കാര്‍ഷിക ബിസിനസ് സംരംഭകര്‍ക്ക് സംരംഭക മൂലധനം

0

സംസ്ഥാനത്തെ കാര്‍ഷിക ബിസിനസ് സംരംഭകര്‍ക്ക് സ്‌മോള്‍ ഫാര്‍മര്‍ അഗ്രി-ബിസിനസ് കണ്‍സോര്‍ഷ്യം(എസ് എഫ് സി) സംരംഭക മൂലധനം ലഭ്യമാക്കും. അഗ്രി ബിസിനസ് പ്രോജക്ടുകള്‍ തുടങ്ങാനുള്ള മൂലധനവും പ്രോജക്ട് ഡെവലപ്‌മെന്റ് സൗകര്യങ്ങളും ലഭ്യമാക്കും. ഉല്‍പാദകന്‍, ഉല്‍പാദനഗ്രൂപ്പ്, സംഘടനകള്‍, കാര്‍ഷിക കയറഅറുമതി മേഖലയിലെ യൂനിറ്റുകള്‍, ഫലപ്രദമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന കാര്‍ഷിക ബിരുദധാരികള്‍ എന്നിവര്‍ക്കെല്ലാം സാമ്പത്തികസഹായം ലഭ്യമാക്കും.

വെന്‍ച്വര്‍ ക്യാപിറ്റല്‍ അസിസ്റ്റന്‍സ് പദ്ധതികളെപ്പറ്റി എസ് എഫ് എ സി സംസ്ഥാന വ്യാപകമായി ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് എസ് എഫ് എ സി പരിപാടികള്‍ സംഘടിപ്പിച്ചത്.

കേരളത്തില്‍ നടന്ന ക്യാമ്പുകളില്‍ കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഫിഷറീസ്, ഫോറസ്റ്റ് വകുപ്പുകള്‍, എന്‍ ജി ഒ, എസ് എച്ച് ഐ, കൃഷി സംരംഭകര്‍, ബാങ്കുകള്‍, നബാര്‍ഡ്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ പങ്കെടുത്തു.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് വെന്‍ച്വര്‍ ക്യാപിറ്റല്‍, വായ്പ, പ്രവര്‍ത്തനമൂലധനം, മറ്റ് ധനസഹായങ്ങള്‍ എന്നിവ അഗ്രി ബിസിനസ് അപേക്ഷകര്‍ക്ക് ഒരു ഏകജാലക സംവിധാനത്തിലൂടെ എസ് എഫ് എ സി ലഭ്യമാക്കും.

പ്രോജക്ടുകള്‍ കൃഷിയോ കൃഷിയുമായി ബന്ധപ്പെട്ടതോ ആയിരിക്കണം. ഹോര്‍ട്ടികള്‍ച്ചര്‍, ഫ്‌ളോറി കള്‍ച്ചര്‍, ഔഷധ-അരോമാറ്റിക് ചെടികള്‍, മൈനര്‍ ഫോറസ്റ്റ് ഉല്‍പന്നങ്ങള്‍, ആപികള്‍ച്ചര്‍, ഫിഷറീസ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഡയറി-പൗള്‍ട്രി പ്രോജക്ടുകള്‍ ഉള്‍പ്പെടില്ല. ബാങ്കുകളുടെ സഹായത്തോടെ അഗ്രി ബിസിനസ് സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് ലക്ഷ്യമെന്ന് എസ് എഫ് എ സി ചെയര്‍മാന്‍ പ്രവേഷ് ശര്‍മ പറഞ്ഞു.