ഗ്രാമവാസികള്‍ക്ക് വെളിച്ചം പകരാന്‍ 'സോളാര്‍ ഹോം സിസ്റ്റം'

0

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാന്‍സാനിയയിലെ ഒരു കുഗ്രാമത്തിലുള്ള സ്ത്രീ വ്യത്യസ്തമായൊരു നിക്ഷേപക ഐഡിയയുമായി രംഗത്തെത്തി. ഒരു ചതുരശ്ര അടിയുള്ള ഒരു സോളാര്‍ പാനല്‍ വാങ്ങി അതുപയോഗിച്ച് ജനങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്ത് കൊടുക്കുകയും അതിലൂടെ ഒരു വരുമാന മാര്‍ഗം ഉണ്ടാക്കുകയുമായിരുന്നു അവര്‍ ചെയ്തിരുന്നത്. സിംപ്ല നെറ്റ്വര്‍ക്ക്‌സിന്റെ സഹസ്ഥാപകനായ പോള്‍ നീദം ഒരിക്കല്‍ ഈ ഗ്രാമത്തിലൂടെ കടന്നു പോകാനിടയാവുകയും ഈ സ്ത്രീയുടെ വേറിട്ട സംരംഭക ബുദ്ധിയില്‍ ആകൃഷ്ടനാവുകയും ചെയ്തു.

സൗരോര്‍ജ്ജം വില്‍ക്കുന്നത് ലാഭകരമാണെന്നത് മാത്രമല്ല, ഇവ സൗജന്യവും വീണ്ടും ഉപയോഗിക്കാനാകുന്നതുമാണെന്നതുമാണ് അവരെക്കൊണ്ട് ഈ ബിസിനസ് ചെയ്യിപ്പിച്ചത്. ഈ ഗ്രാമത്തിലെ പാവപ്പെട്ട ജനങ്ങള്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്വന്തമാക്കുന്നതിനേക്കാള്‍ അവയുടെ സേവനങ്ങളിലായിരുന്നു താല്‍പര്യപ്പെട്ടിരുന്നത്. സൗരോര്‍ജ്ജ പാനലുകളുടെ വലിയ വിലയാണ് ഗ്രാമവാസികളെ ഇവ വാങ്ങുന്നതില്‍ നിന്നും തടയുന്നത്.

ഈ സംഭവത്തെപ്പറ്റി ചിന്തിച്ചപ്പോഴാണ് പോളിന് തങ്ങളുടെ സിംപ്ല നെറ്റ്വര്‍ക്കിനായി പുതിയൊരു ബിസിനസ് മോഡല്‍ ആരംഭിക്കാനുള്ള ഐഡിയ ലഭിക്കുന്നത്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ പ്രസരണങ്ങളെ തടഞ്ഞ് ക്ലീന്‍ എനര്‍ജി നിര്‍മിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഇന്ന് അത് പടര്‍ന്ന് പന്തലിച്ച് 270 സ്ഥിരം ഉദ്യോഗസ്ഥരും350 ഗ്രാമതലത്തിലുള്ള സംരംഭകരും ഉള്‍പ്പെട്ട സംരംഭമായിരിക്കുന്നു. 120 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ തടഞ്ഞ് 100 മെഗാവാട്ട് ക്ലീന്‍ എനര്‍ജിയാണ് ഉണ്ടാക്കിയെടുക്കുന്നത്. 2015 ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 45,000 പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്.

ഇവയുടെ പ്രവര്‍ത്തനം വളരെ ലളിതമാണ്. പ്രോഡക്ടുകള്‍ വില്‍ക്കുന്നതിന് പകരം അവയെ ഗ്രാമങ്ങളിലുള്ള ഉപയോക്താക്കള്‍ക്ക് 'പേ അസ് യു ഗോ' സംവിധാനം അനുസരിച്ചാണ് നല്‍കുന്നത്. അതായത്, ഉപയോക്താക്കള്‍ ചെറിയൊരു തുക അടച്ചാല്‍ സിംപ്ല നെറ്റ്വര്‍ക്ക്‌സ് അവരുടെ സോളാര്‍ ഹോം സിസ്റ്റം അവരുടെ വീടുകളില്‍ ഘടിപ്പിച്ചു കൊടുക്കും. പിന്നീട് പണമടച്ച് റീച്ചാര്‍ജ്/ ടോപ്പപ്പ് ചെയ്ത് ഇവ ഉപയോഗിക്കാം. 18 മാസത്തെ കോണ്‍ട്രാക്ടാണിത്. ഇതിന് ശേഷം സിസ്റ്റം അണ്‍ലോക്കാകുകയും ഇവയുടെ ഉടമസ്ഥാവകാശം എന്നേന്നേയ്ക്കുമായി ഉപയോക്താവിന് ലഭിക്കുകയും ചെയ്യുന്നു.

