക്ഷത്തിന് താഴെ മാത്രമേ ചിലവ് വരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇത് നിരവധി മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ സാധിക്കുന്നു. ഐഷ അള്‍ട്രാ എക്‌സല്‍ എന്നാണ് സരളിന്റെ പാഡുകള്‍ അറിയപ്പെടുന്നത്. ജെല്‍ ടെക്‌നോളജിയും വിംഗ്‌സും ഉള്ളതാണിവ. ഒരു പാക്കറ്റിന് 24 രൂപയാണ് വില.

'വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ ഉത്പ്പന്നത്തെ പല മേഖലകളിലേക്ക് വ്യാപിക്കാക്കാണ് ഞങ്ങള്‍ ഉദ്ദശിക്കുന്നത്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ശുചിത്വം ഉറപ്പാക്കി അവരുടെ സ്ത്രീത്വത്തിന് മഹത്വം കല്‍പ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം' സുഹാനി പറയുന്നു.