ഒരു മാസം കൊണ്ട് ഒരു ലക്ഷം ഡൗണ്‍ലോഡുകള്‍ നേടിയെടുത്ത സംരംഭം

0


ഓണ്‍ലൈന്‍ ഷോപ്പിംഗിന് ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാം, എന്നാല്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ കിട്ടാന്‍ ദിവസങ്ങളെടുക്കുന്നതുകൊണ്ടു തന്നെ പലപ്പോഴും നാം ഇതില്‍നിന്ന് പിന്തിരിയുകയാണ്. എന്നാല്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ അന്നു തന്നെ കിട്ടിയാലോ? അതെ, ആര്‍ഡര്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സാധനങ്ങള്‍ ആവശ്യക്കാരുടെ കൈകളിലെത്തിക്കുകയാണ് ഫൈന്‍ഡ്. ഓണ്‍ലൈനില്‍ മാത്രമല്ല ഓഫ്‌ലൈനിലും കൂടിയാണ് ഫൈന്‍ഡിന്റെ പ്രവര്‍ത്തനം.

പ്ലേസ്റ്റോറില്‍ ഫൈന്‍ഡ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഫെന്‍ഡിന്റെ സേവനം ലഭ്യമാകുന്ന ഏറ്റവും അടുത്തുള്ള ഷോപ്പുകളെ കുറിച്ച് വിവരം ലഭിക്കും. ഓണ്‍ലൈന്‍ വഴി തന്നെ ഇവിടെ നിന്ന് ലഭ്യമാകുന്ന ഫൈന്‍ഡിന്റെ ബ്രാന്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് കണ്ടെത്താം. ഓര്‍ഡര്‍ ബുക്ക് ചെയ്താല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സാധനങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭിക്കും.

വസ്ത്ര വിപണിയാണ് ഫൈന്‍ഡ് പ്രധാനമായും ലക്ഷ്യമിടുന്നത്. മുംബൈയില്‍ നിന്നുള്ള ഈ സംരംഭം ഒരു മാസംകൊണ്ട് ഒരു ലക്ഷം ഡൗണ്‍ലോഡുകളാണുണ്ടാക്കിയത്. കാര്യങ്ങള്‍ പഠിക്കുകയും കണ്ടുപിടിക്കുകയും നടപ്പാക്കുകയുമാണ് ഒരു സംരഭകന് ഉണ്ടാകേണ്ട അടിസ്ഥാന ഗുണങ്ങളെന്നാണ് ഫൈന്‍ഡിന്റെ സ്ഥാപകരായ ഫാറൂഖ് ആദം(32), ഹര്‍ഷ് ഷാ(27), എം ജി ശ്രീരാമന്‍(28) എന്നിവര്‍ക്ക് പറയാനുള്ളത്.

ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തില്‍നിന്നാണ് സംരംഭത്തിന് എത്രത്തോളം മാര്‍ക്കറ്റിംഗ് ഉണ്ടെന്ന് കണക്കാക്കിയിരുന്നതെന്ന് ഹര്‍ഷ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തോടെ ആപ്ലിക്കേഷന് പതിനായിരം ഡൗണ്‍ലോഡുണ്ടായി. ജനുവരി മാസത്തോടെ കൂടുതല്‍ പ്രൊമോഷണല്‍ ജോലികള്‍ ഏറ്റെടുക്കാന്‍ തുടങ്ങി. ഇന്ന് ഫൈന്‍ഡിന് പ്ലേ സ്റ്റോറില്‍ 97000 ഡൗണ്‍ലോഡുകളുണ്ട്.

മാര്‍ക്കറ്റില്‍ നിലവിലുള്ള മറ്റ് സംരങ്ങളേക്കാള്‍ ഫൈന്‍ഡിന് നിരവധി വ്യത്യാസങ്ങളുണ്ട്. ഓഫ്‌ലൈന്‍ സ്റ്റോറുകളെയും ഓണ്‍ലൈന്‍ സ്‌റ്റോറുകളെയും ഒരുപോലെ സഹായിക്കുകയാണ് ഫൈന്‍ഡ്. ഓരോ ബ്രാന്‍ഡുകളും തങ്ങളുടെ ഏറ്റവും പുതിയ ഫാഷനുകളാണ് ജനങ്ങളിലെത്തിക്കുന്നത്. കൂടുതല്‍ പേരെ ഓണ്‍ലൈന്‍ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി ഡിസ്‌കൗണ്ടുകളും നല്‍കുന്നു. എന്നാല്‍ നിങ്ങളുടെ ചുറ്റുപാടുമുള്ള ഓഫ് ലൈന്‍ ബ്രാന്‍ഡ് സ്റ്റോറുകളില്‍ തന്നെ ഏറ്റവും പുതിയ ഫാഷന്‍ ഡിസ്‌കൗണ്ടില്‍ തിരഞ്ഞെടുക്കുന്നതിന് അവസരമൊരുക്കുകയാണ് ഫൈന്‍ഡ്.

