ആറ് ഭൂഖണ്ഡങ്ങള്‍..200 രാജ്യങ്ങള്‍..5000 നഗരങ്ങള്‍..അജയ്യുടെയും ലൂസിയയുടെയും സംരംഭത്തിന് സുവര്‍ണ നേട്ടം

0


ഗോവയിലെ പെര്‍സിസ്റ്റന്റ് സിസ്റ്റംസ് ലിമിറ്റഡില്‍ ജോലി ചെയ്യുമ്പോഴാണ് മുപ്പത്തിയൊന്നുകാരനായ അജയ് നായയ്ക്കും മുപ്പത്തിമ്മൂന്നുകാരനായ ലൂസിയ മെസ്‌ക്വിറ്റയും പരസ്പരം ആദ്യമായി കണ്ടുമുട്ടുന്നത്. ഇരുവരും വര്‍ഷങ്ങളോളം ഒരുമിച്ചു ജോലി ചെയ്തു. ഈ സമയത്താണ് ഒരു വ്യവസായ സംരംഭകനാവുകയെന്ന അജയ്‌യുടെ മോഹത്തെക്കുറിച്ച് ലൂസിയ മനസ്സിലാക്കിയത്. ഇരുവരും തമ്മില്‍ ഇതിനെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് 2011 സെപ്റ്റംബര്‍ 29 ന് എല്‍ ആന്‍ഡ് എ ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചു.

2013 ലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കുന്നതിലേക്ക് കമ്പനി കൂടുതല്‍ ശ്രദ്ധ നല്‍കിത്തുടങ്ങിയത്. ഇന്നു നിലവില്‍ കമ്പനിയുടേതായി 12 ആപ്ലിക്കേഷനുകളുണ്ട്. ആറു ഭൂഖണ്ഡങ്ങളിലെ 200 രാജ്യങ്ങളിലെ 5000 നഗരങ്ങളില്‍ നിന്നുള്ള രണ്ടു ലക്ഷത്തിലധികം പേര്‍ ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു.

2015 ഫെബ്രുവരിയില്‍ ജര്‍മനിയില്‍ നിന്നുള്ള ഒരു സ്ഥാപനം ഒരു മില്യന്‍ യൂറോയ്ക്ക് കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ മൂന്നു വര്‍ഷത്തേക്ക് ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നിരുന്നു. പക്ഷേ കമ്പനിയുടെ പേര് ഏതാണെന്നു വെളിപ്പെടുത്താന്‍ ഇരുവരും തയാറായില്ല.

തങ്ങളുടെ വിജയത്തില്‍ അജയ്‌യും ലൂസിയയും എന്നിട്ടും സംതൃപ്തരായില്ല. അവര്‍ വീണ്ടും രണ്ടാമതൊരു പരീക്ഷണത്തിന് തുടക്കമിട്ടു. വീട്ടിലെ ഉപകരണങ്ങളെല്ലാം ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന പുതിയൊരു ആപ്ലിക്കേഷന്‍ ഉണ്ടാക്കി. ഇന്നു അവരുടെ പുതിയ ആപ്ലിക്കേഷനായ ഹോംഡ്രോയിഡ് ഉപയോഗിച്ച് വീട്ടിലെ ഒട്ടുമിക്ക ഉപകരണങ്ങളും നിയന്ത്രിക്കാന്‍ കഴിയും.

വീട്ടിലെ സ്വിച്ച്‌ബോര്‍ഡില്‍ ആദ്യം ഹാര്‍ഡ്!വെയര്‍ ഘടിപ്പിക്കുന്നു. അതിനുശേഷം ഉപഭോക്താവിന്റെ സ്മാര്‍ട്‌ഫോണിലെ ഹോംഡ്രോയിഡ് ആപ്പുമായി ഇതു കണക്ട് ചെയ്യുന്നു. ഇതിലൂടെ ഫോണ്‍ ഉപയോഗിച്ച് തന്നെ വീട്ടുപകരണങ്ങള്‍ നിയന്ത്രിക്കാം. ഉപകരണങ്ങള്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും കഴിയും. എത്ര സമയം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കണമെന്നും ആപ്പിലൂടെ തീരുമാനിക്കാം. ഓരോ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴും എത്ര വൈദ്യുതി ചെലവായെന്നും ഉപഭോക്താവിന് ഈ ആപ്ലിക്കേഷനിലൂടെ അറിയാന്‍ സാധിക്കും.

