ആരോഗ്യനില പരിശോധിക്കാന്‍ 'ആഷ പ്ലസ്'

0

കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ സഹായിക്കുന്നതിനായി പ്രമുഖ കമ്പനിയായ ഇന്റല്‍ നിരവധി പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. പുത്തന്‍ വ്യവസായ സംരംഭകരുടെ വളര്‍ച്ചയ്ക്കായി ഇന്റല്‍ തുടങ്ങിയതാണ് ഇന്റല്‍ ഇന്ത്യ മേക്കര്‍ ലാബ്. ഇന്റര്‍നാഷണല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ഫെയറിലൂടെ (ഇന്റല്‍ ഐ എസ് ഇ എഫ്) യുവാക്കള്‍ക്കിടയില്‍ സംരഭകത്വത്തിന്റെ പുതിയ സംസ്‌കാരവും കാഴ്ചപ്പാടും വളര്‍ത്തുക എന്നതാണ് ഇന്റല്‍ ലക്ഷ്യമിടുന്നത്.

2015 ഏപ്രിലിലാണ് ഇന്റലും ഡി എസ് ടിയും ചേര്‍ന്ന് ഇന്നൊവേറ്റ് ഫോര്‍ ഡിജിറ്റല്‍ ഇന്ത്യ ചലഞ്ചിന് തുടക്കം കുറിച്ചത്. നിലവിലുള്ള സംരംഭകര്‍ക്കും തുടക്കക്കാര്‍ക്കും ലളിതമായ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവബോധം എങ്ങനെ വളര്‍ത്താം അല്ലെങ്കില്‍ ഇക്രാന്തി പോലുള്ള ഇഗവേണ്‍സ് സേവനങ്ങള്‍ വളരെ പെട്ടെന്ന് ലഭ്യമാക്കുക എന്നീ തരത്തിലുള്ള ആശയങ്ങള്‍ ജനങ്ങളില്‍ നിന്നും സ്വീകരിക്കുക എന്നതായിരുന്നു ഇന്നൊവേറ്റ് ഫോര്‍ ഡിജിറ്റല്‍ ഇന്ത്യ ചലഞ്ചിന്റെ പ്രധാന ഉദ്ദേശ്യം. പ്രതീക്ഷിച്ചതിലധികം ഈ ദൗത്യം വിജയകരമായി. 1,900 രജിസ്‌ട്രേഷന്‍ ഇന്ത്യയില്‍ നിന്നാകമാനം ലഭിച്ചു. ഇതില്‍ വിജയിച്ച 10 ടീമുകളെക്കുറിച്ചും അവരുടെ ആശയങ്ങളെക്കുറിച്ചും കഴിഞ്ഞ മാസം പ്രഖ്യാപനം നടത്തി.

അവസാന 10 ടീമുകളിലൊന്നായിരുന്നു ഗ്രീന്‍ ഓഷ്യന്‍ ലാബ്‌സിന്റെ ആഷ പ്ലസ്. കൈകൊണ്ട് പ്രവര്‍ത്തിപ്പിച്ച് ആരോഗ്യനില പരിശോധിക്കാന്‍ ഉപയോഗിക്കാവുന്ന ഒരു റിമോട്ട് ആയിരുന്നു അവരുടെ ആശയം. ഇതുപയോഗിച്ച് ശരീരത്തിലെ ചൂട്, രക്തസമ്മര്‍ദ്ദം, ഗ്ലൂക്കോസിന്റെ അളവ്, ഇസിജി തുടങ്ങിയവ പരിശോധിക്കാം. ഇതിലൂടെ ആയിരക്കണക്കിന് പേര്‍ക്ക് വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ അവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കാം. സ്മാര്‍ഫോണില്‍ കണക്ട് ചെയ്ത് സംസാരിക്കാന്‍ കഴിയുന്ന ബ്ലൂടൂത്ത് സംവിധാനവും ഇതിലുണ്ട്. വളരെ കുറഞ്ഞ നിരക്കാണ് ഇതിന്റെ വില.

ഇന്ത്യയില്‍ അടുത്ത കാലം വരെ രോഗങ്ങള്‍ വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ ആരും വേണ്ടത്ര ശ്രദ്ധ നല്‍കിയിരുന്നില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 60 ശതമാനം മരണനിരക്കും പകരാത്ത രോഗങ്ങള്‍ മൂലമാണ്. പ്രമേഹം, ഹൃദയാഘാതം ക്യാന്‍സര്‍ തുടങ്ങിയ രോഗബാധിതര്‍ ഇന്ത്യയില്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഓഷ്യന്‍ ലാബ്‌സിന്റെ അംഗങ്ങളടങ്ങളിയ ആഷ പ്ലസ് വളരെ എളുപ്പത്തില്‍ പ്രവര്‍ത്തിക്കാവുന്നതും രോഗങ്ങള്‍ വരാതെ തടയുന്നതിനും വേണ്ടിയുള്ള ഉപകരമാണ് ജനങ്ങള്‍ക്കു നല്‍കാന്‍ ശ്രമിക്കുന്നത്. സായ് റാം മാന്നാറും ഡോ.സായ് സംഗീതയും ചേര്‍ന്നാണ് ഗ്രീന്‍ ഓഷ്യന്‍ ലാബ്‌സ് തുടങ്ങിയത്.