വിജയ് ഹാല്‍ദിയ; രുചിയുടെ ഓണ്‍ലൈന്‍വിജയം

0

ലോകത്ത് ഇനി എവിടെ പോയി ഭക്ഷണം കഴിച്ചാലും വീട്ടില്‍ അമ്മ ഉണ്ടാക്കുന്ന ചില കറികളെ വെല്ലാനാകില്ലെന്ന ചിന്ത നമ്മില്‍ ഭൂരിഭാഗം പേര്‍ക്കുമുണ്ടാകും. അമ്മ ഉണ്ടാക്കുന്ന ചില കറികളുടെ മണം അത് നമ്മെ പല ഓര്‍മ്മകളിലേക്കും കൂട്ടിക്കൊണ്ടു പോകും. ആ അര്‍ഥത്തില്‍ പറഞ്ഞാല്‍ വീട്ടിലുണ്ടാക്കുന്നതിനേക്കാള്‍ മികച്ച ഭക്ഷണം വേറെ ഇല്ലെന്നു തന്നെ പറയേണ്ടി വരും. ഇത് നമ്മുടെ മാത്രം അഭിപ്രായമല്ല, ലോകോത്തര ഷെഫുമാര്‍ക്കും ഇതേ അഭിപ്രായമാണുള്ളത്.

ഇവിടെ ജോധ്പൂരില്‍ നിന്ന് 56 വയസുള്ള വിജയ് ഹാല്‍ദിയ എന്ന വീട്ടമ്മ തന്റെ പാചകത്തോടുള്ള അഭിനിവേശം ഇന്റര്‍നെറ്റിലൂടെ ലോകവുമായി പങ്കുവെക്കുകയാണ്. തന്റെ പ്രായമോ അപ്രാപ്യമെന്നു കരുതിയിരുന്ന സാങ്കേതികവിദ്യയോ ഒന്നും വിജയ് ഹാല്‍ദിയക്ക് തടസമാകുന്നില്ല. ഒരാളുടെ ആഹാരരീതി അയാളുടെ പാരമ്പര്യത്തിന്റെ തിരിച്ചറിയല്‍ കൂടിയാണെന്നാണ് ഹാര്‍ദിയയുടെ വാദം. ഓണ്‍ലൈന്‍ പാചക കലയില്‍ ഹാല്‍ദിയ ഇന്ന് വിജയിച്ച സംരഭകയാണ്.

കഴിഞ്ഞ ഓഗസ്റ്റില്‍ തന്റെ മകളെ സന്ദര്‍ശിക്കാനായി അമേരിക്കയിലേക്കു പോയ വേളയിലാണ് തന്റെ സംരഭത്തിന്റെ ആശയം മുളപൊട്ടുന്നത്. മകളുടെ സുഹൃത്തുക്കളുള്‍പ്പടെ വിദേശത്തുള്ള ഇന്ത്യന്‍ യുവജനത പാചകത്തിനായി ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ പാചകകൂട്ടുകളേയാണെന്ന് ഹാല്‍ദിയക്ക് മനസിലായി. ഇന്ത്യന്‍ അണുകുടുംബങ്ങളിലും സമാനസ്ഥിതിയാണുള്ളതെന്ന് ഹാല്‍ദിയ തിരിച്ചറിഞ്ഞു. ഈ വിഷയത്തിലുള്ള അമ്മയുടെ താത്പര്യം മനസിലാക്കിയ മകളാണ് ഓണ്‍ലൈന്‍ പാചകക്കുറിപ്പ് എന്ന അനന്തസാധ്യതയുള്ള സംരഭമെന്ന ആശയം മുന്നോട്ട് വെക്കുന്നത്. ഇതാണ് സായ്കാ കാ തട്ക ('Zayka Ka Tadka' )എന്ന സംരഭത്തിന്റെ പിറവിക്ക് ആധാരം. ഈ പേരിലുള്ള ബ്ലോഗും തുടര്‍ന്ന് ഫേസ്ബുക്ക് അക്കൊണ്ടും ആരംഭിച്ചതോടെ ഇത് ധാരാളം ആരാധകരുള്ള ഒരു സാമൂഹ്യ കൂട്ടായ്മയായി മാറി.