എസിയുടെ കൂളിങ് നിയന്ത്രിക്കുക, ഫാനിന്റെ വേഗത നിയന്ത്രിക്കുക, വൈദ്യുതി വിളക്കുകള്‍ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യുക തുടങ്ങിയവയൊക്കെ ചെയ്യാന്‍ ഹോംഡ്രോയിഡ് ആപ് സഹായിക്കുമെന്നു ലൂയിസ് പറയുന്നു.

നിലവില്‍ അഞ്ചു ബി2ബി വിതരണക്കാരില്‍ നിന്നും 2,655 ഓര്‍ഡറുകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. 30 കോടിയുടെ വരുമാനമാണ് ഈ ഓര്‍ഡറുകളിലൂടെ ലഭിക്കുകയെന്നും ഇരുവരും പറയുന്നു. അധികം വൈകാതെ തന്നെ ആപ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങും. 50 ശതമാനം പണം സാധനം നല്‍കിക്കഴിഞ്ഞാല്‍ ഉടന്‍ എല്‍ ആന്‍ഡ് എ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ലഭിക്കും. ബാക്കി 50 ശതമാനം ഉപഭോക്താക്കള്‍ക്ക് വിറ്റുകഴിഞ്ഞാല്‍ ലഭിക്കും.

ഒരു വര്‍ഷത്തെ വാറന്റിയാണ് സാധനത്തിന് നല്‍കുന്നത്. എന്നാല്‍ ആപ്ലിക്കേഷന്‍ ജീവിതകാലം മുഴുവന്‍ ഫ്രീയായി അപ്‌ഡേറ്റ് ചെയ്യാം. സ്വിച്ച്‌ബോര്‍ഡില്‍ സാധനം ഘടിപ്പിക്കാന്‍ വളരെ എളുപ്പമാണ്. നിലവില്‍ മുംബൈയില്‍ മാത്രമാണ് സാധനം വില്‍ക്കുന്നത്. ബെംഗളൂരുവില്‍ നിന്നും നിരവധി ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. മറ്റു മെട്രോ നഗരങ്ങളിലെ വിപണികളിലേക്കും സാധനം എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

വ്യവസായ സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമായ ആപ്ലിക്കേഷനുകളും വികസിപ്പിച്ചെടുക്കാന്‍ കമ്പനി പദ്ധതിയിടുന്നു. എന്നാല്‍ അതിനുള്ള ജോലികളൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല. ഇന്ത്യയില്‍ ഒരു ഗ്ലോബല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി രൂപീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ലൂസിയ പറയുന്നു.

ബിസിനസിന്റെ വളര്‍ച്ചയ്ക്കായി 6 കോടി രൂപയുടെ നിക്ഷേപം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇരുവരും. ഈ ഫണ്ട് ഉപോയഗിച്ച് കൂടുതല്‍ ജോലിക്കാരെ നിയമിക്കാനും പദ്ധതിയുണ്ട്. നിലവില്‍ 15 പേരടങ്ങിയതാണ് ഇവരുടെ ടീം.

കമ്പനിയുടെ അടുത്തഘട്ട വളര്‍ച്ച എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് ഇരുവരും വളരെ ആകാംക്ഷയിലാണ്. കമ്പനിയുടെ വളര്‍ച്ച എന്നെ ആവേശം കൊള്ളിക്കാറുണ്ട്. ഓരോ ദിവസവും ഇനിയും കൂടുതല്‍ വളര്‍ച്ച എങ്ങനെയുണ്ടാക്കാം എന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കാറുള്ളത്. 30,000 മുതല്‍മുടക്കിയാണ് കമ്പനി തുടങ്ങിയത്. ഇന്നു 30.3 കോടിയുടെ വരുമാനം കമ്പനിക്കുണ്ട്. 4.5 വര്‍ഷത്തിനിടയിലാണ് ഇതെല്ലാം സംഭവിച്ചതെന്നും ലൂയിസ് പറയുന്നു.