ഭരണശബ്ദാവലി മൊബൈല്‍ ആപ് മന്ത്രി പ്രകാശനം ചെയ്തു

0

ഡിജിറ്റല്‍ ഡിക്ഷ്ണറികള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. മൊബൈല്‍ ഭരണ ശബ്ദാവലിയുടെയും ഭാഷാ ഇന്‍സ്റ്റിറ്റിറ്റിയൂട്ടിന്റെ പുതുക്കിയ വെബ്‌സൈറ്റിന്റെയും പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മലയാള ഭാഷയ്ക്ക് പ്രത്യേക പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. 

അച്ചടിച്ച പുസ്തകങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ പുസ്തകങ്ങളും വായനക്കാരിലേക്ക് എത്തിക്കാന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. ഭരണഭാഷാ മാധ്യമ മാറ്റത്തിന് കരുത്ത് പകരുന്ന നടപടിയാണ് ഭരണഭാഷാ ശബ്ദാവലി മൊബൈലില്‍ ലഭ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതുവരെ അച്ചടിച്ച പതിപ്പായിരുന്ന ഭരണശബ്ദാവലി ഭരണഭാഷാ മാധ്യമ മാറ്റത്തിന്റെയും പുതിയ ഐടി നയത്തിന്റെയും ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യമായി മൊബൈലില്‍ ലഭ്യമാക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട്. ആകെ 11509 വാക്കുകളാണ് ഭരണശബ്ദാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ വെബ് പതിപ്പും ഇതോടൊപ്പം ലഭ്യമാണ്. മൊബൈലില്‍ ഓഫ്‌ലൈനായിത്തന്നെ ഇത് ഉപയോഗിക്കാം. സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ തയ്യാറാക്കിയ ഈ ആപ്ലിക്കേഷന്‍ പുതിയ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് പരിഷ്‌കരിക്കാനും കഴിയും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ശ്രേയസ് നിഘണ്ടു (shreyas dictionary) തെരഞ്ഞ് ഡൗണ്‍ലോഡിലൂടെ സ്വന്തം മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഭരണശബ്ദാവലി വായനക്കാര്‍ക്ക് സൗജന്യമായി ഉപയോഗിക്കാം. വെബ് വിലാസം: www.bharanashreyas.com. പ്രകാശനച്ചടങ്ങില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രെഫ.വി.കാര്‍ത്തികേയന്‍ നായരും സംബന്ധിച്ചു