കുടിവെള്ളത്തിനായി കൂട്ടായ്മ ഒരുക്കി ഒരു പ്രദേശം

0


കുടിവെള്ളത്തിനായി ഒത്തുകൂടിയിരിക്കുകയാണ് ഇവിടെയൊരു പഞ്ചായത്തും അവിടുത്തെ ജനങ്ങളും. തങ്ങളുടെ പ്രതിഷേധം വ്യത്യസ്തതയിലൂടെ ലോകത്തെ വിളിച്ചറിയാക്കാനാണ് അരുവിക്കര ജലസംരക്ഷണ സമിതിയുടെ തീരുമാനം. കഴിഞ്ഞ രണ്ട് വര്‍ഷമായുള്ള ഇവരുടെ നിരന്തര ആവശ്യങ്ങള്‍ക്കുനേരെ അധികൃതര്‍ കണ്ണടച്ചതിനെ തുടര്‍ന്നാണ് അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ ഒരു പ്രദേശം തന്നെ മുന്നിട്ടിറങ്ങുന്നത്. തിരുവനന്തപുരം നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന അരുവിക്കര ജലസംഭരണി സംരക്ഷിക്കുക എന്നതാണ് ഇവരുടെ ആവശ്യം. അതിനായി സെക്രട്ടേറിയറ്റിന് മുന്നിലൊരുക്കിയത് ഒരു ഫോട്ടോ പ്രദര്‍ശനമാണ്.

ഡാമിന്റെ ശോചനീയവസ്ഥ പരിഹരിക്കാന്‍ നിരവധി തവണ അധികൃതരെ കണ്ടെങ്കിലും നടക്കാത്തതിനെ തുടര്‍ന്നാണ് കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധിച്ച് തുടങ്ങിത്. ജനങ്ങളെ ബോധവത്കരിക്കുന്നതിനുവേണ്ടിയാണ് പ്രതിഷേധം സെക്രട്ടേറിയറ്റിനു മുന്നിലാക്കിയത്. ഡാം അരുവിക്കരയിലാണെങ്കിലും ഇതിന്റ ഫലം ലഭിക്കുന്നത് നഗരവാസികള്‍ക്കാണ്. അപ്പോള്‍ അതിനുപിന്നിലെ പ്രശ്‌നങ്ങള്‍ അവരും അറിഞ്ഞിരിക്കണം.

ജല സ്രോതസ്സുകളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. ആറും പുഴയും നദിയും കുളവും ഒക്കെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കവയിത്രി സുഗതകുമാരി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 44 നദികളും മലിനമായികൊണ്ടിരിക്കുന്നതായി സുഗതകുമാരി പറഞ്ഞു. ഈ സമരം ഒരു തുടക്കം മാത്രമാണെന്നും ഇത്തരം പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും സുഗതകുമാരി പറഞ്ഞു.

നെയ്യാര്‍ഡാം പ്രദേശത്ത് ജലസംഭരണി സംരക്ഷണ സായാഹ്നം സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട, ആര്‍ക്കിടെക്ട് ജി ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

നഗരത്തിന് ശുദ്ധജലം നല്‍കുന്ന അരുവിക്കര ഡാം രണ്ട് വര്‍ഷമായി മാലിന്യവും എക്കലും കോരപ്പുല്ലും പായലും നിറഞ്ഞ് മലിനമായി മാറിയിരിക്കുകയാണ്. ജല സംഭരണി ശുദ്ധീകരിക്കുക മാത്രമല്ല മുന്‍കാല സംഭരണശേഷി പുനസ്ഥാപിക്കുക ചെയ്ത് അനന്തപുരിക്ക് ശുദ്ധജലം നല്‍കണം, വരും തലമുറക്ക് പരിസ്ഥിതിയും ശുദ്ധജലവും അന്യം നിന്ന് പോകരുത് എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതെന്ന് ഇവിടുത്തുകാര്‍ പറയുന്നു. ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് ഐ മിനിയുടെ എല്ലാ പിന്തുണയും ഈ പ്രതിഷേധ പരിപാടികള്‍ക്കുണ്ട്. തങ്ങളുടെ ഉദ്യമം വിജയം കാണുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.