കരുതല്‍ കരുത്തേകുമെന്ന്‌ ശൈലേന്ദ്ര സിംഗ്

0

ചുറ്റും നിരവധി സംരഭങ്ങള്‍ പൊട്ടിമുളക്കുന്ന കാലത്ത് സംരഭ നിക്ഷേപത്തെ വിവിധ വീക്ഷണ കോണുകളില്‍ കൂടി നോക്കിക്കാണുകയാണ് സെക്വയ കാപ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടര്‍ ശൈലേന്ദ്ര ജെ സിംഗ്. യുവര്‍ സ്റ്റോറി സ്ഥാപക, ശ്രദ്ധ ശര്‍മ്മയുമൊത്ത് ടെക് സ്പാര്‍ക്കില്‍ നടത്തിയ സംവാദത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

യുവര്‍ സ്‌റ്റോറി ഡോട് കോം സ്ഥാപക ശ്രദ്ധ ശര്‍മ്മ (ഇടത്) സെക്വയ ക്യാപിറ്റല്‍ എം ഡി ശൈലേന്ദ്ര സിംഗുമായി യുവര്‍ സ്‌റ്റോറി ടെക് സ്പാര്‍ക്കിനിടെ സംവദിക്കുന്നു
യുവര്‍ സ്‌റ്റോറി ഡോട് കോം സ്ഥാപക ശ്രദ്ധ ശര്‍മ്മ (ഇടത്) സെക്വയ ക്യാപിറ്റല്‍ എം ഡി ശൈലേന്ദ്ര സിംഗുമായി യുവര്‍ സ്‌റ്റോറി ടെക് സ്പാര്‍ക്കിനിടെ സംവദിക്കുന്നു

''പല സംരഭങ്ങള്‍ക്കും മാന്ദ്യകാലമുണ്ടാകാം. കാറും കോളും മൂടിയ അന്തരീക്ഷം പോലെ അവ നമുക്ക് ചില സൂചനകള്‍ നല്‍കും. ചാറ്റല്‍ മഴയാണോ കൊടുങ്കാറ്റും പേമാരിയുമാണോ വരാനിരിക്കുന്നതെന്ന് നമുക്ക് പ്രവചിക്കാനാകില്ല.'' എന്നാല്‍ മഴ കൊള്ളാതിരിക്കാന്‍ ഓരോ സംരഭകനും ഒരു കുട കരുതുന്നത് നന്നാകുമെന്നാണ് തന്റെ അഭിപ്രായമെന്ന്‌ ശൈലേന്ദ്ര പറയുന്നു. വരാനിരിക്കുന്ന തിരിച്ചടികളെ മുന്‍കൂട്ടി കാണുകയാണ് ഒരു സംരഭകന്‍ ചെയ്യേണ്ടത്. നിക്ഷേപ സമാഹരണം എങ്ങനെ നടത്തണം എന്നത് എക്കാലത്തേയും ചിന്താവിഷയമാണ്. എന്നാല്‍ ഉപഭോക്താവിന്റെ ഒരു പ്രത്യേക സമയത്തെ താത്പര്യത്തെ അടിസ്ഥാനമാക്കി മാത്രം ഇത് നിശ്ചയിക്കാനാകില്ല. ഉപഭോക്താവിന്റെ മാറിക്കൊണ്ടിരിക്കുന്ന താത്പര്യങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ തൃപ്തിപ്പെടുത്താനാകണം സംരംഭകന്‍ ശ്രമിക്കേണ്ടത്.

ചില പ്രത്യേക സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളില്‍ നിക്ഷേപമിറക്കുന്നത് എന്തു മാനദണ്ഡം നോക്കിയാണ് എന്ന ചോദ്യത്തോട് വളരെ വ്യത്യസ്തമായാണ് അദ്ദേഹം പ്രതികരിച്ചത്.

ഞാന്‍ ഈ രംഗത്തേക്കു വന്ന എന്റെ ചെറുപ്പകാലത്ത് കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ടായിരുന്നു. ചെറുപ്പക്കാര്‍ ഇന്നും അത്തരത്തില്‍ തന്നെയാണ് ചിന്തിക്കുന്നതെന്നാണ് എന്റെ തോന്നല്‍. ജീവിതത്തിന്റെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങള്‍ക്ക് വിലിയിടാന്‍ കഴിയില്ലെന്നാണ് എന്റെ അഭിപ്രായം. അതു പോലെ തന്നെ ഒരു പുത്തന്‍ സംരംഭത്തെ കണക്കുകള്‍ കൊണ്ട് അളക്കാനുമാകില്ല.

