മെഡിക്കല്‍ കോളേജില്‍ ന്യൂറോകോണ്‍ 2017 ദ്വിദിന ശില്‍പശാല

0

സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനിയും തിരുവനന്തപുരം നഴ്‌സിംഗ് വിഭാഗവും സംയുക്തമായി മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ 'ന്യൂറോകോണ്‍ 2017' ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു. ന്യൂറോകെയറിന്റെ അതിനൂതന സാങ്കേതിക വിദ്യകളും അറിവും സംയോജിപ്പിച്ച് രോഗീപരിചരണത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയാണ് നഴ്‌സുമാര്‍ക്ക് ആദ്യമായി ഇത്തരമൊരു ശില്‍പശാല സംഘടിപ്പിച്ചത്.

ന്യൂറോ കെയറിന്റെ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസെടുക്കുകയും അതിന്റെ പ്രായോഗിക വശങ്ങളില്‍ പരിശീലനം നല്‍കുകയും ചെയ്തു. ഗവേഷണത്തിലൂന്നിയ രോഗീ പരിചരണത്തിന്റെ ആവശ്യകതയും അതിന്റെ പ്രാധാന്യവും, അതി നൂതനമായ എം നഴ്‌സിംഗ്, റോബോട്ടിക് നഴ്‌സിംഗ്, ഇ-നഴ്‌സിംഗ്, ആശുപത്രികളില്‍ നഴ്‌സിംഗ് ക്ലിനിക്കുകള്‍ തുടങ്ങുക, റിഹാബിലിറ്റേഷന്‍ തലത്തില്‍ പ്ലേ തെറാപ്പി, മ്യൂസിക് തെറാപ്പി, മൊബൈല്‍ ആപ്പ് എന്നിവയുടെ സഹായത്തോടെ രോഗീപരിചരണം എങ്ങനെ സാധ്യമാകും എന്നിവ ചര്‍ച്ചയായി.

വെന്റിലേറ്ററിലുള്ള രോഗികള്‍ക്കാവശ്യമായ പ്രത്യേക പരിചരണത്തപ്പറ്റിയും മസ്തിഷ്‌ക്കത്തിനുള്ളിലെ പ്രഷര്‍ അളക്കുന്നതിനുള്ള ആധുനിക സാങ്കേതികവിദ്യയെപ്പറ്റിയും പ്രഗത്ഭരായ ഡോക്ടര്‍മാര്‍ ക്ലാസെടുത്തു. മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി ശില്‍പശാല ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജോബിജോണ്‍, കെ.എന്‍.ഒ.എസ്. നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, നഴ്‌സിംഗ് ഓഫീസര്‍ ഉഷാവതി, നഴ്‌സിംഗ് സൂപ്രണ്ട് ഉദയറാണി, ശില്‍പശാല കോ-ഓര്‍ഡിനേറ്റര്‍ ഗിരിജ പി. എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ വിവിധ ആശുപത്രികളില്‍ നിന്നായി ഇരുന്നൂറോളം നഴ്‌സുമാരും നഴ്‌സിംഗ് അധ്യാപകരും പി.ജി. വിദ്യാര്‍ത്ഥികളും ശില്‍പശാലയില്‍ പങ്കെടുത്തു.