വളരെ ലളിതമായി വീട്ടില്‍ തന്നെയുള്ള വസ്തുക്കള്‍ കൊണ്ട് തയ്യാറാക്കാവുന്ന പാചകക്കുറിപ്പുകളാണ് ഹാല്‍ദിയ തയ്യാറാക്കുന്നത്. ഇതാണ് സായ്കാ കാ തട്കയെ മറ്റ് ബ്ലോഗുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. തന്റെ പാചകക്കൂട്ട് സ്വയം പരീക്ഷിച്ച് തൃപ്തിപ്പെട്ടാല്‍ മാത്രമേ വിജയ് ഹാല്‍ദിയ ഇത് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുകയുള്ളൂ. ഇതിനായി അളവുകള്‍ പ്രത്യേകം കുറിച്ചു വെക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്യും. ആഹാരപദാര്‍ഥങ്ങല്‍ ഉപയോഗശൂന്യമാക്കാതെ പുതിയ വിഭവം പാചകം ചെയ്യുക എന്നതിലാണ് കമ്പമെന്ന് ഹാല്‍ദിയ പറയുന്നു. മിച്ചം വരുന്ന ഭക്ഷണത്തില്‍ നിന്നും തയ്യാറാക്കുന്ന വിഭവങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് വായനക്കാരില്‍ നിന്ന് ലഭിച്ചത്. മിച്ചം വരുന്ന ആഹാരത്തില്‍ നിന്ന് സ്വാദിഷ്ടമായ വിഭവങ്ങള്‍ തയ്യാറാക്കാന്‍ സാധിച്ചെന്നു മാത്രമല്ല അവ ഉപയോഗശൂന്യമാകുന്നില്ല എന്നത് ഉപയോഗിക്കുന്നവര്‍ക്ക് ആശ്വാസകരവുമാണ്.

ദിവസേന ഒരു വിഭവം എന്ന നിലയിലാണ് ഓണ്‍ലൈനില്‍ തന്റെ പാചകക്കുറിപ്പുകള്‍ കുറിക്കുന്നത്. ' ചില സമയം നമ്മുടെ വിഭവത്തിന് വലിയ പ്രതികരണമൊന്നും ലഭിക്കില്ല. പക്ഷേ ശരിയായ ദിശയില്‍ തിരിച്ചൊന്നും പ്രതീക്ഷിക്കാതെയാണ് നമ്മുടെ പ്രയത്‌നമെങ്കില്‍ ഫലം നമ്മെ തേടിവരുമെന്നു തന്നെയാണ് എന്റെ വിശ്വാസം'.

ഭക്ഷണം വിജയ് ഹാല്‍ദിയയുടെ ജീവിതത്തില്‍ പ്രധാനമായ ഒരു ഘടകമായിരുന്നു. കൂട്ടുകുടുംബത്തില്‍ വളര്‍ന്ന വിജയ് തന്റെ അമ്മയെ അടുക്കളയില്‍ സഹായിച്ചാണ് പാചകത്തില്‍ നിപുണയായത്. തനിക്ക് പാചകത്തോട് അഭിരുചിയുണ്ടെന്ന് വിജയ് പണ്ടു തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇത് ഗൗരവമായി കണ്ട് വിജയ് തന്റെ ബിരുദപഠനത്തിനായി തിരഞ്ഞെടുത്തത് ഹോം സയന്‍സായിരുന്നു. കഴിഞ്ഞ 75 വര്‍ഷമായി സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യാപാരം ചെയ്യുന്ന ഒരു കുടംബത്തിലാണ് വിജയ് ജനിച്ചത്. അതു കൊണ്ടു തന്നെ ഇവയുടെ രുചിഭേദങ്ങളും ഉപയോഗവും വിജയ് ഹാല്‍ദിയക്ക് മറ്റാരേക്കാളും നന്നായി വഴങ്ങും.

