വിശപ്പറിഞ്ഞ് ഫീഡിംഗ് ഇന്ത്യ

0

പട്ടിണിയെക്കുറിച്ചും ദാരിദ്യത്തെക്കുറിച്ചുമെല്ലാം വാ തോരാതെ സംസാരിക്കുമെങ്കിലും നമ്മള്‍ പലരും സ്വന്തം ജീവിതത്തില്‍ ഇതൊന്നും ആദര്‍ശങ്ങളാക്കാറില്ല. നാം ഒരു നേരം പാഴാക്കുന്ന ഭക്ഷണം മതിയാകും വിശന്നിരിക്കുന്ന പട്ടിണി പാവങ്ങളിലൊരാളുടെ ഒരു ദിവസത്തെ വിശപ്പടക്കാന്‍. അങ്കിത് കവാത്ര എന്ന ചെറുപ്പക്കാരനെ നമുക്ക് പരിചയപ്പെടാം. ഫീഡിംഗ് ഇന്ത്യ എന്ന സംരംഭത്തിന്റെ സ്ഥാപകനാണ് അങ്കിത്. ആഘോഷ വേളകളിലും മറ്റും മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് വിശന്നിരിക്കുന്നവര്‍ക്ക് നല്‍കുകയാണ് ഫീഡിംഗ് ഇന്ത്യ ചെയ്യുന്നത്.

മതിയായ പോഷണം ലഭിക്കാത്ത 194.6 മില്യന്‍ ജനങ്ങള്‍ ഇന്തയിലുണ്ടെന്നാണ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ സ്‌റ്റേറ്റ് ഓഫ് ഫഡ് ഇന്‍സെക്യൂരിറ്റി ഇന്‍ ദ വേള്‍ഡ് 2015 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ലോകരാജ്യങ്ങളില്‍ പോഷകാഹാരങ്ങള്‍ ലഭിക്കാത്തവരുടെ എണ്ണം ഏറ്റവും കൂടുതലായതില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. ഒരുഭാഗത്ത് പട്ടിണിക്കാരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മറുഭാഗത്ത് ഭക്ഷണം പാഴാക്കി കളയുന്ന ജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു എന്നതാണ് വിരോധാഭാസം.

23കാരനായ അങ്കിത് കവാത്ര ഒരു ബിസിനസ് കുടുംബത്തിലെ അംഗമാണ്. ഒരിക്കല്‍ ഒരു ആഡംബര വിവാഹത്തില്‍ അങ്കിത് പങ്കെടുക്കാനിടയായി. അവിടെ പതിനായിരത്തോളം പേരാണ് വിവാഹത്തിന് പങ്കെടുത്തത്. എന്നാല്‍ ആവശ്യമായതിലും അധികം ഭക്ഷണം തയ്യാറാക്കിയിരുന്നു.

അവിടെ 37 പാചകശാലകള്‍ ഒരുക്കിയരുന്നു.. ഒരു ഉത്സവത്തിന് നമ്മള്‍ കടന്നുചെല്ലുന്നത് പോലെയായിരുന്നു അവിടത്തെ അന്തരീക്ഷം. അവിടെ ഏറെ ഭക്ഷണ മിച്ചംവരുമെന്ന് മനസിലാക്കിയ താന്‍ മിച്ചം വരുന്ന ഭക്ഷണം എന്താകും ചെയ്യുന്നതെന്ന് ശ്രദ്ധിച്ചു. എന്നാല്‍ അവര്‍ ബാക്കി ഭക്ഷണം ചവറ്റു കൂനയില്‍ തള്ളുന്നതാണ് കണ്ടത്. 5000 പേര്‍ക്ക് കഴിക്കാന്‍ വേണ്ടിയുള്ള ഭക്ഷണം അതിലുണ്ടായിരുന്നു.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസിലാക്കിയ അങ്കിത് ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. വിവാഹ വേളകളിലും മറ്റ് ആഘോഷ ചടങ്ങുകളിലുമെല്ലാം ബാക്കി വരുന്ന ഭക്ഷണം എന്ത് ചെയ്യും എന്നാണ് തിരക്കിയത്. ഈ ഭക്ഷണം കൊണ്ടുകളയുമെന്നായിരുന്നു മിക്കവരുടെയും മറുപടി. ഇത് ഒരു ഗൗരവ വിഷയമായി തന്നെ എടുക്കാന്‍ അങ്കിത് തീരുമാനിച്ചു.

