അനിത ഡോങ്‌ഗ്രേ;വേറിട്ട വഴിയില്‍ സഞ്ചരിച്ച ഡിസൈനര്‍

അനിത  ഡോങ്‌ഗ്രേ;വേറിട്ട വഴിയില്‍ സഞ്ചരിച്ച ഡിസൈനര്‍

Thursday November 26, 2015,

3 min Read

സ്ത്രീയെന്ന നിലയില്‍ ജീവിതം ആസ്വദിക്കുകയാണ് അന്‍പതുകാരിയായ അനിത ഡോങ്‌ഗ്രേ. സമൂഹത്തില്‍ സ്ത്രീകള്‍ പെരുമാറേണ്ട സ്ഥിരം ചട്ടവട്ടങ്ങളില്‍ നിന്നും വ്യതിചലിക്കാത്ത ഒരു പരമ്പരാഗത സിന്ധി കുടുംബത്തിലായിരുന്നു അനിത ജനിച്ചത്. അവരുടെ സഹോദരികളും, അമ്മായിമാരും മറ്റ് സ്ത്രീകളുമെല്ലാം ആ വലിയ കുടുംബത്തിലെ സന്തുഷ്ടരായ ഭാര്യമാരും അമ്മമാരുമായി കഴിഞ്ഞുകൂടി. എന്നാല്‍ ഈ കുടുംബത്തില്‍ പിറന്ന അനിതയുടെ ജീവിതം ഇതില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു.

image


അനിതയുടെ മുത്തച്ഛനും മുത്തശ്ശിയും ജയ്പൂര്‍ സ്വദേശികളായിരുന്നു. അവധിക്കാലത്ത് അവിടെയെത്തുമ്പോള്‍ തന്റെ സഹോദരങ്ങള്‍ക്ക് അവിടെയുള്ള നിയന്ത്രണങ്ങളെപ്പറ്റി അനിത കുട്ടിക്കാലത്തേ തന്നെ മനസിലാക്കി. അനിത ജനിക്കും മുമ്പേ തന്നെ അവളുടെ അച്ഛന്‍ മുംബയിലേക്ക് താമസം മാറ്റിയിരുന്നു. മുംബയ് വളരെ വ്യത്യസ്തമായ സ്ഥലമായിരുന്നു. അവിടെ സ്ത്രീകള്‍ക്ക് പറ്റിയ കരിയറുണ്ടായിരുന്നു, വനിതാ സംരംഭകരുണ്ടായിരുന്നു. എന്നാല്‍ അനിതയുടെ കുടുംബത്തില്‍ ഒരു വനിതാ സംരംഭക പോലും ഉണ്ടായിരുന്നില്ല. അന്‍പതോളം സ്ത്രീകളുണ്ടായിട്ടും അവരാരും തന്നെ എവിടെയും ജോലി ചെയ്തിരുന്നില്ല. അതിനാല്‍ തന്നെ അനിത തന്റെ പഠനവും ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കിയ ശേഷം ജോലിക്ക് കയറിയപ്പോള്‍ കുടുംബത്തിലുള്ളവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. പലരും അവളെ പാരമ്പര്യത്തിന്റെ കഥ പറഞ്ഞ് അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പോലും ശ്രമിച്ചു. ഒരു സ്ത്രീ ജോലി ചെയ്യുന്നു എന്നതിന്റെ അര്‍ത്ഥം അവളുടെ കുടുംബത്തിന് അവളെ സാമ്പത്തികമായി പരിപാലിക്കാനാകുന്നില്ല എന്നായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഇവയെല്ലാം വളരെ കാലങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം പോലെയാണ് തോന്നുന്നത്. ഇന്ന് രാജ്യത്ത് അറിയപ്പെടുന്നൊരു ഫാഷന്‍ ഡിസൈനറാണ് അനിത. അറിയപ്പെടുന്ന നിരവധി പേര്‍ക്ക് വേണ്ടി അവര്‍ വസ്ത്രാലങ്കാരം നടത്തിയിട്ടുണ്ട്. അവരുടെ സംരംഭക യാത്രയെപ്പറ്റിയാണ് ഈ കഥ.

തന്റെ കുടുംബത്തില്‍ നിന്നും പ്രാരംഭത്തില്‍ ഉണ്ടായ എതിര്‍പ്പുകള്‍ വളരെ എളുപ്പത്തില്‍ തന്നെ തരണം ചെയ്യാന്‍ അനിതയ്ക്ക് സാധിച്ചു. വളരെ ചെറിയ പ്രായത്തില്‍ തന്നെ അനിതയ്ക്ക് ഫാഷന്‍ രംഗത്തോട് താല്‍പര്യം ഉണ്ടായിരുന്നു. തന്റെ വീട്ടിലെ സ്ത്രീകള്‍ ഫാബ്രിക് ഉപയോഗിച്ച് ഭംഗിയുള്ള പല സാധനങ്ങളും തയ്യാറാക്കുന്നത് അനിത ശ്രദ്ധിച്ചിരുന്നു. അനിതയുടെ അമ്മ പുഷ്പ സോലാനി തുന്നലില്‍ നിപുണയായിരുന്നു. ചെറുപ്പത്തില്‍ അനിതയ്ക്കും സഹോദരങ്ങള്‍ക്കുമുള്ള വസ്ത്രങ്ങള്‍ പുഷ്പ തുന്നിക്കൊടുക്കാറുണ്ടായിരുന്നു.

