നവകേരളീയം : സഹകരണ സ്ഥാപനങ്ങളില്‍ കുടിശിക നിവാരണ പദ്ധതി  

0

സഹകരണ സ്ഥാപനങ്ങളിലെ കുടിശ്ശിക കുറയ്ക്കുന്നതിനായി 'നവകേരളീയം കുടിശ്ശിക നിവാരണം 2017'എന്ന പേരില്‍ ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി വിവിധ ആനുകൂല്യങ്ങളോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിവിധ കാരണങ്ങളാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സഹകാരികള്‍ക്ക് ഏറെ സഹായമാകുന്ന പദ്ധതിയാണിത്. 

കൃത്യമായ വായ്പ തിരിച്ചടവ് പ്രോത്സാഹിപ്പിച്ച് സംഘങ്ങള്‍/ബാങ്കുകള്‍ എന്നിവയെ പരമാവധി കുടിശ്ശികരഹിത സ്ഥാപനങ്ങളായി മാറ്റുന്നതിനും നല്ല രീതിയില്‍ വായ്പാ തിരിച്ചടവ് നടത്തുന്നവര്‍ക്ക് പത്ത് ശതമാനം പലിശ ഇന്‍സെന്റീവ് ലഭ്യമാകുന്നതിനും സഹായകമായ രീതിയിലാണ് പദ്ധതി. 2017 ഫെബ്രുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയാണ് പദ്ധതി കാലാവധി. സഹകരണ സംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ള എല്ലാ സംഘങ്ങള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും പദ്ധതി ബാധകമാണ്. 2016 ഡിസംബര്‍ 31 വരെ കുടിശ്ശിക ആയ വായ്പകള്‍ ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതിയില്‍ പരിഗണിക്കും. വായ്പാ ഒത്തു തീര്‍പ്പുകളിലും പിഴപലിശ പൂര്‍ണ്ണമായും ഒഴിവാക്കും. .പലിശ കണക്കാക്കേണ്ടത് സാധാരണ പലിശ നിരക്കിലാണ്. അഞ്ച് ലക്ഷം വരെയുളള വായ്പകളില്‍ പലിശ മുതലിനെക്കാള്‍ അധികരിച്ചാല്‍ പലിശ മുതലിനൊപ്പം ക്രമീകരിച്ച് വായ്പ കണക്ക് അവസാനിപ്പിക്കാനാകും എന്നതു പദ്ധതിയുടെ സവിശേഷതയാണ്. നിലവിലുള്ള വായ്പകളെ അഞ്ച് ലക്ഷം, അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ, 10 ലക്ഷം മുതല്‍ 20 ലക്ഷം വരെ, 20 മുതല്‍ 50 ലക്ഷം വരെ, 50 ലക്ഷത്തിനു മുകളില്‍, ആര്‍ബിട്രേഷന്‍/എക്‌സിക്യൂഷന്‍ കേസുകള്‍ എന്നിങ്ങനെ ആറ് വിഭാഗങ്ങളായി തരം തിരിച്ചാണ് ഓരോ വിഭാഗത്തിലെയും വായ്പകളുടെ ആനുകൂല്യങ്ങള്‍ തീരുമാനിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി സംഘം തലം, താലൂക്ക് തലം, ജില്ലാതല കമ്മിറ്റികള്‍ രൂപീകരിച്ച പദ്ധതിയുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യും. പദ്ധതിയുടെ വിശദവിവരങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ സഹകരണ സംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ചു.