അന്നം പുണ്യം മൂന്നാഘട്ടത്തിലേക്ക്

0

വിശക്കുന്നവന് അന്നം പകരാന്‍ ജില്ലാ ഭരണകൂടം ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനുമായി ചേര്‍ന്ന് ജില്ലയില്‍ നടപ്പാക്കി വരുന്ന അന്നം പുണ്യം പദ്ധതി കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിന് ജില്ലാ കളക്ടറേററില്‍ നടന്ന അന്നം പുണ്യം പദ്ധതി അവലോകന യോഗത്തില്‍ തീരുമാനമായി.

ഓണത്തോടെ തുടക്കമിടുന്ന മൂന്നാം ഘട്ട പരിപാടിയോടെ പദ്ധതി കൂടുതല്‍ വില്ലേജുകളിലേക്കെത്തിക്കും. ഭക്ഷണം കഴിക്കാന്‍ കാശില്ലാത്തതിന്റെ പേരില്‍ ജില്ലയില്‍ ഒരാളും വിശപ്പറിയരുതെന്ന ആശയത്തില്‍ 2015 ല്‍ പിറന്ന അന്നം പുണ്യം പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഇതുവരെ പതിനായിരത്തോളം ആളുകള്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി. ജില്ലയിലെ 27 വില്ലേജ് ഓഫീസുകളിലും 13 സര്‍ക്കാര്‍ ആശുപത്രികളിലും ജില്ലാ കളക്ടറേറ്റിലും, താലൂക്ക് ഓഫീസുകളിലും അര്‍ഹരായവര്‍ക്കുള്ള കൂപ്പണുകള്‍ വിതരണം ചെയ്തു വരുന്നു. നിലവില്‍ 115 ഹോട്ടലുകളും പദ്ധതിയുടെ ഭാഗമാണ്. ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന കൂപ്പണുകള്‍ ഉപയോഗിച്ച് ഈ ഹോട്ടലുകളില്‍ നിന്ന് സൗജന്യമായി ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. അര്‍ഹരായവരെ കണ്ടെത്തി കൂപ്പണുകള്‍ നല്‍കുന്നതിന് അംഗീകാരം നല്‍കിയിട്ടുള്ള ഓഫീസുകളുടെ സമീപത്തുള്ള രണ്ടോ അതിലധികമോ ഹോട്ടലുകളെയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ചില സ്ഥലങ്ങളില്‍ ഇത്തരത്തില്‍ മുന്നോട്ട് വന്ന നാലിലധികം ഹോട്ടലുകളുമുണ്ടെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.

കവടിയാര്‍, കുടപ്പനകുന്ന്, മണക്കാട്, മുട്ടത്തറ, പട്ടം, പേരൂര്‍ക്കട, പേട്ട, ശാസ്തമംഗലം, തൈക്കാട്, തിരുമല, ഉള്ളൂര്‍, വട്ടിയൂര്‍ക്കാവ്, വഞ്ചിയൂര്‍, ആറ്റിപ്ര, കരിക്കകം, ചെറുവക്കല്‍, കടകംപള്ളി, കഴക്കൂട്ടം, നേമം, പാങ്ങപ്പാറ, തിരുവല്ലം, അവനവന്‍ഞ്ചേരി, വര്‍ക്കല, നെടുമങ്ങാട്, ചെറിയകൊല്ലയില്‍, നെയ്യാറ്റിന്‍കര, പെരുമ്പഴൂതൂര്‍, വില്ലേജ് ഓഫീസുകളിലും, ജില്ലാ കളക്ടറേറ്റിലും, തിരുവനന്തപുരം, ചിറയിന്‍കീഴ്, നെടുമങ്ങാട്, വര്‍ക്കല താലുക്ക് ഓഫീസുകളിലും ഫോര്‍ട്ട്, തൈക്കാട്, പേരൂര്‍ക്കട, ജനറല്‍ ആശുപത്രി, കണ്ണാശുപത്രി, പഞ്ചകര്‍മ്മ, ഹോമിയോ, ആയുര്‍വേദ ഹോസ്പിറ്റല്‍ പൂജപ്പുര, ആയുര്‍വേദ കോളേജ്, പാങ്ങപ്പാറ ഹെല്‍ത്ത് സെന്റര്‍, പൂന്തുറ എച്ച്.സി, പുലയനാര്‍കോട്ട, ശാന്തിവിള താലൂക്ക് ആശുപത്രി തുടങ്ങിയ ആശുപത്രികളിലും കൂപ്പണുകള്‍ വിതരണം ചെയ്യുന്നുണ്ട്.

അന്നം പുണ്യം പദ്ധതിയുടെ ബോര്‍ഡുകള്‍ കൂപ്പണ്‍ വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പോതുജനങ്ങള്‍ക്ക് വ്യക്തമാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിച്ചു വരുന്നതായി ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ എ.ഡി.എം ജോണ്‍ വി. സാമുവല്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.