വാണിജ്യ - ദേശസാല്‍കൃത ബാങ്ക് വായ്പകളിന്മേലും മൊറിട്ടോറിയം പ്രഖ്യാപിക്കണം: രമേശ് ചെന്നിത്തല

വാണിജ്യ - ദേശസാല്‍കൃത ബാങ്ക് വായ്പകളിന്മേലും മൊറിട്ടോറിയം പ്രഖ്യാപിക്കണം: രമേശ് ചെന്നിത്തല

Wednesday November 30, 2016,

1 min Read

നോട്ട് പരിഷ്‌ക്കരണം രാജ്യത്ത് സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധി കണക്കിലെടുത്ത് വാണിജ്യ ബാങ്കുകളും ദേശസാത്കൃത ബാങ്കുകളും വായ്പകളിന്മേല്‍ പ്രധാന മന്ത്രി സാവകാശം ചോദിച്ചിട്ടുള്ള അന്‍പത് ദിവസത്തേക്കെങ്കിലും മോറിട്ടോറിയം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

image


സഹകരണ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് കേരളം സഹകരണ ബാങ്കുകളിലെ വായ്പകളിന്മേല്‍ മാര്‍ച്ച് 31 വരെ മൊറിട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണ മേഖലയില്‍ മാത്രമല്ല, സംസ്ഥാനത്ത് മറ്റെല്ലാ മേഖലകളിലും പ്രതിസന്ധി നിലനില്‍ക്കുകയാണ്. പണലഭ്യത ഇല്ലാത്തതുകാരണം ഉല്പാദന മേഖല അപ്പാടെ മരവിച്ച് കിടക്കുകയാണ്. ചെറുകിട വ്യവസായ മേഖലയും നിര്‍മ്മാണ മേഖലയും മത്സ്യബന്ധനം രംഗവും കാര്‍ഷിക മേഖലയും വന്‍പ്രതിസന്ധിയാണ് നേരിടുന്നത്. ലക്ഷക്കണക്കിനാളുകളാണ് തൊഴില്‍ രഹിതരായിരിക്കുന്നത്. നിത്യച്ചിലവുകള്‍ക്കുള്ള പണം പോലും കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്ന ആളുകള്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉടലെടുത്തിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വാണിജ്യ ബാങ്കുകളിലേയും ദേശസാല്കൃത ബാങ്കുകളിലേയും വായ്പകളില്‍ മൊറിട്ടോറിയം ഏര്‍പ്പെടുത്തണ്ടേത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ചെറുകിട വ്യവസായ വായ്പകള്‍, കാര്‍ഷിക വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, മത്സ്യവ്യവസായ വായ്പകള്‍, ഭവന നിര്‍മ്മാണ വായ്പകള്‍ തുടങ്ങി സാധാരണക്കാര്‍ എടുത്തിട്ടുള്ള എല്ലാ വായ്പകളിന്മേലും മൊറിട്ടോറിയം ഏര്‍പ്പെടുത്തണം. ഈ കാലയളവിലെ പലിശയും ഒഴിവാക്കിക്കൊടുക്കണം.

നാളെ ശമ്പള ദിവസമാണ്. ബാങ്കുകളില്‍ ആവശ്യത്തിന് നോട്ട് സ്‌റ്റോക്കില്ലാത്തതിനാല്‍ ശമ്പള വിതരണം അവതാളത്തിലാവുമെന്ന പരിഭ്രാന്തിയിലാണ് ജീവനക്കാര്‍. അതിനാല്‍ ശമ്പളവിതരണം സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കമമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

    Share on
    close