കന്നുകാലി വില്‍പന തടയാനുള്ള നീക്കം അംഗീകരിക്കില്ല: മന്ത്രി കെ.രാജു

0

ക്ഷീരകര്‍ഷകര്‍ക്ക് കന്നുകാലികളെ വില്‍ക്കുന്നതു തടയുന്ന ഒരു നീക്കത്തെയും അംഗീകരിക്കാനാവില്ലെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. ഏതു പ്രതിസന്ധിയുണ്ടായാലും ക്ഷീര കര്‍ഷകരെ സഹായിക്കുന്ന നടപടിയായിരിക്കും സര്‍ക്കാരിന്റെ പക്ഷത്തുനിന്നുണ്ടാവുകയെന്നും മന്ത്രി പറഞ്ഞു. ലോക ക്ഷീരദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കന്നുകാലിക്കശാപ്പ് നിരോധിച്ചിട്ടില്ലെന്ന് കോടതി പറയുന്നുണ്ടെങ്കിലും കന്നുകാലികളുടെ വില്‍പന നിരോധിച്ച നടപടി കര്‍ഷകരെ പ്രതികൂലമായി ബാധിക്കും. പലപ്പോഴും കശാപ്പിനായല്ല കര്‍ഷകര്‍ വളര്‍ത്തുമൃഗങ്ങളെ വില്‍പനയ്ക്കായി ചന്തയില്‍ കൊണ്ടുപോവുന്നത്. ബാങ്ക് ലോണ്‍ അടയ്ക്കാനാവാതെ ജപ്തി നേരിടുന്നവരും, രോഗം വന്ന് ചികിത്സയ്ക്ക് പണം തേടുന്നവരും, മകളുടെ കല്യാണത്തിന് പണം കണ്ടെത്താന്‍ ഓടിനടക്കുന്നവരുമൊക്കെയാണ് അത്യാവശ്യമായി വളര്‍ത്തുമൃഗങ്ങളെ വില്‍ക്കാനൊരുങ്ങുന്നത്. അത്തരം അടിയന്തര സാഹചര്യങ്ങളില്‍ പശുവിന്റെ ഐഡന്റിറ്റി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നയാള്‍ കര്‍ഷകനാണെന്ന റവന്യൂ രേഖയുമൊക്കെ ഹാജരാക്കണമെന്നു പറയുന്നതു കര്‍ഷകരെ കഷ്ടപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.