കശുഅണ്ടിയിലെ നയതന്ത്രം: കേരളം പ്രൊപ്പോസല്‍ സമര്‍പ്പിക്കും

0

കേരളത്തിലെ കശുഅണ്ടി വ്യവസായത്തെ സഹായിക്കാന്‍ പ്രത്യേക പ്രൊപ്പോസല്‍ തയ്യാറാക്കി നയതന്ത്ര പ്രതിനിധികള്‍ മുഖേന ആഫ്രിക്കന്‍ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം താജ് വിവാന്റയില്‍ നടന്ന കാഷ്യു കോണ്‍ക്ലേവില്‍ തീരുമാനം. കേരളത്തിന്റെ ആവശ്യങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ആഫ്രിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. 

കേരളം തോട്ടണ്ടി വാങ്ങുന്നതിന് പകരമായി ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വിളവുകൂടിയ കശുമാവു തൈകള്‍ വികസിപ്പിക്കുന്നതിനാവശ്യമായ സഹായവും മറ്റു സാങ്കേതിക സഹായങ്ങളും നല്‍കും. ഓരോ രാജ്യത്തിലും ഇതിനായി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ തയ്യാറാക്കും. 15 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കേരളത്തിന്റെ ഈ ഉദ്യമത്തിന് എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കി. സെനഗലിലെ കശുഅണ്ടി വ്യവസായത്തിന്റെ സാധ്യതകള്‍ സംബന്ധിച്ച് മലയാളത്തില്‍ പരിഭാഷപ്പെടുത്തിയ റിപ്പോര്‍ട്ടുമായാണ് അംബാസഡര്‍ എല്‍ ഹഡ്ജി ഇബോ ബോയെ എത്തിയത്. കശുഅണ്ടി വ്യവസായത്തില്‍ കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ അവതരിപ്പിച്ചു. കേരളത്തിലെ കശുഅണ്ടി വ്യവസായികള്‍, കാപ്പക്‌സ് പ്രതിനിധികള്‍, യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുമായും നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ഐവറി കോസ്റ്റ് അംബാസഡര്‍ സെയ്‌നി ടിമെലെ, നൈജീരിയ കൗണ്‍സലര്‍ ഒകേരെ സാമുവല്‍, ബെനിന്‍ ചാര്‍ജ് ഡി അഫയേഴ്‌സ് സാംവില്‍ ഡാന്‍ഡാഗ്വി, ഘാനയുടെ ചാര്‍ജ് ഡി അഫയേഴ്‌സ് എഡിസണ്‍ മെന്‍സാ, ബുര്‍കിനഫാസോയുടെ അംബാസഡര്‍ അമാഡോട്രാഓര്‍, സാമ്പത്തിക കൗണ്‍സലര്‍ ഇമ്മാനുവല്‍ ഒഡ്രാഗോ, സെനഗല്‍ അംബാസഡര്‍ എല്‍ ഹഡ്ജി ഇബോ ബോയെ, ഗ്യുനിയ കൗണ്‍സലര്‍ അബ്ദൗലയെ സോ, മാലി അംബാസഡര്‍ നിയാന്‍കൊറോ യെ സമാകെ, ടോഗോയുടെ ചാര്‍ജ് ഡി അഫയേഴസ് കന്‍യി ഗാലെ ലൊഗോസു ടെകോ, ഗാംബിയ ചാര്‍ജ് ഡി അഫയേഴ്‌സ് അലി ബാ, താന്‍സാനിയ ഹൈക്കമ്മീഷണറുടെ ചുമതലയുള്ള ലുവാണ്ട ബരാക, മൊസാംബിക് ഫസ്റ്റ് സെക്രട്ടറി അഗസ്‌റ്റോ അന്റോണിയോ ജെനെറോസ്, കെനിയ സാമ്പത്തിക കൗണ്‍സലര്‍ മെര്‍സലൈന്‍ ഒറിണ്ടി, ഗിനിയ ബിസാ ചെയര്‍മാന്‍ സുരീന്ദര്‍ മെഹ്ത, മഡഗാസ്‌കര്‍ ചാര്‍ജ് ഡി അഫയേഴ്‌സ് മാരി ലിയോന്റൈന്‍ റസാനദ്രസോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് കേരളത്തിലെത്തിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് സാമ്പത്തിക നയതന്ത്ര വിഭാഗം ജോ. സെക്രട്ടറി കെ. നാഗരാജു നായിഡു, ഡയറക്ടര്‍ പ്രിയ പി. നായര്‍, അണ്ടര്‍ സെക്രട്ടറി ആര്‍. കെ. സിന്‍ഹ, അസി. സെക്രട്ടറി ശ്രുതി പി, പീയൂഷ് സിംഗ്, സ്‌പെഷ്യല്‍ അസൈന്‍മെന്റ് സെക്രട്ടറി അമരേന്ദ്ര ഖട്ടുവ എന്നിവരെത്തി. രണ്ടു ദിവസത്തെ കോണ്‍ക്ലേവിന് കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ചുക്കാന്‍ പിടിച്ചത്. ചീഫ് സെക്രട്ടറി നളിനി നെറ്റോ, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. കെ. എം. എബ്രഹാം, ജെയിംസ് വര്‍ഗീസ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി. എസ്. സെന്തില്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന്‍, ഐ. ടി സെക്രട്ടറി എം. ശിവശങ്കര്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. എന്‍. സതീഷ് എന്നിവരാണ് മേല്‍നോട്ടം വഹിച്ചത്.