ഒത്തുശ്രമിച്ചാല്‍ പാലുത്പാദനത്തില്‍ സംസ്ഥാനത്തിന് ഉടന്‍ സ്വയംപര്യാപ്തത കൈവരിക്കാനാവും: മുഖ്യമന്ത്രി

0

സര്‍ക്കാരും വകുപ്പും ക്ഷീരകര്‍ഷകരും ഒത്തുശ്രമിച്ചാല്‍ പാലുത്പാദനത്തില്‍ കേരളത്തിന് ഉടന്‍ സ്വയംപര്യാപ്തത കൈവരിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പാലുത്പാദനത്തില്‍ 17 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അതേസമയം മുട്ട, മാംസ ഉത്പാദനത്തില്‍ ഇനിയും ഏറെ മുന്നേറേണ്ടതുണ്ട്. ഇതിനാവശ്യമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. പ്രതിവര്‍ഷം 550 കോടി മുട്ടയാണ് സംസ്ഥാനത്തിനാവശ്യം. എന്നാല്‍ ഇവിടെ ഉത്പാദിപ്പിക്കുന്നത് 244 കോടി മുട്ടയാണ്. പ്രതിവര്‍ഷം 4.66 ലക്ഷം മെട്രിക് ടണ്ണാണ് സംസ്ഥാനത്തിന്റെ മാംസ്യോപഭോഗം. ഇതില്‍ ഭൂരിഭാഗവും സംസ്ഥാനത്തിന് പുറത്തു നിന്നാണ് വരുന്നത്. ജനങ്ങളുടെ പോഷകാഹാര വ്യവസ്ഥയെ ബാധിക്കുന്ന വിധത്തില്‍ കാലിക്കടത്ത് നിരോധനം പ്രതിസന്ധി സൃഷ്ടിച്ചു. സംസ്ഥാനത്തിന് ആവശ്യമായ ഇറച്ചിക്കോഴി ഇവിടെത്തന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. മുട്ട ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കൊല്ലം തോട്ടത്തറയിലും മലപ്പുറം ഇടവണ്ണയിലും നവീന ഹാച്ചറികള്‍ സ്ഥാപിക്കും. പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊല്ലം കുരിയോട്ടുമലയില്‍ ഹൈടെക് ഡെയറി ഫാം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മൃഗസംരക്ഷണ മേഖലയില്‍ കൂടുതല്‍ കേന്ദ്രഫണ്ട് ലഭ്യമാക്കുന്നതിനു വേണ്ട ശ്രമം സര്‍ക്കാര്‍ നടത്തുന്നു. കന്നുകാലികള്‍ക്ക് രാത്രികാലങ്ങളിലും വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് 85 ബ്‌ളോക്കുകളില്‍ നടപടിയായിട്ടുണ്ട്. ദാരിദ്ര്യനിര്‍മാജനത്തിനുള്ള ഉപാധി എന്ന നിലയില്‍ നിന്ന് ഭക്ഷ്യസുരക്ഷ, തൊഴില്‍, വരുമാനം എന്നിവ പ്രദാനം ചെയ്യുന്ന സംവിധാനമായി മൃഗസംരക്ഷണ മേഖല മാറിയതായി മുഖ്യമന്ത്രി പറഞ്ഞു. നിരവധി യുവാക്കള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. മൃഗസംരക്ഷണ മേഖലയിലെ എല്ലാ തൊഴില്‍ സംരംഭകര്‍ക്കും സര്‍ക്കാര്‍ ആവശ്യമായ പ്രോത്‌സാഹനം നല്‍കും. കശാപ്പ് നിരോധന ഉത്തരവ് മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരെ ബാധിച്ചിരുന്നതായി മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കുള്ള ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്തു. നാഷണല്‍ ലൈവ്‌സ്‌റ്റോക് എക്‌സ്‌പോ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനില്‍ എക്‌സ്., ഡയറക്ടര്‍ ഡോ. എന്‍. എന്‍. ശശി എന്നിവര്‍ സംസാരിച്ചു.