സല്‍ക്കാരത്തിന്റെ പുതിയ രുചി പകര്‍ന്ന് 'ഹോളി കൗ'

0

രുചികരമായ ഭക്ഷണം എത്ര കിട്ടിയാലും മതിവരാത്തവരാണ് നമ്മള്‍. മദ്യത്തിന്റെ കാര്യവും ഇങ്ങനെ തന്നെ. ഗുണവും രുചിയുമുള്ളതാണെങ്കില്‍ വില നോക്കാതെ തന്നെ രണ്ടിനും ആവശ്യയ്ക്കാരെത്തും. സന്ദീപ് ശ്രീനിവാസന്‍, തഷ്‌വിന്‍ മുക്കതിര എന്നിവരുടെ ഹോളി കൗ ഹോസ്പിറ്റാലിറ്റി എന്ന ബിസിനസ് ആശയത്തിന് പിന്നിലെ തത്വവും ഇതുതന്നെ. ഹോളി കൗ ഹോസ്പിറ്റാലിറ്റിക്ക് ഇപ്പോള്‍ പ്ലാന്‍ ബി, മദര്‍ ക്ലക്കര്‍ ബാര്‍, വണ്‍ നൈറ്റ് ഇന്‍ ബാങ്കോക്ക് എന്നിങ്ങനെ മൂന്ന് ഫ്രാഞ്ചൈസികളുണ്ട്. മൂന്ന് സ്ഥാപനങ്ങള്‍ക്കും ബംഗലൂരുവിലും ചെന്നൈയിലുമായി അഞ്ച് ബ്രാഞ്ചുകളുമുണ്ട്.

വെറുതെ ഒരു മദ്യശാലയോ ഭക്ഷണശാലയോ തുടങ്ങുകയല്ല ഇരുവരും ചെയ്തത്. ഭക്ഷണത്തോടൊപ്പം സ്ഥാപനങ്ങളുടെ രൂപകല്‍പനക്ക് വരെയുണ്ട് പ്രത്യേകതകള്‍. ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ കൊണ്ടും കലാവിരുതും കൊണ്ടും മനോഹരമാക്കിയവാണ് ഇവയുടെ ഭിത്തികള്‍. മേല്‍ക്കൂരയ്ക്കുമുണ്ട് പ്രത്യേകത. ഇരിക്കാനുള്ള കസേരയും ഭക്ഷണം വെച്ച് കഴിക്കാനുള്ള മേശയും വരെ പ്രത്യേക തരത്തിലുള്ളതാണ്. 2010ല്‍ ആണ് ഇവര്‍ ഹോളി കൗ ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനം തുടങ്ങിയത്.

നേരത്തെ സന്ദീപ് രണ്ട് ചൈനീസ് റെസ്റ്റോറന്റുകള്‍ നടത്തിവരികയായിരുന്നു. താഷ്‌വിന്‍ അമേരിക്കയിലെ ഒരു ഇലക്ട്രോണിക് സ്ഥാപനത്തിലും ജോലി ചെയ്യുകയായിരുന്നു. സന്ദീപിനെ സംബന്ധിച്ച് ഒരു ഫ്രാഞ്ചൈസ് ബിസിനസ് തുടങ്ങുകയെന്നത് ദൂരവ്യാപകമായി ലാഭമുണ്ടാക്കുക എന്നതായിരുന്നില്ല. തനിക്ക് ഒറ്റക്ക് ഉത്തരവാദിത്തങ്ങളെല്ലാം നിറവേറ്റാന്‍ കഴിയുന്ന രീതിയില്‍ സംരംഭം എന്നതായിരുന്നു സന്ദീപിന്റെ ലക്ഷ്യം.

