ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

0

ടൂറിസം കേന്ദ്രങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വേകി സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുളള ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടങ്ങി. ടൂറിസം ഡെസ്റ്റിനേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും സുസ്ഥിര പരിപാലനം ഉറപ്പ് വരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കും. സംസ്ഥാന സര്‍ക്കാറിന്റെ വിനോദ സഞ്ചാര നയത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി ജില്ലയില്‍ വിലങ്ങന്‍കുന്ന്, പീച്ചി, വാഴാനി, പൂമല, സ്‌നേഹതീരം ബീച്ച്, തുമ്പൂര്‍മുഴി റിവര്‍ ഗാര്‍ഡന്‍, അതിരപ്പിളളി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക.

വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താനുതകുംവിധം അടിസ്ഥാന സൗകര്യവികസനം, വൃത്തിയുളള ടോയ്‌ലറ്റുകള്‍, ഗുണനിലവാരമുളള ഭക്ഷണം, ശുചിത്വം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, നടപ്പാത തുടങ്ങിയവ ഉറപ്പ് വരുത്തുകയും ചെയ്യുക, സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, സ്‌കൂള്‍, കോളജ്, എന്‍.എസ്.എസ്. യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരത്തോടെയാണ് നടപ്പിലാക്കുക. ഭിന്നശേഷിയുളളവര്‍ക്കുളള സൗകര്യങ്ങള്‍, സൂചനാ ബോര്‍ഡുകള്‍, ടൂറിസം കേന്ദ്രങ്ങളെപ്പറ്റിയുളള വിവരങ്ങള്‍ നല്‍കുന്നതിനുളള സൗകര്യങ്ങള്‍ എന്നിവയും ഗ്രീന്‍ കാര്‍പ്പറ്റിന്റെ ഭാഗമായി ഒരുക്കും.

ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, ഹോട്ടല്‍ ജീവനക്കാര്‍ തുടങ്ങി വിനോദ സഞ്ചാരികളുമായി ബന്ധപ്പെടുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ടൂറിസം കേന്ദ്രങ്ങളിലെ തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, ഇറിഗേഷന്‍, കെ.എസ്.ഇ.ബി., ഫോറസ്റ്റ്, പോലീസ്, കുടുംബശ്രീ, സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍, ടൂറിസം സെക്ടറുകളില്‍ നിന്നുളളവര്‍ ഉള്‍ക്കൊളളുന്ന ടാക്‌സ് ഫോഴ്‌സിന്റെയും മോണിറ്ററിംഗ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഗ്രീന്‍ കാര്‍പ്പറ്റ് നടപ്പിലാക്കുക. അതത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിലുളള ടാസ്‌ക് ഫോഴ്‌സ് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തും. ഒപ്പം ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊളളുന്ന ജില്ലാതലത്തിലുളള മോണിറ്ററിങ്ങ് കമ്മിറ്റിയും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രൂപീകരിക്കും.

ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനമെന്ന നിലയ്ക്ക് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ ജനപങ്കാളിത്തത്തോടെ വൃത്തിയാക്കും. ക്ലീന്‍ ഡെസ്റ്റിഷേന്‍ കാംപയിനിന്റെ ജില്ലാതല ഉദ്ഘാടനം ഒക്‌ടോബര്‍ ഒന്നിന് തുമ്പൂര്‍മുഴിയില്‍ ബി.ഡി. ദേവസ്സി എം.എല്‍.എ. നിര്‍വ്വഹിക്കും. ജില്ലയിലെ മറ്റ് ഡെസ്റ്റിനേഷനുകളിലും തുടര്‍ന്നുളള ദിവസങ്ങളില്‍ ശുചീകരിക്കും. ജില്ലയിലെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലും ഗ്രീന്‍ കാര്‍പ്പറ്റ് അഥവാ പച്ചപ്പരവതാനി ഒരുക്കുന്നതിനുളള പദ്ധതികള്‍ ടൂറിസം ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതായി ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.