കര്‍ഷകര്‍ക്കായി സോളാര്‍ പമ്പിങ് രീതിയുമായി ക്ലാരോ എനര്‍ജിയുടെ വിജയഗാഥ

കര്‍ഷകര്‍ക്കായി സോളാര്‍ പമ്പിങ് രീതിയുമായി ക്ലാരോ എനര്‍ജിയുടെ വിജയഗാഥ

Wednesday April 06, 2016,

2 min Read


കാലാവസ്ഥാ വ്യതിയാനം ഏറ്റവും അധികം ബാധിക്കുന്നത് കര്‍ഷകരെയാണ്. ചുട്ടുപൊള്ളുന്ന വെയിലില്‍ വിളകള്‍ക്ക് നനയ്ക്കാന്‍ വെള്ളവുമില്ല, ശേഖരിച്ച വെള്ളം പമ്പ് ചെയ്യാന്‍ വൈദ്യുതിയും ഇല്ലാത്ത അവസ്ഥയാണുള്ളത്. മറ്റൊരു മാര്‍ഗമായ ഡീസല്‍ ഉപയോഗിച്ചുള്ള പമ്പിങ് സാധാരണ ചെറുകിട കര്‍ഷകര്‍ക്ക് താങ്ങാവുന്നതുമല്ല. ഈ സാഹചര്യത്തിലാണ് ബദല്‍ മാര്‍ഗം വികസിപ്പിച്ചെടുക്കാന്‍ സഹപാഠികളായ കാര്‍ത്തിക് വാഹിയും സൗമിത്ര മിശ്രയും തീരുമാനിച്ചത്. സോളാര്‍ എനര്‍ജി ഉപയോഗിക്കാം എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായില്ല. വര്‍ഷത്തില്‍ ശരാശരി 300 ദിവസവും നല്ല രീതിയില്‍ സൂര്യപ്രകാശം ലഭിക്കുന്ന നമ്മുടെ നാട്ടില്‍ അത് വേണ്ടത്ര പ്രയോജനപ്പെടുത്തുന്നുമില്ല. എനര്‍ജി സോഴ്‌സിന് ഒരു കുറവും ഉണ്ടാകാത്ത കാലത്തോളം സോളാര്‍ ടെക്‌നോളജി വന്‍ വിജയവുമാകും. കൂടുതല്‍ ആലോചിക്കാതെ സോളാര്‍ എന്‍ര്‍ജി കൊണ്ടുള്ള ജലസേചനം സാധ്യമാക്കാനുള്ള വഴിയിലായി പിന്നീടവര്‍ ഡല്‍ഹി ആസ്ഥാനമായി ക്ലാരോ എനര്‍ജി എന്ന സ്ഥാപനം തുടങ്ങിയ അവര്‍ക്കൊപ്പം മറ്റൊരു സുഹൃത്തായ ഗൗരവ് കുമാറും ഒപ്പം ചേര്‍ന്നു.

image


സൗരോര്‍ജത്തിലൂടെ 749 ജിഗാവാട്ട്‌സ് എനര്‍ജി ഉല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യയ്ക്കു സാധിക്കുമെന്ന് 2012ല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഡസ്ട്രി(സിഐഐ) നടത്തിയ പഠനവും തങ്ങളെ സഹായിച്ചതായി അവര്‍ പറയുന്നു. നിലവില്‍ രാജ്യത്തു ലഭ്യമാകുന്ന ഇലക്ട്രിക്കല്‍ എനര്‍ജിയുടെ മൂന്നിരട്ടിയാണ് ഇത്. സൗരോര്‍ജത്തിന്റെ ഒരു ശതമാനം പോലും നാം പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് പഠനം വ്യക്തമാക്കിയത്. 

image


ഈ സാഹചര്യത്തിലാണ് സോളാര്‍ എനര്‍ജി ഉപയോഗപ്പെടുത്തയുള്ള സംരംഭം എന്ന ലക്ഷ്യം മനസിലുദിച്ചതെന്നു പറയുന്നു ഇവര്‍. കര്‍ഷകര്‍ക്ക് ഏറെ ആവശ്യമായ വാട്ടര്‍ പമ്പിങില്‍ നിന്നാകാം തുടക്കമെന്ന് തീരുമാനിക്കുകയായിരുന്നു. സോളാര്‍ പമ്പിങ് എന്ന ആശയം തന്നെ ക്ലാരോ എനര്‍ജിയുടേതാണ്. സൗരോര്‍ജമുപയോഗിച്ച് വെള്ളം പമ്പു ചെയ്യുകയാണ് സോളാര്‍ പമ്പിങ്. നിലവില്‍ 14 സംസ്ഥാനങ്ങളില്‍ വിജയകരമായി നടക്കുന്ന സോളാര്‍ പമ്പിങ് വഴി 10,000ത്തോളം കര്‍ഷകരാണ് കൃഷിയില്‍ വിജയഗാഥ കൊയ്യുന്നത്.