ഇതില്‍നിന്നാണ് ഫീഡിംഗ് ഇന്ത്യ എന്ന സ്ഥാപനത്തിലേക്കുള്ള ചിന്തയുദിച്ചത്. പുതുതായി ഭക്ഷണം കണ്ടെത്തി പാവങ്ങള്‍ക്ക് നല്‍കുകയല്ല ഫീഡിംഗ് ഇന്ത്യ ചെയ്യുന്നത്. ഉള്ള ഭക്ഷണത്തില്‍നിന്നു തന്നെ പാഴായി പോകുന്നത് കണ്ടെത്തി ഭക്ഷണം കിട്ടാത്തവര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളുടെ ഏറ്റവും വലിയ അബദ്ധവും ഇത് തന്നെയാണ്. അവര്‍ ഉള്ള ഭക്ഷണം കണ്ടെത്തി നല്‍കുന്നതിന് പകരം പുതിയത് ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

മുംബൈയില്‍ ഒരു ദിവസം പാഴാക്കി കളയുന്ന ഭക്ഷണം വിശക്കുന്നവര്‍ക്ക് കൊടുത്താല്‍ മൂംബൈയില്‍ പട്ടിണി കിടക്കേണ്ടി വരുന്ന ഒരാള്‍ പോലും കാണില്ലെന്ന് അങ്കിത് ഒരു ആര്‍ട്ടിക്കിളില്‍ വായിച്ചിട്ടുണ്ട്. അങ്കിതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന വാക്കുകളായിരുന്നു ഇത്.

ചില സംഘടനകള്‍ വിശക്കുന്നവര്‍ക്ക് പാര്‍ലിജി ബിസ്‌ക്കറ്റ് നല്‍കിയിട്ട് അവര്‍ ഭക്ഷണം നല്‍കി എന്ന് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ താനില്ലെന്ന് അങ്കിത് പറയുന്നു. ഏതാനും കാറ്ററേഴ്‌സുമായും ഹോട്ടലുകളുമായും കരാറുണ്ടാക്കിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ ആഴ്ചകളിലും എന്തെങ്കിലും വിശേഷ അവസരങ്ങളോ പരിപാടികളോ ഉണ്ടെങ്കില്‍ അവര്‍ തങ്ങളെ അറിയിക്കും. ഓരോ ചടങ്ങുകളിലും ഏകദേശം എത്ര ഭക്ഷണം ബാക്കി വരുമെന്നത് ചടങ്ങുകളില്‍ പകുതി പേര്‍ ഭക്ഷണം കഴിച്ച് കഴിയുമ്പോള്‍ തന്നെ അവര്‍ മനസിലാക്കി തങ്ങളെ അറിയിക്കും. ഫീഡിംഗ് ഇന്ത്യയിലെ വോളന്റിയര്‍മാര്‍ അവിടെയെത്തി മിച്ചം വരുന്ന ഭക്ഷണം ശേഖരിക്കും.

ഉച്ചക്ക് 12.30ന് മുമ്പേ തന്നെ ഈ ഭക്ഷണമെല്ലാം ശേഖരിച്ച് ആവശ്യമുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കും. ഡല്‍ഹിയില്‍ പട്ടിണി അനുഭവിക്കുന്ന നിരവധി പേരാണുള്ളത്. ഭക്ഷണം കൊടുക്കുന്നതിലൂടെ വിശപ്പ് മാറ്റുക എന്നത് മാത്രമല്ല നമ്മള്‍ വലിയൊരു സേവനമാണ് അവര്‍ക്ക് നല്‍കുന്നത്.

റെയിന്‍ ബസേര പോലുള്ള അഭയാര്‍ത്ഥി കേന്ദ്രങ്ങളുമായും ഏതാനും എന്‍ ജി ഒകളുമായും ഫീഡിംഗ് ഇന്ത്യ സഹകരിക്കുന്നുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഭക്ഷണം മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ട് പോകേണ്ടതിന്റെ കാലതാമസവും യാത്രാ ചിലവും ഒഴിവാക്കാന്‍ ഭക്ഷണം ശേഖരിക്കുന്ന സ്ഥലത്തിനടുത്തുള്ള എന്‍ ജി ഒകളുമായി ബന്ധപ്പെടുകയാണ് തങ്ങള്‍ ചെയ്യുന്നത്. ഇവര്‍ വഴി അടുത്തുള്ള പാവങ്ങള്‍ക്ക് ഭക്ഷണമെത്തിക്കും.

