ഇൻഡ്യ ഫുഡ് എക്‌സ്‌പോർട്‌സ് സിഇഒയുടെ ചിത്രപ്രദര്‍ശനം സൂര്യ ഫെസ്റ്റിവലില്‍  

0

 പ്രശസ്ത സംരംഭകനായ സതീഷ് നായർ ഫോട്ടോഗ്രാഫി മേഖലയിൽ നടത്തിയ കാൽവയ്പിന്റെ നേർസാക്ഷ്യം സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നു. പ്രശസ്ത കശുവണ്ടി കയറ്റുമതി സ്ഥാപനമായ ഇൻഡ്യ ഫുഡ് എക്‌സ്‌പോർട്‌സ് സിഇഒയായ സതീഷ് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ജീവിതരീതികളും കാഴ്ചകളും ഒരു പ്രത്യേക വിഷയമായി എടുത്ത് ക്യാമറയിൽ പകർത്തിയ നിശ്ചലദൃശ്യങ്ങളുടെ പ്രദർശനം- 'ലൈഫ്‌ലൈന്‍' ഡിസംബര്‍ 18 മുതൽ 20 വരെ വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാഅക്കാദമി ഹാളില്‍ നടക്കും. 18ന് രാവിലെ 10ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രദർശനം ഉദ്ഘാടനം ചെയ്യും. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ക്ഷണപ്രകാരമാണ് സതീഷ് നായര്‍ സൂര്യ ഫെസ്റ്റിവലില്‍ ചിത്രപ്രദര്‍ശനം നടത്തുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ഭാഷകളിലുള്ള ഒട്ടേറെ മാഗസിനുകളിലേക്കും മറ്റും സതീഷ് നായരുടെ ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹാസിൽബ്ലാഡ് ബുള്ളറ്റിൻ ഓൺലൈൻ മാഗസിനിലെ 'എറൗണ്ട് ദി വേൾ'ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനൊപ്പം ഇറ്റലിയിലെ ഫോട്ടോ വോഗ്, തങ്ങളുടെ സൈറ്റിലേക്ക് ഇദ്ദേഹത്തിന്റെ ഇരുനൂറിലേറെ ചിത്രങ്ങൾ തെരഞ്ഞെടുത്തിരുന്നു. ബെറ്റർ ഫോട്ടോഗ്രാഫി മാഗസിൻ തങ്ങളുടെ ട്രാവൽ ഫോട്ടോഗ്രഫി ബുക്‌ലെറ്റിനു വേണ്ടിയും സതീഷ് നായരുടെ ചിത്രങ്ങൾ തെരഞ്ഞെടുത്തു.

കശുവണ്ടി കയറ്റുമതി രംഗത്ത് സിഇഒ എന്ന നിലയിൽ സതീഷ് നായർ നേതൃത്വം നൽകുന്ന ഐഎഫ്ഇ ഡെലിനട്, ഡെലിസ് എന്നീ ബ്രാൻഡ് പേരുകളിൽ പ്രത്യേകം തയ്യാറാക്കിയ കശുവണ്ടിപ്പരിപ്പിന്റെ വ്യാപാരത്തിലേർപ്പെട്ടിരിക്കുന്ന സ്ഥാപനമാണ്. സ്റ്റാർബക്‌സ്, ഇൻഡിഗോ എയർലൈൻസ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ ഒഇഎം വിതരണക്കാർ കൂടിയാണ് ഈ കമ്പനി.

ലോറന്‍സ് സ്കൂള്‍ ലവ്‌ഡെയിലില്‍ പഠനം നടത്തിയിട്ടുള്ള സതീഷ് നായർ ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. മൽസരാധിഷ്ഠിതമായി കമ്പനിയെ മുന്നോട്ടു നയിക്കുമ്പോഴും ഫോട്ടോഗ്രാഫിയോടുള്ള സ്‌നേഹം അദ്ദേഹത്തെ ഏറെ മുന്നോട്ടു നയിച്ചിട്ടുണ്ട്. ജലവും ജലദൃശ്യങ്ങളും വെളിച്ചത്തിന്റെ ഭാവങ്ങളുമൊക്കെയാണ് സതീഷ്‌നായരുടെ ഇഷ്ട വിഷയങ്ങൾ. സ്ഥലം എന്ന ആശയത്തെ വിപുലമാക്കാനുള്ള വെളിച്ചത്തിന്റെയും നിഴലിന്റെയും കഴിവിനെ ഇദ്ദേഹം സ്ഥിരമായി പകർത്തിയെടുക്കാറുണ്ട്.

കഴിഞ്ഞ എട്ടുവർഷമായുള്ള അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫി അനുഭവങ്ങളുടെ ഉൾക്കാഴ്ചയിലേക്കു വെളിച്ചംവീശുന്ന പ്രദർശനമായിരിക്കും ലൈഫ്‌ലൈന്‍. കഴിഞ്ഞ ഏപ്രിലില്‍ ‘ഗ്ലിംപ്സെസ്’ എന്ന പേരില്‍ കൊച്ചിയില്‍ സതീഷ് നായര്‍ നടത്തിയ ചിത്രപ്രദര്‍ശനം ഒട്ടേറെ ആളുകളെ ആകര്‍ഷിക്കുകയും വലിയതോതില്‍ അഭിനന്ദനങ്ങള്‍ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.