2011ല്‍ ആരംഭിച്ച ക്ലാരോ എനര്‍ജിയുടെ സോളാര്‍ പമ്പിങ്, കൃഷിക്കു പുറമെ എയ്‌റേഷന്‍, ഫിഷറീസ്, കുടിവെള്ള വിതരണം എന്നിവയ്ക്കും പ്രയോജനപ്പെടുത്തുന്നുണ്ട്. 14 സംസ്ഥാനങ്ങളിലായി 2,200 സോളാര്‍ പമ്പ് സെറ്റുകള്‍ ഇതുവരെ സ്ഥാപിച്ചു കഴിഞ്ഞു. 1എച്ച്പി മുതല്‍ 10എച്ച്പി വരെയുള്ള പമ്പ് സെറ്റുകളാണ് സ്ഥാപിക്കുന്നത്. 2എച്ച്പി പമ്പ് സെറ്റ് ഉപയോഗിച്ച് അഞ്ച് ഏക്കര്‍ സ്ഥലത്ത് കൃഷിക്കായി ജലസേചനം സാധ്യമാകും. രണ്ട് ലക്ഷം രൂപയാണ് 2എച്ച്പി പമ്പ് സെറ്റിന്റെ വില. സാധാരണ ഡീസല്‍ പമ്പ്‌സെറ്റ് ഉപയോഗിച്ചാല്‍ പ്രതിവര്‍ഷം 70,000 രൂപ അതിനായി ചിലവാകും. എന്നാല്‍ സോളാര്‍ പമ്പ് സ്ഥാപിക്കുമ്പോഴുള്ള ചെലവുമാത്രമെ ആകുന്നുള്ളൂ. പിന്നീട് സൗജന്യ നിരക്കില്‍ പമ്പിങ് നടത്താനുമാകും.

image


 ഇത് കര്‍ഷകര്‍ക്ക് ലാഭംകൂടാന്‍ സഹായിക്കുന്നു. സബ്‌സിഡിയും ബാങ്ക് ഫണ്ടും ഉപയോഗിച്ച് പമ്പുകള്‍ സ്ഥാപിക്കാനുള്ള സഹായവും കമ്പനി ചെയ്്തു നല്‍കുന്നുണ്ട്. മൂന്ന് വര്‍ഷം മുമ്പ് പമ്പ്‌സെറ്റ് സ്ഥാപിച്ചവര്‍ക്ക് ഇപ്പോള്‍ ലാഭത്തിന്റെ നിരക്ക് വര്‍ധിച്ചു തുടങ്ങിയിട്ടുണ്ട്. ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ കര്‍ഷകര്‍ക്കായി രണ്ട് 2എച്ച്പി പമ്പുകള്‍ സിഎസ്ആര്‍ സ്ട്രാറ്റെജി പ്രകാരം ഐടിസിയുടെ സഹായത്താല്‍ സ്ഥാപിച്ചിരുന്നു. 15 കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി പ്രകാരം പ്രതിദിനം 90,000 ലിറ്റര്‍ വെള്ളം പമ്പ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. വിവിധ തരം പച്ചക്കറികളുടെ കൃഷിയാണ് ഇവിടെ നടക്കുന്നത്.

2.2 കോടി ഇറിഗേഷന്‍ പ്രൊജക്ടുകളുള്ള നാടാണ് നമ്മുടേത്. 1.2 കോടി ഇലക്ട്രിസിറ്റി കൊണ്ടും ബാക്കി ഡീസല്‍ കൊണ്ടും പ്രവര്‍ത്തിക്കുന്നവ. ഇവ രണ്ടിനും ചെലവ് വന്‍തോതിലാണ്. ബീഹാര്‍, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവ പോലുള്ള സംസ്ഥാനങ്ങളില്‍ വൈദ്യുതി ലഭിക്കുന്നതും കുറവാണ്. ഈ സാഹചര്യത്തിലാണ് എന്നും ലഭ്യമാക്കാവുന്ന സോളാര്‍ എനര്‍ജിയുടെ ഉപയോഗം പ്രാധാന്യമര്‍ഹിക്കുന്നത്. സൗരോര്‍ജത്തിന്റെ പ്രാധാന്യം മനസിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി അതിനായി പ്രത്യേക താല്‍പര്യമെടുക്കുന്നു എന്നതും സ്വാഗതാര്‍ഹമാണെന്ന് ക്ലാരോ ഗ്രൂപ്പ് പറയുന്നു. 

image


20 ജിഗാവാട്ട് ഉല്‍പാദനം ലക്ഷ്യമിട്ട് 50 സോളാര്‍ സിറ്റികള്‍ വിഭാവനം ചെയ്യാനുള്ള പദ്ധതിക്ക് അദ്ദേഹം തുടക്കമിടുകയും ചെയ്തു. 2022 ഓടെ ഇത് 100 ജിഗാവാട്ടായി ഉയര്‍ത്താനാകുമെന്നും പ്രതീക്ഷിക്കുന്നു. ഇവയെല്ലാം തങ്ങളുടെ സംരംഭത്തിനും ഊര്‍ജം പകരുന്നതായി കാര്‍ത്തിക്കും കൂട്ടരും പറയുന്നു. അഞ്ച് വര്‍ഷം കൊണ്ട് 30 മുതല്‍ 40 കോടിവരെ റവന്യു സമ്പാദിക്കാന്‍ ക്ലാരോനര്‍ജിക്കായി. 150 ജീവനക്കാര്‍ കമ്പനിയിലുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.