ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ശക്തമായ നിയമം വേണം: മന്ത്രി കെ കെ ശൈലജ

0

വരും തലമുറയിലെ കുഞ്ഞുങ്ങള്‍ക്കെങ്കിലും വൈകല്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അതിനുള്ള പദ്ധതികള്‍ക്ക് ഉപോദ്ബലകമായി നിയമത്തില്‍ ശക്തമായ ചട്ടങ്ങള്‍ രൂപപ്പെടുത്തിയെടുക്കണമെന്നും ആരോഗ്യ-സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വൈകല്യങ്ങള്‍ക്കു കാരണമായേക്കുമെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുള്ള ശൈശവ വിവാഹം, അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം തുടങ്ങിയ പ്രവണതകളെ നിരുത്സാഹപ്പെടുത്തേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. 

ഭിന്നശേഷിക്കാരുടെ അവകാശനിയമത്തിലെ ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നതു സംബന്ധിച്ച് സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തില്‍ പല കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോകുന്നവരെയും ക്ലേശപ്പെടുന്നവരെയും മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക മനുഷ്യസ്‌നേഹപരമായ കര്‍ത്തവ്യമാണ്. പരിഷ്‌കൃത സമൂഹത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ദുരിതങ്ങളനുഭവിക്കേണ്ടി വരരുത്. ശരിയായ ജനാധിപത്യം പൂര്‍ണമായും അവസരസമത്വമുള്ള അവസ്ഥയായിരിക്കണം. ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തെക്കുറിച്ച് അവര്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണുള്ളത്. ആ പ്രതീക്ഷകളോട് അടുത്തുനില്‍ക്കാന്‍ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി പറഞ്ഞു. സാമൂഹിക നീതി സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് നിയമത്തെ പരിചയപ്പെടുത്തി സംസാരിച്ചു. ആസൂത്രണ ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, സ്റ്റേറ്റ് ഡിസെബിലിറ്റി കമ്മീഷണര്‍ ഡോ. ഹരികുമാര്‍, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ, സാമൂഹിക സുരക്ഷിതത്വ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.