തുടര്‍ന്ന് മുംബയിലെ എസ്.എന്‍.ഡി.ടി യൂണിവേഴ്‌സിറ്റിയില്‍ നിന്നും അനിത ഫാഷന്‍ രംഗത്ത് ഡിഗ്രി കരസ്ഥമാക്കി. അവളോടൊപ്പം എന്‍.എം കോളേജില്‍ കൊമേഴ്‌സ് പഠിച്ച സഹപാഠികളില്‍ പലരും ചാര്‍ട്ടേഡ് അക്കൗണ്ടന്മാരായി. എന്നാല്‍ ആ മേഖല വളരെ ബോറാണെന്നായിരുന്നു അനിതയുടെ പക്ഷം. അവള്‍ക്ക് എപ്പോഴും ആഗ്രഹം ഫാഷന്‍ രംഗം മാത്രമായിരുന്നു.

ഇളയ സഹോദരിയോടൊപ്പം 300 സ്വകര്‍ ഫീറ്റില്‍ ചെറിയ രീതിയിലാണ് അനിത തന്റെ ബിസിനസ് ആരംഭിച്ചത്.കുറച്ച് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അവളുടെ ഇളയ സഹോദരനും ബിസിനസില്‍ ചേര്‍ന്നു. ബിസിനസ് തുടങ്ങിയ ആദ്യ വര്‍ഷങ്ങള്‍ വളരെ ബുദ്ധിമുട്ടായിരുന്നു. സ്ഥിരമായൊരു ജോലി സ്ഥലമില്ലാത്തതിനാല്‍ അവര്‍ക്ക് പല സ്ഥലങ്ങളിലേക്കും മാറേണ്ടതായി വന്നു. കഷ്ടപ്പാടുകള്‍ കാരണം ബിസിനസ് നിര്‍ത്തിയാലോ എന്ന് പല തവണ അവള്‍ ആലോലിച്ചു, എന്നാല്‍ അത്തരം ആലോചനകള്‍ നിമിഷ നേരമേ നിലനിന്നുള്ളൂ. രാവിലെ ഉറക്കമുണരുമ്പോള്‍ എത്ര കഷ്ടപ്പാടായാലും താന്‍ ബിസിനസുമായി മുന്നോട്ട് പോകുമെന്ന് അവള്‍ ഉറപ്പിക്കും. വാടക കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ ഭൂവുടമ പല തവണ അവരെ അവിടെ നിന്നും ഇറക്കിവിട്ടിട്ടുണ്ട്.

ആദ്യ വര്‍ഷങ്ങളില്‍ പണമില്ലാത്തതായിരുന്നു തങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നമെന്ന് അനിത പറയുന്നു. എന്നാല്‍ പിന്നീട് അവ ശരിയായി. ഒരു സംരംഭകനെ സംബന്ധിച്ച് എല്ലാ ദിവസവും വെല്ലുവിളിയാണെന്നാണ് താന്‍ കരുതുന്നത്. എല്ലാ ദിവസവും ഓരോ പുതിയ വെല്ലുവിളികള്‍ മുന്നോട്ട് വരും. ഇന്ന് താന്‍ ഈ നിലയില്‍ നില്‍ക്കുമ്പോഴും വെല്ലുവിളികളെ നേരിടുന്നുണ്ടെന്നും എന്നാല്‍ അവയെ നേരിടാന്‍ താനിപ്പോള്‍ പഠിച്ചു കഴിഞ്ഞെന്നും അവര്‍ വ്യക്തമാക്കി.

തന്റെ ബിസിനസില്‍ ഏറെ ശ്രദ്ധാലുവാണ് അനിത. ഇന്ന് അവളുടെ കമ്പനിയായ ആന്‍ഡ് ഡിസൈന്‍സ് ഇന്ത്യ ലിമിറ്റഡിന് (അഡില്‍) കീഴില്‍ നാല് ലേബലുകളാണുള്ളത്. 1999ലാണ് ആന്‍ഡ് സ്ഥാപിക്കുന്നത്. പാശ്ചാത്യ വേഷങ്ങളാണ് ഇവിടെ വില്‍ക്കുന്നത്. തുടര്‍ന്ന് 2007ല്‍ എത്തിനിക് വെയറുകള്‍ വില്‍ക്കുന്ന ഗ്ലോബല്‍ ദേശി ആരംഭിച്ചു.