40 വാട്ടിന്റെ പാനല്‍, മൂന്ന് ലൈറ്റുകള്‍, ഒരു ഫാന്‍, രണ്ട് മൊബൈല്‍ ചാര്‍ജ് പോയിന്റ് എന്നിവ അടങ്ങുന്നവയാണ് സോളാര്‍ ഹോം സിസ്റ്റംസ്. 110 വാട്ട് ഉപയോഗിച്ച് ഇവയ്ക്ക് 12 മണിക്കൂര്‍ പ്രവര്‍ത്തിക്കാനാകും.

മൂന്ന് ഘട്ടങ്ങളായാണ് കമ്പനി അവരുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത്. ഒന്ന്, അവരുടെ ഗ്രാമതല സംരംഭകര്‍ സിംപ്ലയുടെ പ്രോഡക്ടുകള്‍ അവരുടെ ഗ്രാമത്തിലെ സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കുമിടയില്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നു. ഇതാണ് വിശ്വാസവും വലിയ അളവില്‍ വിപണി കീഴടക്കാനുമുള്ള തന്ത്രം. ഇതു വരെ ഏകദേശം 350 ഏജന്റുമാരാണ് കമ്പനിക്കുള്ളത്. ക്രെഡിറ്റ് ഓഫീസര്‍മാരാണ് കസ്റ്റമര്‍ ആപ്ലിക്കേഷനുകള്‍ പരിശോധിക്കുന്നതും അവയില്‍ തീരുമാനമെടുക്കുന്നതും. അതിന് ശേഷം കമ്പനിയുടെ അംഗീകാരമുള്ള സോളാര്‍ ടെക്‌നീഷ്യന്മാരെ അപേക്ഷകരുടെ വീടുകളിലേക്ക് വിടുകയും അവിടെ സോളാര്‍ ഹോം സിസ്റ്റംസ് സ്ഥാപിക്കുകയും ചെയ്യുന്നു.

2010ല്‍ സിംപ്ല നെറ്റ്വര്‍ക്ക്‌സ് ആരംഭിച്ച ഈ ടെക്‌നോളജി സെല്‍കോ ഇന്ത്യ എന്ന പാര്‍ട്ടണറിന്റെ സഹായത്തോടെ കര്‍ണാടകയിലും വിതരണം ചെയ്യുന്നുണ്ട്. 2013ല്‍ ചൈനയിലേയും ബംഗളൂരുവിലേയും രണ്ട് പാര്‍ട്ടര്‍മാരെ കൂടി ലഭിച്ചതോടെ വിപണി ഉത്തര്‍പ്രദേശിലേക്കും വളര്‍ന്നു. ഇന്ന് ഇന്ത്യയിലെ 400 മില്യണ്‍ പാവപ്പെട്ട ജനങ്ങളിലേക്ക് ഇതിന്റെ സേവനം ലഭിക്കുന്നുണ്ട്.

തങ്ങളുടെ കഴിവിനേക്കാള്‍ വേഗത്തിലാണ് വിപണി വളരുന്നതെന്നും അതിനാല്‍ കൂടുതല്‍ മികച്ച നിലവാരം കാഴ്ച വയ്പ്പിക്കണമെന്ന ലക്ഷ്യത്തോടെ, തങ്ങളുടെ ഗ്രാമതല സംരംഭകര്‍ക്കും സോളാര്‍ ടെക്‌നീഷ്യന്മാര്‍ക്കും മറ്റും പരിശീലന പരിപാടികളും കമ്പനി നടത്തി വരികയാണ്. 2019ല്‍ ഇന്ത്യയിലെ ഒരു മില്യണ്‍ ഉപയോക്താക്കളിലേക്ക് സോളാര്‍ ഹോം സിസ്റ്റംസ് എത്തിക്കണമെന്നാണ് കമ്പനി ടീമിന്റെ സ്വപ്നം.