ഓണ്‍ലൈനുകളില്‍ സാധനം കിട്ടുന്നതിന് ദിവസങ്ങളെടുക്കുമ്പോള്‍ വെറും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സാധനം കിട്ടാന്‍ സേവനമൊരുക്കുകയാണ് ഫൈന്‍ഡ്. മാത്രമല്ല അനുയോജ്യമായ അളവിലുള്ളത് തിരഞ്ഞെടുക്കാനായി ഫൈന്‍ഡ് എ ഫിറ്റ് അവസരവുമൊരുക്കുന്നുണ്ട്. മീഡിയം, ലാര്‍ജ് എന്നിങ്ങനെ അനുയോജ്യമായ അളവിലുള്ളവ തിരഞ്ഞെടുക്കാം. ഡെലിവറിയില്‍ ഓരോരുത്തരും തിരഞ്ഞെടുക്കുന്ന അളവിന്റെ തൊട്ടടുത്ത അളവിലുള്ള വസ്ത്രം കൂടി ഉള്‍പ്പെടുത്തിയിരിക്കും. രണ്ടും പരീക്ഷിച്ച് നോക്കിയ ശേഷം ഏതാണ് അനുയോജ്യമെന്ന് തിരഞ്ഞെടുത്ത് വാങ്ങാവുന്നതാണ്. അതിനാല്‍ തന്നെ തിരഞ്ഞെടുക്കുന്ന സാധനത്തിന്റെ അളവ് കൃത്യമല്ലെന്നതിനാല്‍ നിരാശരാകേണ്ട അവസ്ഥയുണ്ടാകില്ല.

ഇ-കൊമേഴ്‌സിന്റെ അടിസ്്ഥാന തത്വങ്ങള്‍ ഒന്നുതന്നെയാണെന്ന് ഹര്‍ഷ് പറയുന്നു. ഡിസ്‌കൗണ്ട് തന്നെയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകം. ഓണ്‍ലൈന്‍ ഡിസ്‌കൗണ്ടുകള്‍ ഒരു വലിയ കാര്യമാണെങ്കില്‍ എന്തുകൊണ്ടാണ് നഗരവാസികളില്‍ 90 തമാനവും ഇപ്പോഴും ഓഫ് ലൈന്‍ സ്റ്റോറുകള്‍ തന്നെ തിരഞ്ഞെടുക്കുന്നതെന്ന് ഹര്‍ഷ് ചോദിക്കുന്നു.

വില്‍പന പോലെ തന്നെ ബ്രാന്‍ഡുകള്‍ക്ക് ഫാഷന്‍ പ്രധാനമാണെന്ന് ഹര്‍ഷ് പറയുന്നു. ഗ്വാഹട്ടി പോലുള്ളയിടങ്ങളില്‍ ഫൈന്‍ഡിന് പാര്‍ട്‌നര്‍ സ്റ്റോറുകളുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ കീ ക്യാപിറ്റല്‍, കുനല്‍ ബാല്‍, രോഹിത് ബന്‍സാല്‍ എന്നിവരില്‍ നിന്ന് സഹായം ലഭിച്ചിരുന്നു.

ഇന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളിലായി 12000 സ്‌റ്റോറുകളും 103 ബ്രാന്‍ഡുകളും ഫൈന്‍ഡിനുണ്ട്. 80-100 ട്രാന്‍സാക്ഷന്‍ വരെ ഫൈന്‍ഡിന് ദിവസവും നടക്കുന്നുണ്ട്. ആഴ്ചതോറും മാര്‍ക്കറ്റിംഗില്‍ 30 ശതമാനത്തിന്റെ വര്‍ധനവാണുണ്ടാകുന്നത്.

തങ്ങള്‍ക്ക് ലഭിക്കുന്ന ഓര്‍ഡറുകളുടെ 65-70 ശതമാനവും സ്ഥിര ഉപഭോക്താക്കളാണ്. പുരുഷന്മാരുടെ ടീ ഷര്‍ട്ടുകളും സ്ത്രീകള്‍ക്കുള്ള ടോപ്പുകളുമാണ് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇനം. നൈക്, ബിയിംഗ് ഹ്യൂമന്‍, ഫാബ് ഇന്‍ഡ്യ എന്നിവയാണ് ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കപ്പെടുന്ന ബ്രാന്‍ഡുകള്‍.

വില്‍പന വര്‍ധിപ്പിക്കുന്നതിനായി ബ്രാന്‍ഡ് ഡേയ്‌സ് പോലുള്ള സ്ഥാപനങ്ങളുമായി ക്യാമ്പയിന്‍ പാര്‍ട്‌നര്‍ഷിപ്പ് നടത്തുന്നുണ്ട്. ഓരോ ട്രാന്‍സാക്ഷനും അതത് ബ്രാന്‍ഡില്‍നിന്ന് 20 ശതമാനം കമ്മീഷന്‍ വാങ്ങുന്നുണ്ട്. ഇതാണ് തങ്ങളുടെ വരുമാനത്തിന്റെ പ്രധാന ഘടകം. ഉടന്‍ തന്നെ തങ്ങളുടെ പ്രവര്‍ത്തനം ബംഗലൂരുവിലേക്കും ഡല്‍ഹിയിലേക്കും പൂനെയിലേക്കും വ്യാപിപ്പിക്കാനും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്.

സ്‌നാപ് ഡീല്‍ തങ്ങളുടെ ബിസിനസ് ശക്തിപ്പെടുത്തുന്നതിനായി എക്‌സ്‌ക്ലൂസീവ്‌ലി ഡോട്ട് കോമിനെ കൂടി ചേര്‍ക്കുകയാണ്. ആമസോണ്‍ കൂടുതല്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നു. മൈന്ത്ര, ജബോങ് എന്നിവയും ബിസിനസ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇങ്ങനെ ശക്തമായ ബ്രാന്‍ഡുകള്‍ നിലവിലുള്ളപ്പോഴാണ് തങ്ങള്‍ ബുക്ക് ചെയ്യുന്ന അന്നു തന്നെ ഡിസ്‌കൗണ്ടോടെ ഡെലിവറി നല്‍കുന്നത്- ഹര്‍ഷ് പറയുന്നു.