സുവ്യക്തമായ ആശയത്തിന്റെ അടിസ്ഥാനത്തില്‍ സംരഭത്തില്‍ സ്ഥാപകര്‍ പ്രകടിപ്പിക്കുന്ന താത്പര്യവും പങ്കാളിത്തവും പരസ്പരമുള്ള ഇഴയടുപ്പവുമാണ് ശൈലേന്ദ്രയെ ആ സംരഭത്തില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നത്. സെക്വയ ക്യാപ്പിറ്റലില്‍ കഴിഞ്ഞ 10 വര്‍ഷത്തെ അനുഭവ സമ്പത്തു കൊണ്ട് ശൈലേന്ദ്രക്ക് പ്രായോഗികവും വിശ്വസനീയവുമല്ലാത്ത സംരഭങ്ങളെ ഉടന്‍ തിരിച്ചറിയാനാകും. ഊതിപ്പെരുപ്പിച്ച കണക്കുകളാകും ഇത്തരം സംരഭങ്ങള്‍ക്കുള്ളതെന്ന് അദ്ദേഹം പറയുന്നു.

ഐ ഐ എമ്മില്‍ നിന്നോ ഐ ഐ ടിയില്‍ നിന്നോ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ തുടക്കമിടുന്ന സംരഭങ്ങള്‍ക്ക് നിക്ഷേപ സാധ്യത കൂടുതലുണ്ടെന്ന വാദം ശൈലേന്ദ്ര തള്ളിക്കളയുന്നു. ഫ്രീചാര്‍ജ്ജിലെ കുനല്‍ ഷാ തത്വശാസ്ത്രത്തില്‍ ബിരുദം നേടിയ വ്യക്തിയാണ്. പ്രാക്ടോയിലെ ശശാങ്കിന് എന്‍ ഐ ടി-കെ ബിരുദമാണുള്ളത്. ഹെല്‍പ്പ് ചാറ്റിന്റെ അങ്കുര്‍ സിംഗ്ല അഭിഭാഷകനാണ്. ഓയോ റൂംസ് തുടങ്ങിയ റിതേഷ് കോളജില്‍ പോലും പോയിട്ടില്ല. കാര്യങ്ങള്‍ ഗ്രഹിക്കണമെന്ന അതിയായ ആശയാണ് ഒരാളെ അപ്രാപ്യമാണെന്ന് കരുതുന്ന വിജയത്തിലേക്ക് എത്തിക്കുന്നത്.

നിക്ഷേപത്തിന് അനുയോജ്യമായ മേഖലകള്‍ കാലാകാലങ്ങളില്‍ മാറിമറിയാറുണ്ട്. 2007ല്‍ ഫാഷന്‍ ഒരു മികച്ച മേഖലയായിരുന്നുവെങ്കില്‍ ഇന്നത് മാറിയിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ എവിടെ നിക്ഷേപിക്കമെന്ന ചോദ്യമുയരുകയാണെങ്കില്‍ മൊബൈല്‍ അധിഷ്ഠിത സംരഭങ്ങളിലായിരിക്കും അതെന്നാണ് ശൈലേന്ദ്രയുടെ ഉത്തരം. ബാങ്കിംഗ് മേഖലയിലെ പണമിടപാടുകളുടെ ശൈലി മാറിയ സാഹചര്യത്തില്‍ ഇത്തരം സാങ്കേതിക സഹായത്തോടുകൂടിയുള്ള പണമിടപാട് നടത്തുന്ന മേഖലയും ഇന്നത്തെ സാഹചര്യത്തിന് അനുയോജ്യമാണ്. എന്നാല്‍ ഇന്ത്യ പോലുള്ള ഒരു സ്ഥലത്ത് സമാനമായ ഒന്നിലേറെ സംരംഭങ്ങള്‍ ഒരേ തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതും ഒരു യാഥാര്‍ഥ്യമാണ്.

സംരംഭക നിക്ഷേപകന്‍ എന്ന നിലയില്‍ പുതുതായി ആരംഭിക്കുന്ന സംരംഭങ്ങള്‍ കൂടുതല്‍ പണം ചിലവിടുന്നതിനെക്കുറിച്ച് കാണികള്‍ ചോദ്യമുന്നയിച്ചപ്പോള്‍ മൂലധനം ഉയര്‍ത്തുകയെന്നത് പ്രധാനമാണെന്നും അല്ലെങ്കില്‍ പിന്നിലേക്ക് പോകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു അത്‌ലറ്റിനെപ്പോലെ സ്റ്റാര്‍ട്ട് പറഞ്ഞാല്‍ കുതിക്കേണ്ടവനാണ് സംരംഭകനും. ഇതിലൂടെ മാത്രമേ മജ്ജയും പേശിയും കൂടുതല്‍ ദൃഢമാവുകയുള്ളൂ എന്നാണ് എന്റെ വിശ്വാസം. നിലവില്‍ ഫ്രീചാര്‍ജ്, ജസ്റ്റ് ഡയല്‍, പ്രാക്ടോ, മു സിഗ്മ, പെപ്പര്‍ടാപ്, സൂംകാര്‍ എന്നീ സംരഭങ്ങള്‍ക്ക് പിന്നില്‍ ശൈലേന്ദ്ര പിന്തുണയുമായുണ്ട്.