തന്റെ മനസ് പറയുന്നത് കേട്ട് മുന്നോട്ട് പോകുന്നതാണ് തന്റെ വികസനത്തിന് കാരണമെന്നാണ് അനിത പറയുന്നത്. 14-15 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതികള്‍ക്ക് സൗകര്യപ്രദവും അനുയോജ്യവുമായ പാശ്ചാത്യ വസ്ത്രങ്ങള്‍ അനിത ഡിസൈന്‍ ചെയ്തിരുന്നു. എന്നാല്‍ അവ ഏറ്റെടുക്കാന്‍ പല കടകളും തയ്യാറായില്ല. അതോടെ കുപിതയായ അനിത സ്വന്തമായി ഒരു ബ്രാന്‍ഡ് ഉണ്ടാക്കി അതുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് അനിത ഡോങ്‌ഗ്രേ ഡിസൈന്‍സ് ആരംഭിക്കുന്നത്.

താന്‍ വിപണിയെപ്പറ്റി ഗവേഷണം നടത്താറില്ലെന്ന് അനിത വെളിപ്പെടുത്തി. വളരെ പെട്ടെന്നാണ് താന്‍ പല തീരുമാനങ്ങളും എടുക്കാറുള്ളത്. സംരംഭകത്വത്തിലെ ബിസിനസില്‍ തനിക്ക് അത്രയ്ക്ക് താല്‍പര്യമൊന്നുമില്ലെന്നും എല്ലായ്‌പ്പോഴും ഡിസൈന്‍ ചെയ്തുകൊണ്ടിരിക്കണമെന്നു മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അനിത പറഞ്ഞു.

ഇന്ന് ആന്‍ഡിന് 41 എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളാണുള്ളത്. ഇരുനൂറോളം മള്‍ട്ടി ബ്രാന്‍ഡ് ലൈഫ്‌സ്‌റ്റൈല്‍ ഐറ്റങ്ങളും ഇവിടെ ലഭ്യമാണ്. ഗ്ലോബല്‍ ദേശിക്ക് 54 ഔട്ട്‌ലെറ്റുകളുണ്ട്. ഇവരുടെ മൗറീഷ്യസിലെ ആദ്യ സ്‌റ്റോര്‍ ഈ വര്‍ഷം ആരംഭിച്ചു. രാജ്യത്താകമാനം 104 സ്‌റ്റോറുകളാണ് അനിതയുടെ ബ്രാന്‍ഡിനുള്ളത്. അടുത്തിടെ നവി മുംബയിലെ റാബലേയില്‍ 180,000 ചതുരശ്ര അടിയിലുള്ള സ്ഥലം വാങ്ങിയ അനിതയുടെ കമ്പനി അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പദ്ധതിയിലാണ്.

image


തന്റെ കുടുംബത്തിന് ജീവിതത്തില്‍ വളരെ പ്രാധാന്യം കൊടുക്കുന്ന വ്യക്തി കൂടിയാണ് അനിത. അവരാണ് ബിസിനസിലും പുറത്തും തന്റെ ശക്തിയെന്ന് അനിത വ്യക്തമാക്കുന്നു. ബിസിനസ് തുടങ്ങാനുള്ള മൂലധനം അനിതയ്ക്ക് നല്‍കിയത് അവളുടെ അച്ഛനായിരുന്നു. അദ്ദേഹമാണ് തങ്ങളെ പണത്തെ ബഹുമാനിക്കാന്‍ പഠിപ്പിച്ചതെന്ന് അനിത പറയുന്നു.

ജീവിതത്തില്‍ തനിക്കിനിയും പല കാര്യംങ്ങളും ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ് അനിത പറയുന്നത്. അവയെല്ലാം നടപ്പിലാക്കാന്‍ ഈ ജന്മം പോരാ. തന്നാല്‍ സാധിക്കുന്ന അത്രയും കാലം വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യണമെന്നാണ് അനിതയുടെ ആഗ്രഹം. ധാരാളം ജനങ്ങള്‍ക്ക് ഫാഷന്‍ നല്‍കാനും അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വസ്ത്രം കൊടുക്കാനും സാധിച്ചത് ഒരു അനുഗ്രഹമായി കാണുന്നു. അവസാനം വരെയും താനിതുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നു.

എപ്പോഴും സന്തോഷമായിരിക്കുക, അത് നിലനിര്‍ത്തുക, നിങ്ങള്‍ ചെയ്യുന്നതില്‍ അഭിമാനം കൊള്ളുക എന്നിവയാണ് സംരംഭകരാകാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ക്ക് നല്‍കാനുള്ള അനിതയുടെ ഉപദേശം.