പരിചയ സമ്പത്തും പായത്തിന്റെ പക്വതയും ഹാല്‍ദിയയുടെ പാചക്കുറിപ്പിലും കാണാനാകും. സായ്കാ കാ തട്കയുടെ തുടക്കത്തില്‍ നല്ല പ്രചോദനമാണ് ലഭിച്ചത്. എന്നാല്‍ അതിന്റെ ഗുണഫലം ലഭിക്കാന്‍ സമയമെടുത്തു. അതിന്റെ കൂടെ വിമര്‍ശനങ്ങളുമുണ്ടായി. 'ഞാന്‍ വിശ്വസിക്കുന്നത് ആള്‍ക്കാര്‍ നമ്മെ വിമര്‍ശിക്കുന്നത് ദുഷ്ടലാക്കോടെയല്ല, മറിച്ച് അവരുടെ ലോകം അതിരുകള്‍ ഉള്ളതു കൊണ്ടാണെന്നാണ്. അവരുടെ ലോകം ഇത്തരക്കാര്‍ നമ്മിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും'. അതു കൊണ്ടു തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നതും തള്ളിക്കളയുന്നതും നമ്മുടെ കഴിവുപോലെയിരിക്കുമെന്നാണ് ഹാല്‍ദിയയുടെ അഭിപ്രായം.

പുതിയ വിഭവങ്ങളുടെ ആവശ്യകതയാണ് വിജയ് നേരിടുന്ന പ്രധാന വെല്ലുവിളി. വായനക്കാരുടെ ഇഷ്ടമറിയാന്‍ ഏതു വിഭവമാണ് വേണ്ടതെന്ന് തിരക്കിയപ്പോള്‍ ഒരു വലിയ ലിസ്റ്റ് തന്നെയാണ് ലഭിച്ചത്. ആവശ്യക്കാരെ തൃപ്തിപ്പെടുത്താന്‍ ദിവസേന നാല് വിഭവങ്ങള്‍ വരെ തയ്യാറാക്കേണ്ടി വന്നിട്ടുണ്ട്. ഇതൊരു വെല്ലുവിളിയാണെങ്കിലും പാചകം എന്നത് ആസ്വദിച്ചു ചെയ്യുന്നതിനാല്‍ തനിക്ക് മടുപ്പനുഭവപ്പെട്ടിട്ടില്ലെന്നും ഹാല്‍ദിയ പറയുന്നു. പലരുടേയും സഹായം ആവശ്യമായി വന്നിട്ടുണ്ടെങ്കിലും സായ്കാ കാ തട്കയുടെ പാചകക്കൂട്ട് തയ്യാറാക്കുന്നതില്‍ ആദ്യവാസാന വാക്ക് വിജയുടേതാണ്. ഈ അടുത്തിടെ ജോലിയില്‍ നിന്ന് വിരമിച്ച ഭര്‍ത്താവ് ബ്ലോഗിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഒരുക്കി ഒപ്പമുണ്ട്.

പഴയകാലത്ത് അമ്മമാര്‍ക്ക് ഇന്നത്തെ സാങ്കേതിക പരിജ്ഞാനമൊന്നും ഉണ്ടായിരുന്നില്ല. മാറ്റത്തിനൊത്ത് വനിതകളും സഞ്ചരിക്കുക എന്നതാണ് തന്റെ കാഴ്ച്ചപ്പാട്. ഇന്നത്തെക്കാലത്ത് ലഭ്യമായ സാങ്കേതിക വിദ്യയുടെ ഗുണഫലം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത് സ്ത്രീകള്‍ക്കാണ്. പുതിയ ആശയങ്ങളുണ്ടെങ്കിലും സ്ത്രീകള്‍ക്ക് പണ്ട് അത് നടപ്പാക്കാനാകുമായിരുന്നില്ല. എന്നാല്‍ ഇന്ന് കാലം മാറി. വീട്ടിലെ ഉത്തവാദിത്തങ്ങള്‍ക്കൊപ്പം മാറുന്ന ലോകത്തേക്ക് ചുവടുവെക്കാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ സ്ത്ീകളെ സഹായിക്കുമെന്നു തന്നെയാണ് വിജയ് ഹാല്‍ദിയയുടെ പക്ഷം.