ഇതുവരെ 50000 പേര്‍ക്ക് ഭക്ഷണം നല്‍കിയിട്ടുള്ളതായി അങ്കിത് അഭിമാനത്തോടെ പറയുന്നു. വിവാഹവേളകളില്‍നിന്നും മറ്റും തങ്ങള്‍ ഭക്ഷണം ശേഖരിക്കുന്നതിന്റെ ചിത്രങ്ങള്‍ അടുത്തിടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്.

ഓരോ ആഴ്ചയിലും ഫീഡിംഗ് ഇന്ത്യയിലേക്കെത്തുന്ന വോളന്റിയേഴ്‌സിന്റെ എണ്ണം കൂടുകയാണ്. ഡിസംബറില്‍ 50 വോളന്റിയര്‍മാരുണ്ടായിരുന്നത് ഇപ്പോള്‍ 150 ആയി. ഇതില്‍നിന്ന് പ്രത്യേക വരുമാനങ്ങളൊന്നും കണ്ടെത്തുന്നില്ല. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് കണ്ടെത്തേണ്ടതുണ്ട്. ഒരു പ്ലേറ്റ് ഭക്ഷണത്തിന്റെ തുക തങ്ങള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചിലവായി നല്‍കണമെന്ന് കാറ്ററേഴ്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചില ആഡംബര വിവാഹങ്ങളില്‍ ഒരു പ്ലേറ്റ് ഭക്ഷണത്തിന്റെ ചെലവ് 8000 രൂപ വരെ ഉണ്ടാകാറുണ്ടെന്ന് അങ്കിത് പറയുന്നു. ഫീഡിംഗ് ഇന്ത്യയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്ന് എന്തെങ്കിലും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അങ്കിത്.

പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുക എന്നതാണ് തങ്ങളുടെ പ്രധാന വെല്ലുവിളി. ഈ വര്‍ഷം അവസാനത്തോടെ 15 നഗരങ്ങളിലേക്ക് പ്രവര്‍ത്തനം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു ലക്ഷം പേര്‍ക്ക് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഭക്ഷണം നല്‍കാനാണ് ശ്രമം. ഇതിന് കൂടുതല്‍ സ്ഥാപനങ്ങളുമായി സഹകരണം ഉണ്ടാക്കണം.

തന്റെ ജോലി ഉപേക്ഷിച്ച് പുതിയ സംരംഭത്തിലേക്കിറങ്ങിയപ്പോള്‍ വീട്ടില്‍ നിന്ന് നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നതായി അങ്കിത് പറയുന്നു. ആദ്യത്തെ നാല് മാസം താന്‍ എന്താണ് ചെയ്യുന്നതെന്ന് പോലും അവര്‍ക്ക് ധാരണയുണ്ടായിരുന്നില്ല. തന്റെ ജീവിതത്തിലെ 50-60 വര്‍ഷങ്ങള്‍കൊണ്ട് അടുത്ത തലമുറക്കും തന്റെ പ്രവര്‍ത്തനങ്ങളുടെ സ്വാധീനമുണ്ടാക്കണം. ഇക്കാര്യം താന്‍ എപ്പോഴും വീട്ടുകാരോട് പറയാറുണ്ട്.

ഇപ്പോള്‍ ഫീഡിംഗ് ഇന്ത്യ ഒരു രജിസ്റ്റേര്‍ഡ് സ്ഥാപനമാണ്. തങ്ങള്‍ക്ക് സ്വന്തമായി ഒരു ഓഫീസുണ്ട്.

ഭക്ഷണം പാഴാക്കി കളയുന്നതിനെതിരെ ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കാനും താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഭക്ഷണം പാഴാക്കുന്നതിന് മുമ്പ് രണ്ട് വട്ടം ഓരോരുത്തരും ആലോചിക്കണം ഇതാണ് തന്റെ ആശയം. ഏതെങ്കിലും പരിപാടി സംഘടിപ്പിക്കുമ്പോള്‍ അവര്‍തന്നെ ഫീഡിംഗ് ഇന്ത്യയെ അറിയിക്കുന്ന സാഹചര്യം ഉണ്ടാകണം. പാവങ്ങളുടെ വിശപ്പടക്കാനുള്ള അങ്കിതിന്റെ യാത്ര തുടരുകയാണ്.