ബംഗലൂരുവിലെ കാസ്റ്റില്‍ സ്ട്രീറ്റില്‍ 2010ല്‍ ആണ് രണ്ടുപേരും തങ്ങളുടെ ആദ്യ ഔട്ട്‌ലെറ്റായ പ്ലാന്‍ ബി തുടങ്ങിയത്. 1200 ചതുരശ്ര അടിയില്‍ 58 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇവിടെയുണ്ടായിരുന്നത്. അമേരിക്കന്‍ സ്‌റ്റൈലിലുള്ള ഭക്ഷണങ്ങളായ ചിക്കന്‍ വിംഗ്‌സ്, സ്‌മോക്ക്ഡ് റിബ്‌സ്, നാച്ചോസ്, സ്റ്റീക്‌സ് എന്നീ വിഭവങ്ങളാണ് ഇവിടെ വിതരണം ചെയ്തിരുന്നത്.

ഇതിനുശേഷം റിച്ച്‌മോണ്ട് ടൗണിലും പ്ലാന്‍ ബിയുടെ മറ്റൊരു ശാഖ 2012ല്‍ തുടങ്ങുകയായിരുന്നു. മദ്യത്തിനു പുറമെ പാല്‍ വിഭവങ്ങളും ഇറച്ചിയുമാണ് ഇവിടത്തെ പ്രധാന ഐറ്റങ്ങള്‍. പ്ലാന്‍ ബി വിജയത്തിലെത്തിയതോടെയാണ് ബംഗലൂരുവിലെ ഇന്ദിരാനഗറില്‍ 2013ല്‍ മദര്‍ ക്ലക്കേഴ്‌സ് തുടങ്ങിയത്.

2015ല്‍ പ്ലാന്‍ ബിയുടെ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ ചെന്നൈയില്‍ തുറന്നു. ഇതിനുശേഷം ആഗസ്റ്റ് മാസത്തില്‍ വണ്‍ നൈറ്റ് ഇന്‍ ബാങ്കോക് എന്നൊരു സ്ഥാപനം കൂടി തുറന്നു. തങ്ങള്‍ക്ക് ഇത്രത്തോളം ഉയരങ്ങളിലെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നതല്ലെന്ന് താഷ് വിന്‍ പറയുന്നു. ഒരു സ്ഥലത്ത് മാത്രം മികച്ച ഭക്ഷണവും ബിയറും നല്‍കണമെന്ന് മാത്രമാണ് ഉദ്ദേശിച്ചിരുന്നത്. അത് വിജയം കണ്ടതോടെയാണ് മറ്റിടങ്ങളിലേക്കും ബ്രാഞ്ചുകള്‍ തുടങ്ങിയത്. 80 ലക്ഷം രൂപ മൂലധനത്തിലാണ് സംരംഭം തുടങ്ങിയത്. ഇത് സംരംഭങ്ങളെ സംബന്ധിച്ച് ഒരു വലിയ തുക തന്നെയാണെന്ന് ഇരുവരും പറയുന്നു.

ബംഗലൂരുവില്‍ തുടങ്ങിയ ഒരു ഔട്ട്‌ലെറ്റില്‍നിന്ന് ഹോളി കൗ ഹോസ്പിറ്റാലിക്ക് അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ഔട്ട്‌ലെറ്റുകളാണ് തുടങ്ങാനായത്. 400 ശതമാനം വര്‍ധവനാണ് ബിസിനസിലുണ്ടായത്. അഞ്ച് ഔട്ട്‌ലെറ്റിലായി ഇരുന്നൂറിലധികം ജീവനക്കാരാണ് ഇപ്പോഴുള്ളത്.

ഒരു ഫ്രാഞ്ചൈസ് മോഡലുകളെയും തങ്ങള്‍ അനുകരിക്കില്ലെന്ന് സന്ദീപ് പറയുന്നു. തങ്ങളുടെ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശവും മേല്‍നോട്ടവുമെല്ലാം തങ്ങള്‍ക്ക് തന്നെയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹോളി കൗ ഹോസ്പിറ്റാലിറ്റി 10 കോടി വരുമാനമാണ് ഉണ്ടാക്കിയത്. ഈ വര്‍ഷം 20 കോടിയാണ് ലക്ഷ്യമിടുന്നത്. ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും ഔട്ട്‌ലെറ്റുകള്‍ വ്യാപിപ്പിക്കാനാണ് ഇരുവരും ഉദ്ദേശിക്കുന്നത്. 2016 ഓടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷ.